ADVERTISEMENT

ദോഹ∙   അമീർ കപ്പ് ഫൈനൽ മത്സരം കാണാൻ  അൽ വക്ര സ്‌റ്റേഡിയത്തിലേക്ക് എത്തുന്നവർക്ക് പ്രത്യേക സുരക്ഷ മാർഗ നിർദേശങ്ങൾ.   ഇന്നു രാത്രിയാണ് സ്റ്റേഡിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും തുടർന്ന് അമീർ കപ്പ് ഫൈനലും നടക്കുക.  ദുഹൈൽ, അൽ സദ്ദ് ക്ലബുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. 

കളികാണാൻ എത്തുന്ന എല്ലാവരും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. 

വളർത്തു മൃഗങ്ങളുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശനം സാധ്യമല്ല.  പന്തയംവയ്ക്കൽ, പുകവലി,  റാലികൾ, അനധികൃത വ്യാപാരം,  സംഭാവന പിരിക്കൽ എന്നിവയ്ക്കും അനുമതിയില്ല. കളിക്കളത്തിൽ പ്രവേശിക്കുന്നതും പ്രവേശന, നിർഗമന കവാടങ്ങളിലും  കോണിപ്പടികളിലും തടസം സൃഷ്ടിക്കുന്നതും  വിലക്കിയിട്ടുണ്ട്.  വ്യാജ ടിക്കറ്റുകളുമായി ആരും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മെട്രോ സർവീസ്‌ പുലർച്ചെ 3 വരെ

ദോഹ∙അമീർ കപ്പ്‌ ഫൈനൽ കഴിഞ്ഞ്‌ കാണികൾക്ക്‌ സുഗമമായി മടങ്ങാൻ പുലർച്ചെ 3 വരെ ദോഹ മെട്രോ സർവീസ്‌ നടത്തും. സ്‌റ്റേഡിയത്തിലേക്കുള്ള കവാടങ്ങൾ വൈകിട്ട്‌ 7.30നാണ്‌ തുറക്കുക. 9.15നാണ്‌ സ്‌റ്റേഡിയം ഉദ്‌ഘാടനം. 10.30 നാണ്‌ ഫൈനൽ കിക്കോഫ്‌. കളി കഴിഞ്ഞ്‌ കാണികൾക്ക്‌ മടങ്ങാനാണ്‌ വെള്ളി പുലർച്ചെ 3 വരെ മെട്രോ സർവീസ്‌ നീട്ടിയത്‌. ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 11 വരെയാണ്‌ മെട്രോ  റഗുലർ സർവീസ്‌.   

ഇതൊന്നും അനുവദിക്കില്ല

കഠാരകൾ, തോക്കുകൾ തുടങ്ങി എല്ലാത്തരം ആയുധങ്ങൾക്കും നിരോധനമുണ്ട്.  രാസവസ്തുക്കൾ, പടക്കങ്ങൾ, സ്‌ഫോടകവസ്തുക്കൾ, ലഹരിമരുന്ന്, ലഹരി പാനീയങ്ങൾ എന്നിവയ്ക്കും നിരോധനമുണ്ട്. ഖത്തർ ഇതര രാജ്യങ്ങളുടെ പതാകകൾ, ബോളുകൾ, എറിഞ്ഞുകളിക്കുന്ന പ്ലാസ്റ്റിക് തളികകൾ, സ്ഫടിക നിർമിത വസ്തുക്കൾ,  ഒരു മീറ്ററിലധികമുള്ള കൊടിക്കമ്പുകൾ, പെർഫ്യുമുകൾ, വാസനത്തൈലങ്ങൾ, പുഷ്‌ചെയറുകൾ എന്നിവക്കും വിലക്കുണ്ട്. കുടകൾ, സെൽഫി സ്റ്റിക്കുകൾ, സിഗരറ്റുകൾ, ലൈറ്ററുകൾ, സൈക്കിൾ, സ്കേറ്റ്‌ബോർഡുകൾ, റെക്കോർഡിങ് ഉപകരണങ്ങൾ, ഹോണുകൾ, ലേസറുകൾ, ബാറ്ററികൾ, പവർബാങ്കുകൾ എന്നിവയും  സ്റ്റേഡിയത്തിൽ അനുവദിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com