ആരൊക്കെ രാജ്യത്തേക്ക് വരണം, എത്ര നാൾ താമസിക്കണമെന്ന് പാർലമെന്റ് തീരുമാനിക്കണം: യുകെയിലും ട്രംപ് മോഡൽ?

Mail This Article
ലണ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാതൃകയിൽ യുകെയിലും വിദേശ പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുക പ്രായോഗികമായിരിക്കുമെന്ന് യുകെ പാർലമെന്റ് പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവിന്റെ നേതാവ് കെമി ബാഡ്നോക്ക്.
ആരൊക്കെ രാജ്യത്തേക്ക് വരണമെന്നും എത്ര നാൾ താമസിക്കണമെന്നും ആരാണ് പോകേണ്ടതെന്നുമെല്ലാം പാർലമെന്റിന് തീരുമാനിക്കാൻ കഴിയണം. യാത്രാ വിലക്ക് പോലുള്ള നടപടികളിലൂടെ വേണം ഇക്കാര്യങ്ങൾ നടപ്പാക്കാനെന്നും ബാഡ്നോക്ക് ചൂണ്ടിക്കാട്ടി. ഇതെല്ലാം പ്രായോഗികമാക്കാവുന്ന സാഹചര്യങ്ങൾ രാജ്യത്തുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ഇത്തരമൊരു അഭിപ്രായം പങ്കുവച്ചതിലൂടെ ട്രംപിന്റെ തീരുമാനത്തോട് താൻ യോജിക്കുന്നുവെന്ന് അർഥമില്ലെന്നും ട്രംപ് യാത്രാവിലക്കേർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക താൻ കണ്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അനധികൃത കുടിയേറ്റത്തിലൂടെ ബ്രിട്ടൻ കബളിപ്പിക്കപ്പെടുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അവർ ആരോപിച്ചു. അഭയാർഥികൾക്ക് അഭയം നൽകുന്നതിനുള്ള ബ്രിട്ടന്റെ സംവിധാനം തകർന്നെന്നും രാജ്യത്തിന്റെ അതിർത്തികൾ നിയന്ത്രിക്കാനോ വിദേശ കുറ്റവാളികളെ നാടുകടത്താനോ കഴിയുന്നില്ലെങ്കിൽ തങ്ങളെ തടയുന്ന നിയമങ്ങളും ഉടമ്പടികളും ഉപേക്ഷിക്കുമെന്നും കൺസർവേറ്റീവ് പാർട്ടി ഇവ ശരിയായി പരിഹരിക്കാനുള്ള പദ്ധതി ഉണ്ടാക്കുമെന്നും അവർ വ്യക്തമാക്കി.
വൈറ്റ് ഹാളിലെ ഡിഫൻസ് തിങ്ക്ടാങ്ക് ആയ റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ യൂറോപ്യൻ മനുഷ്യാവകാശ കൺവൻഷനിൽ നിന്ന് യുകെ പുറത്തു പോകണമെന്ന ആവശ്യത്തെ കൺസർവേറ്റീവുകൾ അംഗീകരിക്കുമോ എന്ന് നിർണയിക്കാനുള്ള നിയമനടപടിക്ക് തുടക്കമിട്ടുകൊണ്ടുള്ള പ്രഖ്യാപനത്തിനിടെയാണ് ഇക്കാര്യങ്ങൾ പരാമർശിച്ചത്.
കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള പ്രഖ്യാപനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയത്. 7 രാജ്യങ്ങൾക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.