‘ചെറിയ കുട്ടികളാണ്, അവർ എത്രമാത്രം ഭയന്നിട്ടുണ്ടാകും’; വിമാനാപകടത്തിൽ മരിച്ചവരിൽ ഹാരോഡ്‌സ് അംബാസഡറും കുടുംബവും

Mail This Article
ലണ്ടൻ ∙ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് മരിച്ചവരിൽ ഹാരോഡ്‌സ് ബ്രാൻഡ് അംബാസഡറായ 35 വയസ്സുകാരി മറിയം അലി സയ്യിദും ഭർത്താവും കെൻസിങ്ടൻ ഒളിംപ്യ ഹോട്ടലിലെ മാനേജരുമായ ജാവേദും അവരുടെ അഞ്ച് വയസ്സുള്ള മകൻ സെയ്‌നും നാല് വയസ്സുള്ള മകൾ അമാനിയും. മറിയം അലി സയ്യിദിന്റെ ഭർത്താവിന്റെ സഹോദരി യാസ്മിൻ ഹസ്സൻ (45) വിവരം സ്ഥിരീകരിച്ചു.
‘‘ചെറിയ കുട്ടികളാണ് സെയ്‌നും അമാനിയും അഞ്ചും നാലും വയസ്സാണ് അവർക്ക്. അവർ എത്രമാത്രം ഭയന്നിട്ടുണ്ടാകുമെന്ന് ഓർക്കുമ്പോൾ...’’ ഉറ്റവരുടെ വിയോഗത്തിൽ തേങ്ങിക്കൊണ്ട് യാസ്മിൻ പറഞ്ഞു. യുകെ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിൽ ഞങ്ങൾക്ക് ദേഷ്യമില്ല. അതിന് സമയമെടുക്കുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് ദേഷ്യം വരുന്നത് എന്തുകൊണ്ടാണെന്ന് വെച്ചാൽ, ബ്രിട്ടിഷ് പൗരന്മാരായിട്ടും ആരും ഞങ്ങളെ ബന്ധപ്പെട്ട് സഹായം വാഗ്ദാനം ചെയ്യുകയോ ഞങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും യാസ്മിൻ കൂട്ടിചേർത്തു.
ഗാറ്റ്‌വിക്കിലേക്ക് 242 യാത്രക്കാരുമായി പോയ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തകർന്നത്. ബോയിങ് 787 ഡ്രീംലൈനർ വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40 നാണ് തകർന്നത്. വിമാനത്തിന്റെ ടേക്ക് ഓഫിന് ശേഷമുള്ള ഏറ്റവും നിർണായക ഘട്ടത്തിൽ പെട്ടെന്ന് പവർ നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്ന് വ്യോമയാന വിദഗ്ദ്ധർ പറയുന്നു.