ADVERTISEMENT

ദോഹ∙  എടിഎം,  ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ തെളിയിക്കുന്നതിൽ ഖത്തറിന് പൂർണവിജയം. 2011 മുതലുള്ള തട്ടിപ്പുകളിൽ മുഴുവൻ പ്രതികളെയും പിടികൂടാനായെന്ന് സാമ്പത്തിക- സൈബർ കുറ്റകൃത്യ പ്രതിരോധ വിഭാഗം(ഇ ആൻഡ് സിസിസിഡി) വ്യക്തമാക്കി. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പൂർണമായും തുടച്ചുനീക്കുന്നതിനു മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് ഇ ആൻഡ് സിസിസിഡി തലവൻ കേണൽ അലി ഹസൻ അൽ കുവൈസി പറഞ്ഞു. 

ആഭ്യന്തരമന്ത്രാലയത്തിലെ ജനറൽ ഡയറക്ട്രേറ്റേ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനു കീഴിലാണ് ഇ ആൻഡ് സിസിസിഡിയുടെ പ്രവർത്തനം. മാസ്റ്റർകാർഡ്, വീസ കാർഡ്  അതോറിറ്റികളുമായുള്ള മികച്ച ബന്ധം തട്ടിപ്പുകാരെ കുടുക്കുന്നതിൽ ഏറെ സഹായകമാകുന്നു.വ്യാജ ചെക്കുകൾ ഉപയോഗിച്ചുള്ള തട്ടിപ്പു കേസുകളുമുണ്ട്.  ഖത്തറിനു പുറത്തുനിന്നാണ്  ഇവരുടെ പ്രവർത്തനമെന്ന് കേണൽ അൽ കുവൈസി പറഞ്ഞു. 

 തട്ടിപ്പുകൾ തടയുന്നതിനും ഭീഷണി പ്രതിരോധിക്കുന്നതിനും  ഇ ആൻഡ് സിസിസിഡിക്കു കീഴിൽ പ്രത്യേക സമിതിയുണ്ട്. ബാങ്കുകളുടെയും മറ്റു സാമ്പത്തിക സ്ഥാപനങ്ങളുടേയും പ്രതിനിധികൾ ഉൾപ്പെട്ടതാണ് സമിതി. ഫോറൻസിക് ലബോറട്ടറി, സുരക്ഷാ പ്രിന്റിങ് പ്രസ് വിദഗ്ദ്ധരുടെ സേവനവും സമിതി  ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. തട്ടിപ്പു ചെക്കുകൾ തിരിച്ചറിയാൻ ബാങ്കുകൾക്ക് ഇ ആൻഡ് സിസിസിഡി സഹായം ലഭ്യമാക്കുന്നുണ്ട്. 

കാർഡ് ഉപയോഗത്തിൽ കരുതൽ അത്യാവശ്യം

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളാണ് തട്ടിപ്പിന് കൂടുതലും ഇരകളാകുന്നത്. ഇലക്ട്രോണിക് ഇടപാടുകൾ നടത്തുന്നതിലും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ കൈകാര്യം ചെയ്യുന്നതിലെ അനവധാനതയും പരിമിതമായ അറിവുകളുമാണ് തട്ടിപ്പുകാർക്ക് സഹായകമാകുന്നത്. എടിഎം, ക്രെഡിറ്റ് കാർഡുകൾ, പാസ്‌വേർഡ്, പിൻനമ്പർ എന്നിവ മറ്റൊരാൾക്കും കൈമാറരുത്.

സ്‌കിമ്മിങ് ഉൾപ്പടെ വിവിധതരം തട്ടിപ്പുകൾ സംബന്ധിച്ച് പരാതികൾ  ഖത്തറിൽ ലഭിച്ചിട്ടുണ്ട്. സ്വൈപ്പിങ് മെഷീനിൽ പ്രത്യേക ഉപകരണം ഘടിപ്പിച്ച് കാർഡിലെ വിവരങ്ങൾ ചോർത്തി പുതിയ കാർഡ് നിർമിക്കുന്ന രീതിയാണ് സ്‌കിമ്മിങ്. ഡെബിറ്റ്,  ക്രെഡിറ്റ്, ക്യാഷ് കാർഡുകളുടെ മാഗ്നറ്റിക് സ്ട്രിപ്പിൽ നിന്നും കാർഡ് വിവരങ്ങൾ അനധികൃതമായി ചോർത്തുകയാണ് സ്കിമ്മിങ്ങിൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com