250 രൂപയുടെ ടിക്കറ്റിന് ലഭിച്ചത് 2400 കോടി: യൂറോമില്യൻസ് നറുക്കെടുപ്പിൽ ജാക്ക്പോട്ട് ഇക്കുറി അയർലൻഡിൽ; ഭാഗ്യവാനായി തിരച്ചിൽ

Mail This Article
ഡബ്ലിൻ/ലണ്ടൻ ∙ യൂറോമില്യൻസ് നറുക്കെടുപ്പിൽ ജാക്ക്പോട്ട് തുകയായ 2483 കോടി രൂപ അയർലൻഡിൽ വിറ്റു പോയ ടിക്കറ്റിന് ലഭിച്ചുവെന്ന് അയർലൻഡിലെ നാഷനൽ ലോട്ടറി വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ യൂറോ മില്യൻസ് ചരിത്രത്തിലെ ഏറ്റവും വലിയ തുകകളിൽ ഒന്നായ 250 മില്യൻ യൂറോ ആയിരുന്നു ഒന്നാം സമ്മാനം. ഏകദേശം 2483,97,50,000 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ് ഭാഗ്യവാന് ലഭിക്കുക.
യൂറോപ്യൻ രാജ്യങ്ങളിലെ ഭാഗ്യ പരീക്ഷണങ്ങളിൽ ഏറ്റവും ഉയർന്ന തുക സമ്മാനമായി നൽകുന്ന ലോട്ടറിയാണ് യൂറോമില്യൻസ്. ടിക്കറ്റ് വാങ്ങിയവർ ഭാഗ്യ നമ്പരുകൾ ഒത്തു നോക്കി നാഷണൽ ലോട്ടറി വകുപ്പിനെ സമീപിക്കണമെന്ന് അധികൃതർ അറിയിച്ചു. ലക്കി സ്റ്റാർസ് 3 ഉം 5 ഉം ഉള്ള 13, 22, 23, 44, 49 തുടങ്ങിയ നമ്പറുകൾക്കാണ് ജാക്ക്പോട്ട് തുക നേടാനായത്. നറുക്കെടുപ്പ് കഴിഞ്ഞ് 180 ദിവസത്തിനുള്ളിൽ വിജയികൾക്ക് സമ്മാനം ക്ലെയിം ചെയ്യാം.
വിജയികളായ കളിക്കാർക്ക് സമ്മാനം ക്ലെയിം ചെയ്യുമ്പോൾ പേര് നൽകണോ അതോ അജ്ഞാതനായി തുടരണോ എന്ന് തീരുമാനിക്കാം. 2004 ഫെബ്രുവരി 7 ന് ഫ്രാൻസിലെ ഫ്രാൻസിസ് ഡെസ് ജ്യൂക്‌സ്, സ്‌പെയിനിലെ ലോട്ടേറിയസ് വൈ അപ്യൂസ്റ്റാസ് ഡെൽ എസ്റ്റാഡോ, യുകെയിലെ കാമലോട്ട് ഗ്രൂപ്പ് (ഇപ്പോൾ ആൽവിൻ ലോട്ടറി) എന്നിവർ ചേർന്നാണ് യൂറോ മില്യൻസ് ലോട്ടറി ആരംഭിച്ചത്. യൂറോ മില്യൻസിന്റെ ആദ്യ നറുക്കെടുപ്പ് 2004 ഫെബ്രുവരി 13ന് പാരിസിലാണ് നടന്നത്. തുടക്കത്തിൽ, യുകെ, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങൾ മാത്രമാണ് പങ്കെടത്തിരുന്നത്.

അയർലൻഡ്, അൻഡോറ, ബെൽജിയം, ഓസ്‌ട്രിയ, ഐൽ ഓഫ് മാൻ, ലിച്ചെൻസ്റ്റീൻ, ലക്സംബർഗ്, മൊണാക്കോ, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും ഇപ്പോൾ യൂറോമില്യന്‍സ് ലോട്ടറി നറുക്കെടുപ്പിൽ പങ്കെടുക്കാം. എല്ലാ തവണയും ഇത്രത്തോളം ഉയർന്ന തുക ലഭ്യമാകില്ല. ചിലപ്പോഴൊക്കെ വിജയി ഇല്ലാത്ത അവസരങ്ങളും ഉണ്ടാകാറുണ്ട്. ഇങ്ങനെ വിജയി ഇല്ലാതെ പോകുന്ന നറുക്കെടുപ്പിലെ സമ്മാന തുക കൂടി ചേർത്താണ് ഓരോ തവണയും നറുക്കെടുപ്പ് നടക്കുക. യുകെയിൽ രണ്ടര പൗണ്ടും അയർലൻഡ് ഉൾപ്പടെയുള്ള മറ്റ് രാജ്യങ്ങളിൽ രണ്ടര യൂറോയുമാണ് ഒരു ടിക്കറ്റിന്റെ വില. എല്ലാ ആഴ്ചകളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് യൂറോമില്യൻസ് നറുക്കെടുപ്പ്.