ADVERTISEMENT

അബുദാബി ∙ ഫുജൈറ തീരത്തു എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ  ആക്രമണങ്ങളിൽ യുഎഇയും സൗദിയും  യുഎൻ രക്ഷാസമിതിക്കു പരാതി നൽകി. ആഗോള എണ്ണമേഖലയ്ക്കു ഭീഷണിയാണ് ഇത്തരം ആക്രമണങ്ങളെന്നു പരാതിയിൽ പറയുന്നു. അതേസമയം, റിയാദിൽ എണ്ണ വിതരണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനും ഹൂതി വിമതരുമാണെന്നു സൗദി ആരോപിച്ചു.

സൗദി അറേബ്യ,  നോർവേ എന്നീ രാജ്യങ്ങളും കൂടി ഒപ്പിട്ട പരാതിയാണ്  യുഎൻ രക്ഷാസമിതിക്കും സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസിനും യുഎഇ കൈമാറിയത്. രാജ്യാന്തര സമുദ്രഗതാഗത സുരക്ഷയ്ക്കും കപ്പൽ ജീവനക്കാരുടെ ജീവനും ഭീഷണിയായ ഇത്തരം ആക്രമണങ്ങൾ, പരിസ്ഥിതി ദുരന്തസാധ്യത വർധിപ്പിക്കുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു. 

ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനു യുഎസിന്റെയും ഫ്രാൻസിന്റേയും സഹായം ലഭിക്കുന്നുണ്ടെന്നും അന്വേഷണം അടുത്തദിവസങ്ങളിൽ പൂർത്തിയാകുമെന്നും വിദേശകാര്യമന്ത്രി അൻവർ ഗർഗാഷ് അറിയിച്ചു.  മേഖലയിലെ പ്രശ്നങ്ങൾക്കു കാരണം ഇറാനാണെന്നും എന്നാൽ, കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലാരെന്നു ഇപ്പോൾ പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയം, ചൊവ്വാഴ്ച രാവിലെ റിയാദിലെ എണ്ണ പമ്പിങ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദികൾ ഇറാനും ഹൂതി വിമതരുമാണെന്നു സൗദി യുഎന്നിനെ അറിയിച്ചു. യുഎന്നിലെ സൗദിയുടെ സ്ഥിരാംഗം അബ്ദുല്ല ബിൻ യഹ്യ അൽ മാലമി ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് കൈമാറി. ഞായറാഴ്ച രാവിലെയാണ് ഫുജൈറ തീരത്തു നാലു കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു പിന്നിൽ ഇറാനു പങ്കുണ്ടെന്നു സംശയിക്കുന്നതായി അമേരിക്ക വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com