ഇന്ത്യയിലേക്ക് നാടുകടത്താൻ അധികൃതർ; ഹീത്രോ വിമാനത്താവളത്തിലൂടെ ഓടി യുവാവ്, ഒടുവിൽ?

Mail This Article
ലണ്ടൻ ∙ ഇന്ത്യയിലേക്ക് നാടുകടത്താൻ കൊണ്ടുപോവുകയായിരുന്ന അനധികൃത കുടിയേറ്റക്കാരൻ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ നീക്കം അധികൃതർ തടഞ്ഞു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം.
ഹോം ഓഫിസിനു വേണ്ടി മിറ്റി കെയർ ആൻഡ് കസ്റ്റഡി എന്ന കരാർ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് യുവാവിനെ അനുഗമിച്ചിരുന്നത്. ടെർമിനൽ രണ്ടിന് സമീപം വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്ന് കുതറിമാറിയ ഇയാൾ വിമാനത്താവളത്തിന്റെ റൺവേയിലേക്ക് ഓടുകയായിരുന്നു.
ഞായറാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ മൊബൈലിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. മിനിറ്റുകളോളം വിമാനത്താവള ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഇയാളെ പിന്തുടർന്നു.
ഒടുവിൽ വാനിൽ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ അതേ വിമാനത്തിൽ തന്നെ തിരികെ കയറ്റി യുകെയിൽ നിന്ന് നാടുകടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മിറ്റി കെയർ ആൻഡ് കസ്റ്റഡി അറിയിച്ചു.
വ്യക്തിയെ ഉടൻ പിടികൂടുകയും വിമാനത്തിൽ തിരികെ കയറ്റുകയും ചെയ്ത ശേഷം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയെന്നും കമ്പനി വക്താവ് വ്യക്തമാക്കി. സംഭവത്തിൽ ഹോം ഓഫിസും അന്വേഷണം നടത്തുന്നുണ്ട്.