ഇറ്റലിയിൽ സഞ്ചാരികളെ വലച്ച് പാറ്റ ശല്യം: വിനോദസഞ്ചാര വ്യവസായത്തിന് വെല്ലുവിളി

Mail This Article
റോം ∙ ഇറ്റലിയിലെ അവധിക്കാല മേഖലകളിലേക്ക് എത്തുന്ന ആയിരക്കണക്കിന് സന്ദർശകർ ഇപ്പോൾ ആശങ്കയിലാണ്. തലസ്ഥാനമായ റോം ഉൾപ്പെടെയുള്ള നഗരങ്ങൾ അമേരിക്കൻ പാറ്റകളുടെ (പെരിപ്ലാനേറ്റ അമേരിക്കാന) രൂക്ഷമായ ശല്യത്താൽ വലയുകയാണ്. വേനൽക്കാലത്ത് സൂര്യപ്രകാശവും രുചികരമായ ഭക്ഷണവും ആസ്വദിക്കാൻ എത്തുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഈ വേനൽ സീസണിൽ റോമിൽ താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്നതും അന്തരീക്ഷത്തിലെ ഈർപ്പവും ഈ ജീവികളുടെ വ്യാപനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെസ്റ്റ് സയൻസ് മുന്നറിയിപ്പ് നൽകുന്നു. ചൂടും ഈർപ്പവും വർധിക്കുന്നതോടെ ഈ ഭീമൻ പാറ്റകൾ വീടുകളുടെ ബേസ്‌മെന്റുകളിലേക്കും ഇരുണ്ട മൂലകളിലേക്കും കൂട്ടമായി എത്തുന്നു. ഇത് നഗരവാസികൾക്കും അവധിക്കാലം ആഘോഷിക്കാനെത്തിയവർക്കും ആശങ്കയിലാഴ്ത്തുന്നു.
പേര് സൂചിപ്പിക്കുന്നത് അമേരിക്കൻ പാറ്റയാണെങ്കിലും, ഈ ഇനം യഥാർത്ഥത്തിൽ ദക്ഷിണേഷ്യയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് വിദഗ്ദ്ധർ പറയുന്നു. ലോകമെമ്പാടും വ്യാപിച്ചുകഴിഞ്ഞ ഈ പാറ്റകൾക്ക് അഞ്ച് സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഒരു സെന്റീമീറ്റർ മാത്രം വലുപ്പമുള്ള ജർമൻ പാറ്റയേക്കാൾ ഇവ വളരെ വലുതാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ പാറ്റകളിലൊന്നായും ഇവ അറിയപ്പെടുന്നു.
റോമിലെ പാറ്റ ശല്യത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമത്തിൽ വൈറലാണ്. ഇറ്റലിയിൽ, പ്രത്യേകിച്ച് വിനോദസഞ്ചാര വ്യവസായത്തിന്, ഇത് വെല്ലുവിളി സൃഷ്ടിക്കുന്നു.