ബർമിങ്ങാമിൽ യുകെകെസിഎയുടെ കമ്മ്യൂണിറ്റി സെന്റർ തുറന്നു

Mail This Article
ബർമിങ്ങാം∙ യുകെയിൽ ക്നാനായ കത്തോലിക്കാ അസോസിയേഷന് (യുകെകെസിഎ) ബർമിങ്ങാമിലെ ക്നാനായ കമ്മ്യൂണിറ്റി സെന്റർ പുനരുദ്ധീകരിച്ച് വീണ്ടും പ്രവർത്തനം ആരംഭിച്ചു. സിബി കണ്ടത്തിൽ പ്രസിഡന്റായുള്ള യുകെകെസിഎ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറു ലക്ഷം പൗണ്ട് ചെലവഴിച്ചാണ് കമ്മ്യൂണിറ്റി സെന്റർ നവീകരിച്ചത്.
റവ. ഫാദർ സുനി പടിഞ്ഞാറേക്കരയുടെ കാർമികത്വത്തിൽ വെഞ്ചിരിപ്പ് ചടങ്ങുകൾ നടന്നു. യുകെകെസിഎ പ്രസിഡന്റ് സിബി കണ്ടത്തിൽ നാട മുറിച്ച് സെൻട്രൽ കമ്മിറ്റി അംഗങ്ങളോടൊപ്പം ഹാളിലേക്ക് പ്രവേശിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് വലിയ ജനക്കൂട്ടത്തെ സാക്ഷി നിർത്തി നടന്ന പൊതുസമ്മേളനത്തിൽ മെനോറ വിളക്ക് തെളിയിച്ച് സിബി കണ്ടത്തിൽ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. യുകെകെസിഎ ട്രഷറർ റോബി മേക്കര ഹാളിന്റെ പണി പൂർത്തിയാക്കുന്നതിനും പണം കണ്ടെത്തുന്നതിനും നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ചു. യുകെകെസിഎ സെക്രട്ടറി സിറിൽ പനംങ്കാല സ്വാഗതം ആശംസിച്ചു.
ബർമിങ്ങാം സിറ്റി കൗൺസിലർ ഹർബിന്ദേർ സിങ്, ലുബി മാത്യു, റോബിൻസ് തോമസ്, ജോയ് കൊച്ചുപുരയ്ക്കൽ, മാത്യു പുരക്കൽത്തൊട്ടി, ജോയ് തോമസ്, ഫിലിപ് ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. 2015ൽ ഈ ഹാളും സ്ഥലവും വാങ്ങിയെങ്കിലും ഹാൾ പ്രവർത്തനരഹിതമായിരുന്നു. ഇപ്പോൾ 300 പേർക്കിരിക്കാവുന്ന ഒരു വലിയ ഹാളും 150 പേർക്കിരിക്കാവുന്ന ഒരു ചെറിയ ഹാളുമായി മനോഹരമായി പുനർനിർമിച്ചിട്ടുണ്ട്. ഇത് ബർമിങ്ങാമിലെ പൊതുസമൂഹത്തിന് ഉപകാരപ്രദമാകുമെന്ന് കൗൺസിലർ ഹർബിന്ദേർ സിങ് അഭിപ്രായപ്പെട്ടു.
ഹാളിന്റെ പുനരുദ്ധാരണത്തിന് സാമ്പത്തിക സഹായം നൽകിയ ലുബി മാത്യുവിനെ യോഗം അഭിനന്ദിച്ചു. കോട്ടയം ജോയിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും ഡിജെ പാർട്ടിയും പരിപാടിയുടെ ഭാഗമായി നടന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും രുചികരമായ ഭക്ഷണം നൽകി. യുകെകെസിഎ സെൻട്രൽ കമ്മിറ്റിയുടെ ഈ നേട്ടം ഏവർക്കും അഭിമാനിക്കാവുന്ന ഒന്നാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.