റോമിലെ പാർക്കിൽ നഗ്നരായ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ; ദുരൂഹത

Mail This Article
റോം∙ നഗരത്തിലെ പാർക്കിൽ മണിക്കൂറുകളുടെ ഇടവേളയിൽ ഒരു കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. സംഭവത്തിലെ ദുരൂഹത മാറ്റാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം റോമിലെ വില്ല പാംഫിലി പാർക്കിലെ കുറ്റിക്കാട്ടിലാണ് ഒരു പെൺകുഞ്ഞിന്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഏതാണ്ട് അഞ്ചുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം, പാർക്കിന്റെ വിയ വിതെലിയ ഭാഗത്തുള്ള കുട്ടികളുടെ കളിസ്ഥലത്തിനടുത്തുള്ള കുറ്റിക്കാട്ടിലാണ് വഴിയാത്രക്കാർ കണ്ടെത്തിയത്. വിവസ്ത്രയായി കാണപ്പെട്ട കുഞ്ഞിന്റെ മൃതദേഹം, ഒരു പാവയാണെന്നാണ് ആദ്യം കരുതിയതെന്ന് പാർക്കിലുണ്ടായിരുന്നവർ പറഞ്ഞു.
ഏതാനും മണിക്കൂറുകൾക്കുശേഷം, പൊലീസ് സ്ഥലത്തെത്തിയപ്പോൾ നൂറു മീറ്റർ അകലെയുള്ള കുറ്റിക്കാടുകൾക്കിടയിൽ കറുത്ത പ്ലാസ്റ്റിക്ക് ചാക്കിലാക്കിയ നിലയിൽ 40 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ഇതിലും വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല.
ചാക്കിൽനിന്ന് ഒരു കൈ പുറത്തേക്ക് തള്ളിനിൽക്കുന്നനിലയിലായിരുന്നു മൃതദേഹം.
കുഞ്ഞിന്റെ ശരീരത്തെക്കാൾ ജീർണ്ണാവസ്ഥയിലായിരുന്നു സ്ത്രീയുടെ മൃതദേഹമെന്നതിനാൽ മരണങ്ങൾ വ്യത്യസ്ത സമയങ്ങളിലാണെന്ന് നടന്നിട്ടുള്ളതെന്നാണ് സൂചന. അക്രമത്തിന്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും ഇരുവരുടെയും ശരീരങ്ങളിൽ കണ്ടെത്തിയില്ല. പാർക്കിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ സുരക്ഷാ ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിനുശേഷം മരണകാരണമുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.