‘ഞാൻ ചെയ്യാൻ പോകുന്നതിന് എന്നോട് ക്ഷമിക്കൂ’; കൂട്ടക്കൊലയ്ക്ക് മുൻപ് മാപ്പ്, നടുക്കം മാറാതെ ഓസ്ട്രിയ

Mail This Article
വിയന്ന ∙ ഓസ്ട്രിയയിലെ സ്കൂളിൽ 10 പേരെ കൊലപ്പെടുത്തിയ 21 വയസ്സുകാരൻ കൃത്യം നടത്തുന്നതിന് മുൻപ് മാപ്പ് ചോദിച്ചതായി റിപ്പോർട്ട്. ആർതർ എ എന്ന മുൻ വിദ്യാർഥിയാണ് സ്കൂളിലെത്തി വിദ്യാർഥികളെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയത്. ആർതർ ഒരു പൂച്ചയെ എടുത്തു കൊണ്ട് നിൽക്കുന്ന ചിത്രം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കൃത്യം നടന്ന ശേഷം ഇതാദ്യമായിട്ടാണ് ആർതറിന്റെ ചിത്രം പുറത്തുവരുന്നത്. ആക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റ വിദ്യാർഥികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
ഷോട്ട് ഗണും പിസ്റ്റളുമാണ് പ്രതി കൃത്യം നടത്താൻ ഉപയോഗിച്ചത്. രണ്ട് ആയുധങ്ങൾക്കും ആർതറിന് ലൈസൻസിനുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തുന്ന നിമിഷങ്ങൾക്ക് മുൻപ് ആർതർ അമ്മയ്ക്ക് വിഡിയോ സന്ദേശം അയച്ചിരുന്നു. ‘ഞാൻ ചെയ്യാൻ പോകുന്നതിന് എന്നോട് ക്ഷമിക്കൂ’ എന്നായിരുന്നു വിഡിയോ സന്ദേശം. സന്ദേശം ലഭിച്ച് 24 മിനിറ്റിന് ശേഷമാണ് അമ്മ അത് കാണുന്നത്. ഉടൻ തന്നെ അമ്മ വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇതിനകം ആർതർ ആക്രമണം നടത്തിക്കഴിഞ്ഞിരുന്നു.
സ്കൂളിൽ വെച്ച് നേരിട്ട പരിഹാസങ്ങളാണ് ആർതറിനെ കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. തന്റെ പൂച്ചയെ നോക്കണമെന്നും ആർതർ എഴുതി വെച്ചിരുന്നത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആറ് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ്. ഒരാൾ പ്രായപൂർത്തിയായ സ്ത്രീയാണെന്നാണ് സൂചന.ആർതർ ശുചിമുറിയിൽ സ്വയം വെടിവെച്ചാണ് ജീവനൊടുക്കിയത്. ഈ സ്കൂളിൽ നിന്ന് പാതിവഴിയിൽ പഠനം നിർത്തിയ പോയ വിദ്യാർഥിയായിരുന്നു ആർതർ.
‘‘പൂർണ്ണമായും ഉൾവലിഞ്ഞ സ്വഭാവം. പോകുമ്പോഴും വരുമ്പോഴും വലിയ ഹെഡ്‌ഫോണും ഒരു ബാക്ക്പാക്കും ധരിച്ചിരുന്നു. ഒരിക്കലും ഹലോ പറഞ്ഞില്ല, പക്ഷേ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല’’ എന്നാണ് ആർതറിന്റെ അയൽക്കാരൻ പറഞ്ഞത്. കൊല്ലപ്പെട്ടവരുടെ ഓർമയ്ക്കായി നഗരത്തിൽ ഒരു മിനിറ്റ് നേരം മൗനം ആചരിച്ചു. കഴിഞ്ഞ രാത്രി ഗ്രേസ് കത്തീഡ്രലിൽ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു. നഗരത്തിലെ പ്രധാന ചതുരത്തിൽ ഇരകകളുടെ ഓർമകൾക്കായി മെഴുകുതിരികൾ കത്തിച്ചു.