‘റിഫോം യുകെ‘ പാർട്ടിയുടെ ചെയർമാൻ പദവിയിൽ നിന്നും സിയ യൂസഫ് രാജിവച്ചു

Mail This Article
ലണ്ടൻ ∙ യുകെയില്‍ വലത് വംശീയത ഉയര്‍ത്തിപ്പിടിച്ച് തുടങ്ങിയ ‘റിഫോം യുകെ’യുടെ ചെയര്‍മാന്‍ സിയ യൂസഫ് രാജിവച്ചു. മുസ്‌ലിം ശ്രീലങ്കന്‍ കുടിയേറ്റക്കാരുടെ മകനായി യുകെയിൽ ജനിച്ച സിയ യൂസഫ് പാർട്ടിക്കുള്ളിൽ ശക്തമാകുന്ന വംശീയതയുടെ പേരിൽ ആണ് രാജി വയ്ക്കുന്നത് എന്നാണ് സൂചന.
രാജ്യത്ത് മുസ്‌ലിം വനിതകൾ മുഖവും ശരീരവും പൂർണ്ണമായി മറയ്ക്കുന്ന തരത്തിൽ ബുര്‍ക്ക ധരിക്കുന്നത് നിരോധിക്കണമെന്ന് റിഫോം യുകെയുടെ ഒരു എംപി ആവശ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ പാർലമെന്റ് ഉപ തിരഞ്ഞെടുപ്പിൽ വിജയിച്ച സാറാ പോച്ചിന്‍ ആണ് ബുർക്ക നിരോധനം ആവശ്യപ്പെട്ടത്. നിരോധന ആവശ്യവുമായി ബന്ധപ്പെട്ട പാർട്ടിക്കുള്ളിൽ തര്‍ക്കം രൂക്ഷമായതോടെ സിയ യൂസഫ് ചെയർമാൻ പദവി രാജി വെയ്ക്കുക ആയിരുന്നു. യുകെയിലെ ശതകോടീശ്വരൻമാരിൽ ഒരാളായ സിയ യൂസഫ് പാർട്ടി നേതാവായ നൈജൽ ഫാരജിന് ഒപ്പം ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വന്നിരുന്നത്.
ഇക്കഴിഞ്ഞ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇംഗ്ലണ്ടിൽ മികച്ച വിജയം കരസ്ഥമാക്കിയ റിഫോം യുകെ പൊതു തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തും വിധമാണ് യുകെയിലുടനീളം പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനിടയിലാണ് പാർട്ടി ചെയർമാന്റെ തന്നെ നാടകീയമായ രാജി. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അധികാരം നേടുന്നതിന് വേണ്ടി ഈ പ്രസ്ഥാനത്തിനായി പ്രവര്‍ത്തിക്കുന്നത് തന്റെ സമയം വെറുതേ പാഴാക്കാനാണെന്ന ഉത്തമ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ രാജി വയ്ക്കുന്നതെന്ന് സിയ യൂസഫ് വ്യക്തമാക്കി. പതിനൊന്ന് മാസം മുൻപാണ് താൻ പാര്‍ട്ടി ചെയര്‍മാനായി ചുമതലയേറ്റതെന്നും തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ നില 14% ൽ നിന്ന് 30% ആയി ഉയര്‍ത്താന്‍ താന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചതായും പാര്‍ട്ടിയുടെ അംഗത്വം നാലിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചതായും സിയ യൂസഫ് അവകാശപ്പെട്ടു.
സിയ യൂസഫിനെ ഈയിടെയായി റിഫോം പാർട്ടി അവഗണിക്കുന്നതായുള്ള സൂചനകൾ പുറത്ത് വന്നിരുന്നു. പാര്‍ട്ടിയിലെ സിയ യൂസഫിന്റെ ചുമതലകള്‍ മാറ്റാർക്കോ രഹസ്യമായി നൽകിയതയും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ സിയ യൂസഫിന്റെ രാജിയില്‍ പാര്‍ട്ടി നേതാവായ നൈജല്‍ ഫാരജ് ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം നടന്ന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ സിയ യൂസഫ് മികച്ച സംഭാവനകള്‍ നല്‍കിയ കാര്യവും നൈജല്‍ ഫാരജ് എടുത്ത് പറഞ്ഞു. ശതകോടീശ്വരനായ സിയ യൂസഫ് തെരഞ്ഞെടുപ്പിനായി പാര്‍ട്ടിക്ക് വലിയ തോതില്‍ സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് പ്രാദേശിക കൗണ്‍സിലുകളുടെ ചെലവ് ചുരുക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതിയുടെ പ്രധാന ചുമതല വഹിച്ചിരുന്ന നഥാനിയേല്‍ ഫ്രെഡും രാജി വെച്ചിരുന്നു. നൈജല്‍ ഫരാജിന്റെ നേതൃത്വത്തെ പരസ്യമായി വിമര്‍ശിച്ച ഗ്രേറ്റ് യാര്‍മൗത്ത് എംപി റൂപര്‍ട്ട് ലോവിനെ മാര്‍ച്ചില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിരുന്നു. ഇതേ തുടർന്ന് പാര്‍ട്ടിക്കുളളില്‍ തർക്കങ്ങളും വംശീയതയും രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.