മരണത്തിന് തൊട്ടുമുൻപ് സെൽഫി; കരടിയുടെ ആക്രമണത്തിൽ ഇറ്റാലിയൻ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

Mail This Article
റുമാനിയയിൽ കരടിയുടെ ആക്രമണത്തിൽ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. കരടിയ്ക്കൊപ്പം നിന്ന് സെൽഫിയെടുത്തതിന് പിന്നാലെ വിനോദസഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. ഇറ്റാലിയൻ വിനോദ സഞ്ചാരിയായ ഒമർ ഫറാങ് സിന്നാണ് (49) കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
റുമാനിയയിലെ പ്രശസ്തമായ ട്രാൻസ്ഫാഗരാസൻ റോഡിലൂടെ സഞ്ചരിച്ച ഒമർ ഫരാങ് സിൻ കരടിയുമായി എടുത്ത ഫോട്ടോകളും വിഡിയോയും തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. പ്രദേശത്ത് കരടിയുടെ ആക്രമണത്തെ കുറിച്ച് മറ്റ് വിനോദസഞ്ചാരികൾ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഒമറിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഒമർ തന്റെ മോട്ടോർ സൈക്കിളിൽ നിന്ന് ഇറങ്ങി കരടിക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു. തുടർന്ന് കരടി അദ്ദേഹത്തെ ആക്രമിക്കുകയും കാട്ടിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. സംഭവം നടന്നിടത്തു നിന്നും കരടിയോടൊപ്പമുള്ള ചിത്രങ്ങൾ അടങ്ങിയ ഫോണും കണ്ടെത്തിയതായി ആർജസ് ഫോറസ്ട്രി ഡയറക്ടറേറ്റിന്റെ ഡയറക്ടർ അർമാൻഡ് ചിരിലോയു പറഞ്ഞു.
ലോംബാർഡിയുടെ വടക്കൻ മേഖലയിലെ സമരേറ്റ് പട്ടണത്തിലാണ് ഒമർ താമസിച്ചിരുന്നത്. മാൽപെൻസ വിമാനത്താവളത്തിലായിരുന്നു ഒമർ ജോലി ചെയ്തിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് zin.omar.7 ഫേസ്ബുക്ക് പേജിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്)