ADVERTISEMENT

പാരിസ് ∙ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ഫ്രഞ്ച് ഇയു ബ്ലൂ കാർഡിന്റെ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയ നടപടി ഫ്രാൻസ് ലക്ഷ്യമിടുന്ന പ്രഫഷനലുകൾക്ക് കൂടുതൽ ഗുണകരമാകും. രാജ്യത്തിന്റെ  വിവിധ മേഖലകളിലെ തൊഴില്‍ ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ മേയിലാണ് ഇളവ് വരുത്തിയത്. 

ഉയർന്ന വൈദഗ്ധ്യമുള്ള ഇയു ഇതര ആളുകൾക്ക് യൂറോപ്യൻ യൂണിയനിലെ അംഗ രാജ്യങ്ങളിൽ ജോലി ചെയ്യാനും താമസിക്കാനുമുള്ള അനുമതി നൽകുന്നതാണ് ഇയു ബ്ലൂ കാർഡ്. 5 പ്രധാന മാറ്റമാണ് വരുത്തിയിട്ടുള്ളത്. 2023 ല്‍ ഏറ്റവും കൂടുതല്‍ ഇയു ബ്ളൂ കാര്‍ഡുകള്‍ അനുവദിച്ച മൂന്ന് ഇയു രാജ്യങ്ങളില്‍ ഒന്നാണ് ഫ്രാന്‍സ്. 2023 ല്‍ ഏകദേശം 4,000 ഇയു ബ്ലൂ കാർഡുകളാണ് ഫ്രാൻസ് അനുവദിച്ചത്. 

എന്തൊക്കെ ഇളവുകൾ?
∙ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള വിദഗ്ധ തൊഴിലാളികൾക്ക് മതിയായ വിദ്യാഭ്യാസം ഇല്ലാതെ തന്നെ യോഗ്യത നേടാൻ കഴിയും. നേരത്തെ ഉന്നത വിദ്യാഭ്യാസ ബിരുദമോ അഞ്ച് വര്‍ഷത്തെ പ്രൊഫഷനല്‍ പരിചയമോ ഉള്ള അപേക്ഷകര്‍ക്ക് മാത്രമേ ഇയു ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാന്‍ അർഹതയുണ്ടായിരുന്നുള്ളു. 

∙നിർബന്ധിത തൊഴിൽ കരാറിന്റെ  കാലാവധി 12 മാസത്തിൽ നിന്ന് 6 മാസമായി കുറച്ചിട്ടുണ്ട്. ഉയർന്ന വൈദഗ്ധ്യമുള്ളവരെ സ്ഥിരമായി, ദീർഘകാല കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയാണ് പതിവ്. കരാർ കാലാവധി കുറച്ചതിലൂടെ പുതിയ ജോലി തേടുന്നവർക്ക് കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യും. 

∙മറ്റ് അംഗ രാജ്യങ്ങളിലെ ഇയു ബ്ലൂ കാർഡ് ഉടമകൾക്ക് ഫ്രാൻസിലേക്കുള്ള പ്രവേശനവും കൂടുതൽ എളുപ്പമാക്കി. മറ്റൊരു അംഗരാജ്യത്ത് കുറഞ്ഞത് 12 മാസമെങ്കിലും താമസിച്ചിട്ടുള്ള ഫ്രഞ്ച് ഇതര ബ്ലൂ കാർഡ് ഉടമകൾക്ക് ഇനി മുതൽ  പ്രത്യേക വീസയില്ലാതെ ഫ്രാന്‍സിലേക്ക് പ്രവേശിക്കാം. നേരത്തെ 18 മാസത്തെ താമസം നിർബന്ധമായിരുന്നു. തൊഴിലുടമകൾക്ക് വൈദഗ്ധ്യം നേടിയ പ്രഫഷനലുകളെ ഫ്രാൻസിലേക്ക് സ്ഥിരമായി നിയമിക്കാനും ഇത് സഹായകമാകും. 

∙ഹ്രസ്വകാല കരാർ തൊഴിലാളികൾക്കുള്ള വീസ കാലാവധിയും നീട്ടിയിട്ടുണ്ട്. ദീർഘകാല വീസകൾക്കുള്ള യോഗ്യതയും വർധിപ്പിച്ചിട്ടുണ്ട്. തൊഴില്‍ കരാറിന് രണ്ട് വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള സന്ദര്‍ഭങ്ങളില്‍, കരാറിനേക്കാള്‍ മൂന്ന് മാസത്തെ സാധുത കാലയളവ്, പരമാവധി 24 മാസം വരെ ലഭിക്കും. കരാര്‍ പുതുക്കുമ്പോഴോ പുതിയ ജോലി അന്വേഷിക്കുമ്പോഴോ വിദേശ തൊഴിലാളികള്‍ക്ക് ഫ്രാന്‍സില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നിലനിര്‍ത്താന്‍ ഇത് അനുവദിക്കും.

∙ഫ്രഞ്ച് ഇയു ബ്ളൂ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് വര്‍ഷത്തെ ഇയു ദീര്‍ഘകാല താമസാനുമതിക്ക് യോഗ്യത നേടുന്നതിന് ആവശ്യമായ അഞ്ച് വര്‍ഷത്തെ നിയമപരമായ താമസം കൂടുതൽ ലളിതമാക്കി. നേരത്തെ ഇയു ബ്ളൂ കാര്‍ഡ് ഒഴികെയുള്ള ഒരു രേഖയില്‍ മറ്റ് അംഗരാജ്യത്ത് ചിലവഴിച്ച സമയം അഞ്ച് വര്‍ഷത്തെ ആകെത്തുകയില്‍ കണക്കാക്കിയിരുന്നില്ല. പുതിയ നിയമങ്ങള്‍ അനുസരിച്ച്, മറ്റ് തരത്തിലുള്ള താമസ പെര്‍മിറ്റുകള്‍ക്കായി ചെലവഴിച്ച സമയം അഞ്ച് വർഷത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

English Summary:

France has introduced more relaxed EU Blue Card rules to attract more qualified foreign workers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT