എൻഎച്ച്എസ് രക്തബാങ്കിൽ രൂക്ഷക്ഷാമം; രണ്ടു ലക്ഷം ദാതാക്കളെ അടിയന്തരമായി ആവശ്യമുണ്ട്

Mail This Article
ലണ്ടൻ∙ എൻഎച്ച്എസ് രക്തബാങ്കിലെ കരുതൽ ശേഖരം നിലനിർത്താൻ അടിയന്തരമായി രണ്ടു ലക്ഷം രക്തദാതാക്കളെക്കൂടി ആവശ്യമുണ്ടെന്ന് റിപ്പോർട്ട്. പുതിയ ദാതാക്കളെത്തിയില്ലെങ്കിൽ എൻഎച്ച്എസിലെ ഈ പ്രതിസന്ധി താമസിയാതെ രൂക്ഷമാകുമെന്നാണ് എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റ് ബോഡി മുന്നറിയിപ്പു നൽകുന്നത്.
കഴിഞ്ഞവർഷം മുതൽ ആരോഗ്യ മേഖല ഇക്കാര്യത്തിൽ അംബർ വാണിങ്ങിലാണ്. കോവിഡ് മഹാമാരിക്കു ശേഷമാണ് രക്തദാതാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതും കരുതൽ ശേഖരം സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് മാറിയതും. എൻഎച്ച്എസിന് പതിവായി രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം രാജ്യത്ത് ഇപ്പോൾ എട്ടു ലക്ഷത്തോളമാണ്. ഇത് പത്തുലക്ഷത്തിനു മുകളിലേക്ക് എത്തിയാൽ മാത്രമേ ആവശ്യത്തിന് കരുതൽ ശേഖരം ഉറപ്പാക്കാനാകൂ. രോഗികളുടെ എണ്ണം വർധിച്ചതും ദാതാക്കളുടെ എണ്ണം കുറഞ്ഞതുമാണ് കരുതൽ ശേഖരത്തിൽ ഇത്രയേറെ കുറവു വരാൻ കാരണമെന്ന് ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റ് ചീഫ് എക്സിക്യൂട്ടീവ് ഡോ. ജോ ഫരാർ വ്യക്തമാക്കി. നിലവിലെ സ്ഥിതി തുടർന്നാൽ റെഡ് അലേർട്ടിലേക്ക് കാര്യങ്ങളെത്തുന്ന സമയം വിദൂരമല്ലെന്നുമാണ് അധികൃതരുടെ മുന്നറിയിപ്പ്.
നിലവിൽ ഒ-നെഗറ്റീവ് രക്തത്തിനാണ് ഏറ്റവുമധികം ക്ഷാമം. 1.6 ദിവസത്തേക്കുള്ള ഒ-നെഗറ്റീവ് രക്തം മാത്രമാണ് എൻഎച്ച്എസിന്റെ കരുതൽ ശേഖരത്തിൽ നിലവിലുള്ളത്. മറ്റ് ഗ്രൂപ്പുകളുടെ കരുതൽ ശേഖരം 4.3 ദിവസത്തേക്കും. ദാതാക്കളിൽ നിന്നും ലഭിക്കുന്ന രക്തത്തിന്റെ മൂന്നിൽ രണ്ടും പതിവായി ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആവശ്യമുള്ള കാൻസർ രോഗികൾക്കും മറ്റുമായാണ് ഉപയോഗിക്കുന്നത്.
വർഷത്തിലൊരിക്കൽ രക്തം ദാനം ചെയ്യുന്നവരെയാണ് എൻഎച്ച്എസ് സ്ഥിരം ദാതാക്കളുടെ പട്ടികയിൽ പെടുത്തിയിട്ടുള്ളത്. ഇത് രാജ്യത്തെ ജനസംഖ്യയുടെ കേവലം രണ്ടു ശതമാനം മാത്രമാണ്. ഈ സ്ഥിതി മാറി, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ രക്തദാനത്തിന് സന്നദ്ധതയോടെ മുന്നോട്ടുവരണമെന്ന് ആരോഗ്യമന്ത്രി ബാരോൺസ് മെറോൺ അഭ്യർഥിച്ചു.