ADVERTISEMENT
amir-police
അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പൊലീസ് ആസ്ഥാനം സന്ദർശിച്ചപ്പോൾ.‌

കുവൈത്ത് സിറ്റി∙ ദേശ സുരക്ഷക്കായി സേവനം അനുഷ്ഠിക്കുന്നവർക്ക് റമസാൻ ആശംസയുമായി അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ സന്ദർശനം തുടരുന്നു. ആഭ്യന്തര മന്ത്രാലയം ആ‍സ്ഥാനം സന്ദർശിച്ച അമീർ രാജ്യത്തെ പൊലീസുകാർക്ക് ആശംസ നേർന്നു. സേനയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശേഷി പലവട്ടം തെളിയിച്ചവരാണു കുവൈത്ത് പൊലീസ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പൊതു/സ്വകാര്യ വസ്തുക്കളുടെ സം‌രക്ഷണത്തിനായും അവർ നന്നായി പരിശ്രമിച്ചു.

ഇതര വിഭാഗങ്ങളുമായി സഹകരിച്ചു പൊലീസിന്റെ പ്രവർത്തനങ്ങൾ സ്വദേശികളും വിദേശികളും ഒരുപോലെ അംഗീകരിക്കുന്നുവെന്നും അമീർ പറഞ്ഞു. രാജ്യത്തു കണ്ടുവരുന്ന ചില മോശം പ്രവണതകൾക്കെതിരെ ഉണർന്നു പ്രവർത്തിക്കണമെന്ന് അദ്ദേഹം പൊലീസുകാരെ ഓർമിപ്പിച്ചു. ലഹരി ഉപയോഗം, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയവയ്ക്കെതിരെ കർശന നടപടി വേണം. സംസ്കാരവും തനിമയും നശിപ്പിക്കുന്ന പ്രവണതകളെ ഒരുവിധത്തിലും സഹായിക്കരുത്. അവയ്ക്കെതിരെ നിയമപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്നും അമീർ പറഞ്ഞു.

കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് എന്നിവർ അമീറിനെ അനുഗമിച്ചു. അഗ്നിശമന വിഭാഗം ആസ്ഥാനത്ത് അമീറിനെയും സംഘത്തെയും ഡയറക്ടർ ജനറൽ ഖാലിദ് അൽ മക്റാദിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അപകടവേളയിൽ ബുദ്ധിപൂർവം പ്രവർത്തിക്കേണ്ടതിനെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കണമെന്ന് അമീർ സേനാംഗങ്ങളോട് അഭ്യർഥിച്ചു. സേന രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും നൽകുന്ന പരിരക്ഷ പ്രശംസാർഹമാണെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com