ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ വേനൽക്കാല കായികമേള വിജയകരമായി സമാപിച്ചു

Mail This Article
ലെസ്റ്റർ ∙ ലെസ്റ്റർ കേരള കമ്യൂണിറ്റി സംഘടിപ്പിച്ച വേനൽക്കാല കുടുംബ സംഗമവും കായികമേളയും മേയ് 31-ന് വിൻസ്റ്റാൻലി സ്കൂൾ മൈതാനത്ത് വച്ച് സമാപിച്ചു. കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത കായികമേളയിൽ ആവേശം നിറഞ്ഞ മത്സരങ്ങളും ഗൃഹാതുരത്വമുണർത്തുന്ന വിഭവങ്ങളും ഒരുക്കി സംഘാടകർ ശ്രദ്ധേയമായി.
1500 മീറ്റർ റേസ്, വാശിയേറിയ വടംവലി മത്സരങ്ങൾ, റിലേ മത്സരങ്ങൾ, കസേരകളി, മിഠായിപ്പെറുക്കൽ, ഫ്രോഗ് ജംപ് തുടങ്ങിയ ഒട്ടനവധി വിനോദ മത്സരങ്ങൾ കായികമേളയ്ക്ക് മാറ്റുകൂട്ടി.
കായികമേളയോടനുബന്ധിച്ച് നാടൻ പലഹാരങ്ങൾ, പൊതിച്ചോറ്, പൊതിബിരിയാണി എന്നിവ നൽകുന്ന ഫുഡ് സ്റ്റാളുകളും ഒരുക്കിയിരുന്നു. വൈകുന്നേരം നടന്ന ഡിന്നറിൽ കമ്യൂണിറ്റി അംഗങ്ങളുടെ പങ്കാളിത്തത്തോടെ തയാറാക്കിയ ലൈവ് പൊറോട്ടയും ബീഫ് കറിയും വിളമ്പിയത് പങ്കെടുത്തവർക്ക് വേറിട്ടൊരനുഭവമായി. വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു.

∙ കമ്യൂണിറ്റി അംഗങ്ങൾക്ക് നന്ദി അറിയിച്ച് ഭാരവാഹികൾ
കായികമേളയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ലെസ്റ്റർ കേരള കമ്യൂണിറ്റി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. 'വിജയ-പരാജയങ്ങൾക്കപ്പുറം മത്സരങ്ങളിൽ പങ്കെടുക്കാൻ നിങ്ങൾ കാണിച്ച സ്പോർട്സ്മാൻ സ്പിരിറ്റ് അടുത്ത വർഷത്തെ നമ്മുടെ കായികമേളയിൽ പങ്കെടുക്കുന്നതിനും വിജയം നേടുന്നതിനും പ്രചോദനമാവണം,' കമ്യൂണിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.

പരിപാടിയുടെ സംഘാടനത്തിലും നടത്തിപ്പിലും സഹായിച്ച എല്ലാവരെയും പ്രസിഡന്റ് അജീഷ് കൃഷ്ണനും സെക്രട്ടറി സ്മൃതി രാജീവും നന്ദിയോടെ സ്മരിച്ചു. കമ്യൂണിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ കഠിനാധ്വാനം പ്രത്യേകം അഭിനന്ദനാർഹമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ടിറ്റി ജോൺ നേതൃത്വം നൽകിയ ഫുഡ് കമ്മിറ്റിയും, രമേശ് ബാബു നേതൃത്വം നൽകിയ സ്പോർട്സ് കമ്മിറ്റിയും കൃത്യസമയത്ത് ഭക്ഷണം തയാറാക്കുന്നതിലും മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും മികച്ച പ്രകടനം കാഴ്ചവച്ചതായി ഭാരവാഹികൾ പറഞ്ഞു.
∙ സഹായം നൽകിയവർക്ക് പ്രത്യേക നന്ദി
ഈ വിജയകരമായ കായികമേളയ്ക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ലെസ്റ്റർ കേരള കമ്യൂണിറ്റി പ്രത്യേക നന്ദി രേഖപ്പെടുത്തി. വടംവലിയുടെ സമ്മാനം സ്പോൺസർ ചെയ്ത ഖലീജ് മന്തി ഹൗസ് ലെസ്റ്റർ, ഉസ്താദ് ഹോട്ടൽ ലെസ്റ്റർ എന്നിവർക്കും, ഭക്ഷണ വിതരണത്തിനായി പൊതിച്ചോറും നാടൻ പലഹാരങ്ങളും തയാറാക്കി നൽകിയ ജിഷ ടോജോ (ജിഷാസ് കിച്ചൺ), പൊതി ബിരിയാണി തയാറാക്കിത്തന്ന സതേൺ സ്പൈസസ് റസ്റ്ററന്റ് ലെസ്റ്റർ, ലൈവ് പൊറോട്ടയും ബീഫ് കറിയും തയ്യാറാക്കാൻ സഹായിച്ച ഷെഫ് ജയ്സണും സുഹൃത്തുക്കളും എന്നിവർക്ക് നന്ദി പറഞ്ഞു. കൂടാതെ, പരിപാടിക്കാവശ്യമായ സാങ്കേതിക സഹായങ്ങളും ശബ്ദ സൗകര്യവും ഒരുക്കിയ ഡ്രീംസ് ഇവന്റ് ലെസ്റ്റർ, വടംവലി ടീമുകളായ ലെസ്റ്റർ ഫൈറ്റേഴ്സ് എ ആൻഡ് ബി ടീമുകൾ (ക്യാപ്റ്റൻ ആശിഷ്), ടീം വാട്ടർ ബോയ്സ്, ടീം ലെസ്റ്റർ ടൈഗേഴ്സ്, വനിതാ ടീമുകളായ ടീം മൂർക്കൻ (കോബ്ര), ടീം റോയൽ ചലഞ്ചേഴ്സ് എന്നിവർക്കും കമ്മിറ്റി നന്ദി അറിയിച്ചു. കമന്ററി പറഞ്ഞ ജയേഷ്, മറ്റു കാര്യങ്ങളിൽ സഹായിച്ച ജോ ജോസഫ്, ശ്രീജിത്ത് മടക്കത്ത്, വിനീത് നായർ, ബിനു ശ്രീധരൻ, ഷൈജു, സജീഷ് സഹദേവൻ, കൃഷ്ണ പ്രസാദ്, പ്രജീഷ് തുടങ്ങി ഈ പരിപാടിയുടെ വിജയത്തിനായി കൂടെ നിന്ന എല്ലാവർക്കും ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
എല്ലാവരുടെയും കൂട്ടായ സഹകരണമാണ് ഈ കായികമേളയുടെ വിജയത്തിന് പിന്നിലെന്ന് ലെസ്റ്റർ കേരള കമ്യൂണിറ്റി ഭാരവാഹികൾ ആവർത്തിച്ച് വ്യക്തമാക്കി. കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ഓരോ പരിപാടികളുടെയും വിജയത്തിനായി എല്ലാവരുടെയും തുടർന്നും സഹകരണം അഭ്യർഥിച്ചു.
∙ യുക്മ റീജനൽ കായികമേളയിൽ അവസരം
ഈ കായികമേളയിലെ വിജയികൾക്ക് ജൂൺ 21-ന് സംഘടിപ്പിക്കുന്ന യുക്മ റീജനൽ കായികമേളയിൽ പങ്കെടുക്കാനുള്ള അവസരം നൽകുമെന്നും കമ്മിറ്റി അറിയിച്ചു.