ഇറ്റാലിയൻ പാർലമെന്റിൽ ഗാനം ആലപിച്ച മലയാളി പെൺകുട്ടി ഇരിട്ടി എടൂർ സ്വദേശിനി

Mail This Article
റോം ∙ സംഗീത സാന്ദ്രമായി ഇറ്റാലിയൻ പാർലമെന്റ് മന്ദിരമായ മദാമ്മ പാലസിൽ മുഴുങ്ങി കേട്ട മലയാളി ശബ്ദം ഇരിട്ടി എടൂർ സ്വദേശിനിയുടേത്. ഇറ്റലിയുടെ റിപ്പബ്ലിക് ദിനത്തിൽ ഇറ്റാലിയൻ പാർലമെന്റിൽ ഇറ്റാലിയൻ ദേശീയഗാനമാലപിച്ച സംഘത്തിലാണ് എലന എബിൻ പാരിക്കാപ്പള്ളി ഇടംപിടിച്ചത്. ഇറ്റലിയിലെ താമസക്കാരനും ലോക കേരള സഭാംഗവുമായ എബിൻ ഏബ്രഹാം പാരിക്കാപള്ളി-ജാൻസി ദമ്പതികളുടെ മകളാണ് എലന എബിൻ പാരിക്കാപ്പള്ളി.
എലന ഉൾപ്പെടുന്ന നാൽപതംഗ സംഘം ദേശീയ ഗാനാലാപനത്തിന് പുറമെ മറ്റൊരുഗാനവും ആലപിച്ചു. ഇറ്റലിയിലെ വിവിധ സ്കൂളുകളിലെ ഗായകസംഘങ്ങളിൽ നിന്നുള്ള വിദ്യാർഥികളായിരുന്നു പാർലമെന്റിൽ ഗാനമാലപിച്ചത്.
ഈ വർഷം റിപ്പബ്ലിക്ദിനത്തിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ച 40 അംഗ വിദ്യാർഥി സംഘത്തിലെ ഏക മലയാളിയാണ് എലന. എലന റോമിലെ പ്ലിനിയോ സിനിയ൪ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കരോളിന,ഫാബിയോ എന്നിവർ സഹോദരങ്ങളാണ്.