പ്രവാസി മലയാളി മാഞ്ചസ്റ്ററിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Mail This Article
മാഞ്ചസ്റ്റർ/പിറവം ∙ പ്രവാസി മലയാളിയെ യുകെയിലെ മാഞ്ചസ്റ്ററിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട സ്വദേശിയായ പി. റ്റി. ദീപു (47) ആണ് മരിച്ചത്.
മാഞ്ചസ്റ്ററിലെ സ്വകാര്യ റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു. ചിക്കൻ പോക്സ് ബാധിച്ചതിനെ തുടർന്നുള്ള അവധിയിലായിരുന്നു. അവധിക്ക് ശേഷം വെള്ളിയാഴ്ച രാവിലെ ജോലിക്ക് എത്താതിനെ തുടർന്ന് റസ്റ്ററന്റ് ജീവനക്കാരൻ താമസ സ്ഥലത്ത് അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിൽ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് വാതിലിന്റെ മെയിൽ ബോക്സ് പഴുതിലൂടെ അകത്തേയ്ക്ക് നോക്കുമ്പോൾ സ്റ്റെയർ കേസിന് സമീപമായി ദീപുവിന്റെ കാലുകൾ കാണുകയായിരുന്നു. കുഴഞ്ഞു വീണതാകാമെന്ന നിഗമനത്തിൽ ഉടൻ തന്നെ പാരാമെഡിക്സ് സംഘത്തെ വിവരം അറിയിച്ചു. തുടർന്ന് പാരാമെഡിക്സ് സംഘം, അഗ്നിശമന സേന, പൊലീസ് എന്നിവയുടെ സഹായത്തോടെ അകത്തേക്ക് കടക്കുമ്പോഴാണ് സ്റ്റെയർ കെയ്സിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.

ചിക്കൻ പോക്സ് ആയിരുന്നതിനാൽ ദീപുവിന് ഒപ്പം താമസിച്ചിരുന്ന മലയാളി യുവാവ് വീട്ടിൽ നിന്നും താൽകാലികമായി താമസം മാറ്റിയിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

2023 ലാണ് ദീപു ലിങ്കൺ ഷെയറിലെ സ്വകാര്യ കെയർ ഹോമിൽ ഷെഫായി ജോലിക്ക് എത്തുന്നത്. നാല് മാസം മുൻപ് ജോലി നഷ്ടപ്പെട്ടുവെങ്കിലും ഒരു മാസം മുൻപ് മാഞ്ചസ്റ്ററിലെ സ്വകാര്യ റസ്റ്ററന്റിൽ ഷെഫായി ജോലി ലഭിച്ചു. ഉയർന്ന ശമ്പളത്തോടു കൂടി ലഭിച്ച ജോലിയായതിനാൽ നാട്ടിലുള്ള കുടുംബത്തെ കൂടി യുകെയിൽ എത്തിക്കുന്നതിനുള്ള പുതിയ വീസ ക്രമീകരണങ്ങൾ നടന്നു വരികയായിരുന്നു. ഇതിനിടയിൽ നടന്ന ദുരൂഹ സാഹചര്യത്തിലെ മരണം മാഞ്ചസ്റ്ററിലെ മലയാളികളെയും നാട്ടിലുള്ള കുടുംബത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. നാട്ടിൽ വിവിധ റസ്റ്ററന്റുകളിൽ മികച്ച ഒരു ഷെഫായി ജോലി ചെയ്തിരുന്ന ദീപു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വീസ നടപടിക്രമങ്ങൾക്ക് വേണ്ടിയുള്ള തുക മാത്രം മുടക്കി യുകെയിൽ എത്തുന്നതെന്ന് മാഞ്ചസ്റ്ററിലെ സുഹൃത്തുക്കൾ പറഞ്ഞു. തുടർന്ന് ജോലി നഷ്ടപ്പെട്ടുവെങ്കിലും പുതിയ ജോലി ലഭിച്ചതും സൗജന്യമായി തന്നെയാണെന്നാണ് പ്രാഥമിക വിവരം.
ഭാര്യ: നിഷ ദീപു. മക്കൾ: കൃഷ്ണപ്രിയ, വിഷ്ണുദത്തൻ, സേതുലക്ഷ്മി. പിറവം പാമ്പാക്കുട മേമ്മുറി പുലിക്കുന്നുമലയിൽ പരേതരായ പി. എ. തങ്കപ്പൻ, വി.എസ്. ശാരദ എന്നിവരാണ് മാതാപിതാക്കൾ. പി. റ്റി. അനൂപ് ഏക സഹോദരനാണ്.
ആറു മാസം മുൻപ് അമ്മ മരിച്ചപ്പോഴാണ് ദീപു അവസാനമായി നാട്ടിൽ എത്തിയ ശേഷം മടങ്ങി പോകുന്നത്. ദീപുവിന്റെ സ്വദേശം പാമ്പാക്കുടയാണെങ്കിലും ഭാര്യ വീട് സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് ചൂണ്ടിയിലാണ് ദീപു നാട്ടിൽ താമസിച്ചിരുന്നത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 10.30 നാണ് നാട്ടിൽ ദീപുവിന്റെ മരണത്തെ കുറിച്ച് അറിയുന്നത്. തുടർന്ന് ദീപുവിന്റെ നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും യുകെയിലുള്ളവരുടെ സഹായത്തോടെ മാഞ്ചസ്റ്റർ മലയാളിയും ‘ഇംഗ്ലണ്ടിലെ അച്ചായൻമാർ‘ ഗ്രൂപ്പിന്റെ അഡ്മിനുമായ റോയി ജോസഫ് വഴി സമൂഹ മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയപ്പോഴാണ് യുകെ മലയാളികൾക്കിടയിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ വിവരങ്ങൾ അറിഞ്ഞു തുടങ്ങിയത്.
നാട്ടിലുള്ള ബന്ധുക്കൾ ദീപുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുവാൻ സഹായിക്കണമെന്ന് യുകെയിലെ മലയാളി സമൂഹത്തോട് അവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങൾ യുകെയിൽ ആരംഭിച്ചതായാണ് സൂചന.