ADVERTISEMENT

അബഹ• മോഷണക്കുറ്റത്തിന്‌ പിടിയിലായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ സൗദി കോടതി വിധി. സൗദിയിലെ തെക്കന്‍ നഗരമായ അബഹയിൽ റസ്റ്ററന്റ് ജീവനക്കാരനായ ആലപ്പുഴ നൂറനാട്‌ സ്വദേശിയാണ്‌ കേസിൽ അകപ്പെട്ടത്‌. നിലവിൽ ഇദ്ദേഹം തടവിലാണ്‌. 

താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷത്തി 10,000 റിയാൽ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവാണ്‌ പണം മോഷ്ടിച്ചതെന്ന് തെളിഞ്ഞിരുന്നു. ഇദ്ദേഹം ഇതേ സ്ഥാപനത്തിൽ ആറ്‌ വർഷമായി തൊഴിൽ ചെയ്ത്‌ വരികയായിരുന്നു. നേരത്തെ ഇദ്ദേഹത്തിന്റെ കൂടെ സഹജീവനക്കാരായ‌ സുഹൃത്ത് സ്പോൺസർക്ക്‌ നൽകാനുള്ള തുകയ്ക്ക്‌ ജാമ്യം നിൽക്കുകയും സുഹൃത്ത്‌ തുക തിരിച്ചടയ്ക്കാതായപ്പോൾ ഇദ്ദേഹത്തിൽ നിന്ന് ഇടാക്കിയെന്നും പറയപ്പെടുന്നു. 

ഈ സംഭവമാണ്‌ മോഷണത്തിനു ഇയാളെ പ്രേരിപ്പിച്ചത്‌. ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക്‌ പോകാൻ രേഖകൾ ശരിപ്പെടുത്തിയതിന്‌ ശേഷമാണ്‌ പ്രതി കുറ്റം ചെയ്തത്‌. മോഷ്ടിക്കപ്പെട്ട മുഴുവൻ തുകയും പ്രതിയിൽ നിന്ന് കണ്ടെടുക്കുകയും സുഹൃത്തുക്കളുടെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ കൂടിയാണ്‌ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയുടെ വിധി. 

മേയ്‌ 22 (റമസാൻ 17) വരെ അപ്പീൽ നൽകാനുള്ള സാവകാശമുണ്ട്‌. നാട്ടിലെ കുടുംബത്തിന്റെ അഭ്യർഥന പ്രകാരം അസീറിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകൻ സഈദ്‌ മൗലവി നിയമ സഹായത്തിനായി ഇടപെട്ടിട്ടുണ്ട്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com