പഴയ ബെഡ് വഴിയരികിൽ ഉപേക്ഷിച്ചയാൾക്ക് ലണ്ടനിൽ അഞ്ച് ലക്ഷത്തിലധികം രൂപ പിഴ

Mail This Article
ലണ്ടൻ ∙ പഴയ ബെഡ് വഴിയരികിൽ ഉപേക്ഷിച്ചയാൾക്ക് ലണ്ടനിൽ 4,600 പൗണ്ട് (5,34,975 ഇന്ത്യൻ രൂപ) പിഴശിക്ഷ. കോടതിയിൽ സമയത്ത് ഹാജരാകാതിരുന്നതിന് ജഡ്ജിയുടെ വക രണ്ടായിരം പൗണ്ടുകൂടി ചേർത്താണ് ഈ നിയമലംഘകന് കനത്ത പിഴ അടിച്ചു കിട്ടിയത്. നോർത്ത് വെസ്റ്റ് ലണ്ടനിലാണ് സമൂഹത്തിനാകെ മുന്നറിയിപ്പാകുന്ന ഈ സംഭവം.
നൈഫീസ അബ്ബാസ് എന്നയാളാണ് 2024 മാർച്ചിൽ പഴയ ബെഡും മറ്റുചില പാഴ്വസ്തുക്കളും വഴിയരികിൽ ഉപേക്ഷിക്കുമ്പോൾ ക്യാമറ കണ്ണിൽ കുടുങ്ങിയത്. ക്യൂൻസ്ബറി പാർക്ക് റോഡിലെ ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു ഇയാൾ ഇവ ഉപേക്ഷിച്ചത്. ഇതിന് കൗൺസിൽ നിശ്ചയിച്ച പിഴ ഒടുക്കാതെ വന്നതോടെയാണ് സംഭവം മജിസ്ട്രേറ്റ് കോടതിയുടെ മുന്നിലെത്തിയത്. പിഴശിക്ഷയ്ക്കു പുറമേ കോടതിയിൽ സമയത്ത് ഹാജരാകാതിരുന്നതിന് രണ്ടായിരം പൗണ്ടുകോടി കോടതി ശിക്ഷിച്ചു.
പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചാൽ നിലവിൽ ആയിരം പൗണ്ടാണ് ലണ്ടനിലെ മിക്കവാറും എല്ലാ കൗൺസിലുകളിലെയും പിഴശിക്ഷ. നേരത്തെ 400 പൗണ്ടായിരുന്ന പിഴതുക ഈ ഏപ്രിൽ മുതലാണ് ആയിരം പൗണ്ടായി കൗൺസിലുകൾ വർധിപ്പിച്ചത്. ശരാശരി മുപ്പതിനായിരത്തോളം കേസുകളാണ് ഇത്തരത്തിൽ ലണ്ടനിലെ ഒരോ കൗൺസിലുകളിലും ഓരോവർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിനും ക്യാമറ നിരീക്ഷണത്തിനുമായി ഓരോ കൗൺസിലും ചെലവാക്കുന്നത് വലിയ തുകയാണ്. പിഴതുക വർധിപ്പിച്ച് ഈ തുക നിയമലംഘകരിൽനിന്നുതന്നെ ഈടാക്കുക എന്ന നയമാണ് കൗൺസിലുകൾ സ്വീകരിക്കുന്നത്.
1990ലെ എൻവയൺമെന്റ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ക്രിമിനൽ കുറ്റമാണ്. എന്നാൽ ലണ്ടൻ നഗരത്തിൽ ഈ നിയമം പലപ്പോഴും പലസ്ഥലത്തും പാലിക്കപ്പെടുന്നില്ല. ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയൺമെന്റ്, ഫുഡ് ആൻഡ് റൂറൽ അഫയേഴ്സിന്റെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും അധികം മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിക്കപ്പെടുന്നത് ലണ്ടൻ നഗരത്തിലാണ്. ഇത് കണക്കിലെടുത്താണ് അടുത്തിടെ ഇതിനുള്ള ശിക്ഷ ആയിരം പൗണ്ടായി വർധിപ്പിക്കാൻ കൗൺസിലുകൾ തീരുമാനിച്ചത്.