യുകെയിലെ പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം വേണം: യുകെയിലെ ലോക കേരള സഭ അംഗങ്ങൾ

Mail This Article
ലണ്ടൻ∙ മലയാളി പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാൻ സഹായിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയിൽ യുകെയെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യം ശക്തമാകുന്നു. യുകെയിലെ ലോക കേരള സഭ അംഗങ്ങൾ ഈ വിഷയം രേഖാമൂലം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസത്തിൽ അന്തരിച്ച മലയാളികളുടെ മൃതദേഹങ്ങൾ സർക്കാർ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നിലവിലുള്ള പദ്ധതിയെ യുകെയെ കൂടി ഉൾപ്പെടുത്തി വ്യാപിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ലോക കേരള സഭയുടെ യുകെ ഘടകം ആവശ്യപ്പെട്ടു.
നിലവിൽ കേരള സർക്കാർ നോർക്ക റൂട്ട്സിന്റെ മേൽനോട്ടത്തിൽ എയർ ഇന്ത്യയുമായി സഹകരിച്ച് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന വിദേശ രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരു സഹായ പദ്ധതി നടപ്പാക്കുന്നുണ്ട്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. നോർക്ക റൂട്ട്സിന്റെ അടിയന്തര ആംബുലൻസ് സേവനം മുഖേന മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിലും സർക്കാർ സഹായം ലഭിക്കുന്നുണ്ട്.
എന്നാൽ ഗൾഫ് രാജ്യങ്ങളിലെ പോലെ തന്നെ യുകെയിലും വലിയൊരു മലയാളി സമൂഹം ആരോഗ്യരംഗം, സോഷ്യൽ വർക്ക്, വിദ്യാഭ്യാസം, അതിഥി സേവനം, ബിസിനസ്, ഐടി., തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. നിരവധി വിദ്യാർത്ഥികളും യുവപ്രവാസികളും സ്ഥിര താമസക്കാരായ കുടുംബങ്ങളും ഇവിടെയുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ചെലവും നടപടിക്രമങ്ങളും കുടുംബങ്ങൾക്ക് വലിയ ബുദ്ധിമുട്ടായി മാറും. പ്രാദേശിക സാമൂഹിക സംഘടനകളുടെയോ എംബസിയുടെയോ സഹായം ലഭിക്കാത്തവർക്ക് ഇത് ഏറെ പ്രയാസകരമാണ്.
ഈ കാരണങ്ങളാൽ ഈ പ്രവാസി പദ്ധതി യുകെയിലേക്കും വ്യാപിപ്പിക്കണമെന്ന് ലോക കേരള സഭ (യുകെ) ആവശ്യപ്പെട്ടു. നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ എയർലൈൻ കമ്പനികളുമായി ചേർന്ന് പദ്ധതി നടപ്പാക്കണമെന്നും അപേക്ഷ സമർപ്പിക്കാനും സഹായം ലഭിക്കാനും നോർക്കയുടെ വെബ്‌സൈറ്റ്, ഹെൽപ്‌ലൈൻ എന്നിവ വഴി സൗകര്യമൊരുക്കണമെന്നും ലോക കേരള സഭയുടെ അംഗങ്ങൾ അഭ്യർത്ഥിച്ചു. ഇത് വളരെ നിസ്സഹായാവസ്ഥയിലുള്ള കുടുംബങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സഹായമാണെന്നും സംസ്ഥാനത്തിൻ്റെ പ്രവാസി ക്ഷേമ പ്രതിബദ്ധത ഇതിലൂടെ വീണ്ടും തെളിയിക്കപ്പെടുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ വിശദമായ ചർച്ചയ്ക്ക് വേണ്ടി നോർക്കയുടെ സിഇഒയും ലോക കേരള സഭ യുകെ അംഗങ്ങളും മറ്റു പ്രധാന പങ്കാളികളും പങ്കെടുക്കുന്ന ഒരു യോഗം വിളിച്ചുചേർക്കണമെന്ന് അംഗങ്ങളായ പ്രൊഫ. ജിൻ ജോസ്, വിശാൽ ഉദയ കുമാർ, ലജീവ് രാജൻ, ആഷിക്ക് മുഹമ്മദ്, കുരിയൻ ജേക്കബ്, അഡ്വ. ദിലീപ് കുമാർ, ഡോ. ബിജു പെരിങ്ങത്തറ, ലിനു വർഗീസ്, ഷൈമോൻ തോട്ടുങ്കൽ, ജോബിൻ ജോസ്, സുനിൽ മലയിൽ, ജയൻ എടപ്പാൾ, ജോജി കുര്യാക്കോസ്, എസ്. ശ്രീകുമാർ, സ്മിത ദിലീഫ്, സി. എ. ജോസഫ്, ജയപ്രകാശ്, ദിനേശ് വെള്ളാപ്പള്ളി എന്നിവർ ആവശ്യപ്പെട്ടു.