sections
MORE

യുഎഇയിൽ ഡ്രൈവർ ആകാൻ ഇനി കേരളത്തിലും പരിശീലനം

uae-driving-license
SHARE

ദുബായ്∙ യുഎഇയിൽ തൊഴിലന്വേഷണത്തിന് തയാറെടുക്കുന്നവര്‍ക്ക് സന്തോഷ വാർത്ത. യുഎഇ ഡ്രൈവിങ് ലൈസൻസ് നേടാൻ കേരളത്തിലടക്കം ഇന്ത്യയിലെ 20 കേന്ദ്രങ്ങളിൽ പരിശീലനം ആരംഭിക്കുന്നു. ക്ലാസുകൾ പൂർത്തിയാക്കുന്നവർക്ക് സര്‍ടിഫിക്കറ്റുകൾ ലഭിക്കും. അതിന് ശേഷം യുഎഇയിൽ വരുമ്പോൾ ഹ്രസ്വ പരിശീലന ക്ലാസുകളിൽ പങ്കെടുത്ത ശേഷം ഡ്രൈവിങ് ടെസ്റ്റ് നൽകേണ്ടതാണ്.  യുഎഇയിലെത്തി ഡ്രൈവിങ് ലൈസൻസിനായി കാത്തിരുന്ന് സമയവും പണവും നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഇതെന്ന് അധികൃതർ പറഞ്ഞു. 

ഇന്ത്യയിലെ നാഷനൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ(എൻഎസ് ഡിസി), യുഎഇയിലെ എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, യുഎഇ യൂത്ത് ചേംബർ ഒാഫ് കൊമേഴ്സ് എന്നിവ സംയുക്തമായാണ് ഇന്ത്യയിൽ പരീശീലന സംവിധാനം നടപ്പിലാക്കുന്നത്. യുഎഇ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പണവും സമയവും ലാഭിക്കാൻ ഇൗ സംവിധാനം പ്രയോജനകരമാകുമെന്ന് എൻഎസ്‌ഡിസി എംഡിയും സിഇഒയുമായ ഡോ.മനീഷ് കുമാർ പറഞ്ഞു.

എക്സ്പോ 2020യിൽ വൻതോതിൽ ഡ്രൈവർമാരെ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ തൊഴിലന്വേഷകർക്ക് ഇതേറെ ഗുണകരമാകുമെന്ന് എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനും ബെൽഹാസ ഗ്രൂപ്പ് വൈസ് ചെയർമാനുമായ അമർ ബെൽഹാസ പറഞ്ഞു. ജൂലൈയിൽ ആദ്യ സംഘത്തിന് പരിശീലനം നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ ഡ്രൈവിങ് പരിശീലനം നേടിയ ശേഷം യുഎഇയിലെത്തി തുടർ പരിശീലനവും ഡ്രൈവിങ് ടെസ്റ്റും നൽകുന്നവർക്ക് ആത്മവിശ്വാസം പകരാനും ഇംഗ്ലീഷ് ഭാഷയടക്കം കൈകാര്യം ചെയ്യുന്നതിനും പുതിയ പദ്ധതി സഹായകരമാകും. 

പത്തിലേറെ തവണ ടെസ്റ്റ് നടത്തിയിട്ടും ലൈസൻസ് ലഭിക്കാത്ത മലയാളികളടക്കം ഒട്ടേറെ പ്രവാസികള്‍ യുഎഇയിലുണ്ട്. ഇതുമൂലം ജോലി നഷ്ടപ്പെടുന്നവരും ഏറെ. 5,000 ദിർഹം(95,000 ലേറെ രൂപ)  മുതൽ 7,000 ദിർഹം(1,33,000 രൂപ) വരെയാണ് യുഎഇയിൽ സാധാരണ ഗതിയിൽ ഡ്രൈവിങ് ലൈസൻസെടുക്കാൻ ചെലവാകുക. എന്നാൽ, ഇന്ത്യയിൽ പരിശീലനത്തിന് ഇൗടാക്കുന്ന തുക വെളിപ്പെടുത്തിയിട്ടില്ല.

പരിശീലനം എവിടെയൊക്കെ?

ഇന്ത്യയിലെ 15 മുതൽ 20 വരെ കേന്ദ്രങ്ങളിലാണ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുക. കേരളം കൂടാതെ, ഉത്തർപ്രദേശ്, പഞ്ചാബ്, ജാർഖണ്ഡ്, ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽ ആദ്യ ഘട്ടത്തിൽ സംവിധാനം ഒരുക്കും.  യുഎഇയിൽ നിന്ന് പരിശീലകരെ ഇന്ത്യയിലേയ്ക്കയക്കും. യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ വാഹനത്തിന്റെ ഇടതുവശത്താണ് സ്റ്റിയറിങ് എന്നതിനാൽ അത്തരത്തിലുള്ള കാറുകളായിരിക്കും പരിശീലനത്തിന് ഉപയോഗിക്കുക.  കൂടാതെ, യുഎഇയിലേത് പോലെ റോഡുകളും ഇന്ത്യയിൽ നിർമിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA