sections
MORE

നീ ഞങ്ങളെ വിട്ടുപോകില്ല; അജ്‌മാനിലെ മലയാളി വിദ്യാർഥിനിയെ അനുസ്മരിച്ച് അധ്യാപകൻ

stud
കഴിഞ്ഞ വർഷത്തെ നാഷണൽ ഡേ സെലിബ്രേഷനിൽ ഉത്സാഹത്തോടെ പങ്കെടുക്കുന്ന ജെംസിൻ (വീൽചെയറിൽ)
SHARE

ഷാർജ ∙ അജ്മാൻ അൽ അമീർ ഇംഗ്ലീഷ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ജെംസിൻ സാറാ ജോണിന്റെ വിയോഗത്തിൽ അധ്യാപകന്റെ വികാര നിർഭരമായ അനുസ്മരണക്കുറിപ്പ്. സ്കൂളിലെ മലയാളം അധ്യാപകനും കവിയുമായ മുരളി മംഗലത്താണ് തന്റെ പ്രിയ ശിഷ്യയുടെ അകാല മരണത്തിൽ ഹൃദയം തകർന്ന് ഓർമകൾ പങ്കുവച്ചിരിക്കുന്നത്.

മുരളി മംഗലത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

അൽ അമീറിൽ ഇന്ന് ആകെ മൂടിക്കെട്ടിയ ദിനമാണ്. പബ്ലിക് സ്പീക്കിങ് സിസ്റ്റത്തിലൂടെ പ്രിൻസിപ്പൽ എസ് .ജെ .ജേക്കബിന്റെ അനൗൺസ്‌മെന്റ് വന്നത് വിതുമ്പിക്കൊണ്ടാണ്. രോഗത്തെ നിസ്സാരമായിത്തള്ളി ഒരു വിദ്യാലയത്തെ മുഴുവൻ പ്രചോദിപ്പിച്ച, വാക്കുകൾ കൊണ്ട് വിസ്‌മയിപ്പിച്ച  ജെംസിൻ സാറാ ജോൺ ഇന്ന്(15 മേയ് 2019) രാവിലെ 6.18ന് നിശ്ശബ്ദയായി. കഴിഞ്ഞ ആഴ്ച്ച വരെ പരസഹായത്തോടെയാണ് വന്നിരുന്നതെങ്കിലും കാണുന്നവരെയൊക്കെ തൻറെ  മാന്ത്രികശബ്ദത്തിൽ പിടിച്ചുനിർത്തിയിരുന്ന ഒരു കൊച്ചുമിടുക്കിയെയാണ് അൽ അമീർ സ്‌കൂളിന് നഷ്ടമായത്. നിശ്ശബ്ദ പ്രാർഥനയിലൂടെ ഒരു നിമിഷം ആ മാലാഖക്കുഞ്ഞിന്റെ ആത്മശാന്തിക്കായി അൽ അമീർ മുഴുവനും ഒറ്റ ഹൃദയമായി പ്രാർത്ഥിച്ചു.

തൃശൂർ പാണഞ്ചേരി  ജോൺ വർഗീസിൻറെയും സൈറ പോളിന്റെയും മൂന്നാമത്തെ മകളാണ് ജെംസിൻ സാറാ ജോൺ. അജ്മാനിൽ ജോലി ചെയ്യുന്ന ജെസിൻ സാറാ ജോൺ,നാട്ടിൽ കാർഡിയാക് എയർ ടെക്നോളജിക്ക്  കോഴ്സ് ചെയ്യുന്ന ജെറിൻ സാറാ ജോൺ,അൽ അമീർ സ്‌കൂളിൽ ഏഴാം ക്ലാസ്സ് വിദ്യാർഥിനിയായ ജെസ്റ്റീന സാറാ ജോൺ എന്നിവർ സഹോദരിമാരാണ്. അജ്മാൻ അൽ ബുസ്താനിലാണ് താമസിച്ചിരുന്നത്. 

teach
ജെംസിൻ, അധ്യാപകനും കവിയുമായ മുരളി മംഗലത്ത്

അൽ അമീറിൽ 5–ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇടയ്ക്കിടയ്ക്കു വന്നിരുന്ന തലവേദനയായിരുന്നു തുടക്കം. പിന്നീടാണ് ജെംസിന്  ബ്രെയിൻ ട്യൂമർ ആണെന്ന് തിരിച്ചറിഞ്ഞത്. നാട്ടിൽത്തന്നെയാണ് ചികിത്സ നടത്തിയിരുന്നത്. വിജയകരമായി ശസ്തക്രിയയും കഴിഞ്ഞ വർഷം നടത്തി. 7–ാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടർ ചികിത്സയ്ക്കായി പലപ്പോഴും നാട്ടിൽ പോകേണ്ടിവന്നിരുന്നു. ഈ വർഷം വളരെ ഉത്സാഹത്തോടെയാണ് ജെംസിൻ ക്‌ളാസ്സിൽ വന്നുതുടങ്ങിയത്. സ്‌കൂൾ മുഴുവനും സന്തോഷിച്ചു. തന്നെ  കാർന്നുതിന്നിരുന്ന മാരകരോഗത്തിൽനിന്ന് അവൾ പരിപൂർണ്ണമായും രക്ഷപ്പെട്ടു എന്നുതന്നെ ഓരോരുത്തരും ആശ്വസിച്ചു. 

പക്ഷേ, എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞത് രണ്ടുമൂന്നു  ദിവസം മുൻപാണ്. തലച്ചോറിനെ ബാധിച്ചിട്ടുള്ള രോഗമായതിനാൽ ഇടയ്ക്ക് ഫിറ്റ്സിനെയും അവൾക്കു നേരിടേണ്ടിയിരുന്നു. അത്തരം ഒരാക്രമണത്തിൽ അവളാകെ കുഴഞ്ഞുപോയി. വളരെ പെട്ടെന്നുതന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. ഞങ്ങളുടെ സ്നേഹക്കുരുന്ന് വെന്റിലേറ്ററിൽ ആണെന്ന പീഡാത്മകമായ വാർത്ത ജേക്കബ് സാർ പങ്കുവച്ചു. തങ്ങൾ വിശ്വസിക്കുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് ജാതിമതഭേദമെന്യേ ഓരോ ടീച്ചറും പ്രാർഥനയിൽ മുഴുകി. ഉള്ളു പിടഞ്ഞാണ് ഓരോരുത്തരും സന്ദേശങ്ങൾ അയച്ചത്. ജെംസിനെ പഠിപ്പിച്ചവരും അല്ലാത്തവരും ഒക്കെ ആ പ്രാർത്ഥനയിൽ പങ്കുചേർന്നു. ഒരിക്കലെങ്കിലും ആ മോളെ കണ്ടിട്ടുള്ളവർക്ക് അവളെ മറക്കാൻ കഴിയുമായിരുന്നില്ല.

നാട്ടിലെ ചികിത്സ കഴിഞ്ഞു വരുന്ന ഓരോ അവസരത്തിലും ജെംസിൻ തൻറെ അനുഭവങ്ങൾ കൂട്ടുകാരും ടീച്ചർമാരുമായും പങ്കിട്ടിരുന്നു. പ്രത്യേകിച്ച് ഞായറാഴ്ച ദിവസങ്ങളിൽ  ഫസ്റ്റ് പീരിയഡ് അൽ അമീറിൽ കുട്ടികൾക്ക് പബ്ലിക് സ്പീക്കിങ്ങിൽ പരിശീലനം നൽകുന്ന ദിവസമാണ്. അന്ന് സൂപ്പർവൈസർ സുജാത പ്രകാശും മറ്റു ടീച്ചർമാരും ജെംസിൻറെ ക്ലാസ്സ് റൂം തേടിയെത്തും. തൻറെ രോഗാവസ്ഥയെക്കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും അവൾ ഓരോ കൂട്ടുകാരിയേയും ഭാവിയെക്കുറിച്ചു സ്വപ്നം കാണാൻ പ്രേരണ നൽകും വിധമാകും സംസാരിക്കുക. പോസിറ്റിവ് എനർജി ക്ലാസ്സിൽ മുഴുവൻ ഓജസ്സോടെ പ്രസരിപ്പിക്കും.ഒപ്പം താൻ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ഔന്നത്യങ്ങളെക്കുറിച്ചും വാചാലയാകും.

ഇന്നു രാവിലെ ജെംസിന്റെ ക്ലാസ്സിൽ എത്തിയപ്പോൾ എനിക്കും കരയാതിരിക്കാൻ കഴിഞ്ഞില്ല. ഓരോ കൂട്ടുകാരിയും കനത്ത മുഖവുമായി കുനിഞ്ഞിരിക്കുന്നു.ക്ലാസ്സ് ടീച്ചർ മിസ്സിസ് സുജ രഞ്ജിത്തിനു മിണ്ടാനേ കഴിയുന്നില്ല. മിസ്സിസ് സുജാത പ്രകാശ് വിങ്ങിപ്പൊട്ടി നിന്നിരുന്നതിനാൽ ഒന്നും പറയാനാവാതെ ഒന്നു നോക്കുക മാത്രം ചെയ്തു. രാവിലെ സ്റ്റാഫ് റൂമിൽ വന്നുകയറുമ്പോൾ മിസ്സിസ് സജീന സുനിൽ നിരന്തരം കണ്ണു തുടയ്ക്കുന്നത് ഞാൻ കണ്ടതാണ്. സൂപ്പർവൈസർമാരായ മിസ്സിസ് ബീനയും മിസ്സിസ് റഫാത്തും മിസ്സിസ് ഗീത നാരായണനും മിസ്സിസ് ഷർമിള ഉണ്ണികൃഷ്ണനും വിതുമ്പുന്ന മിഴികളുമായി എന്നെ കടന്നുപോയി. കരിക്കുലം ഹെഡ് മിസ്സിസ് ലത വാരിയർ ആകെ വിഷമിച്ചു നീങ്ങിയിരുന്നു. അക്കാദമിക് കോ ഓഡിനേറ്റർ സൈഫുദീൻ ഹംസ പിടി തരാതെ മാറി നടന്നു. വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ ഗൗരവത്തിൻറെ മുഖം മൂടിയിൽ തൻറെ നോവ് മറച്ചു.

അൽ അമീർ മുഴുവൻ ഇന്നു കരയുകയായിരുന്നു. പഴയ ക്ലാസ് ടീച്ചർ മിസ്സിസ് നിമ്മിയും ഇംഗ്ലീഷ് ടീച്ചർ സിമി ഏർണെസ്റ്റും കരഞ്ഞുകൊണ്ടുതന്നെ വാതോരാതെ ജെംസിനെക്കുറിച്ചു വിലപിച്ചുകൊണ്ടിരുന്നു.അൽ അമീറിലെ ഓരോ മണൽത്തരിയും വിങ്ങുകയാണ്.ഞങ്ങൾക്ക് നഷ്ടപ്പെട്ടത് വെറും ഒരു വിദ്യാർത്ഥിനിയെ അല്ല. രോഗത്തിൻറെ മുൾമുനകളിലൂടെ വേച്ചുവേച്ചു നീങ്ങുമ്പോഴും നിരന്തരം ഊർജം പകർന്നുകൊണ്ടിരുന്ന ഒരു വിസ്മയഹാസമാണ്. പേരുപോലെത്തന്നെ ഒരു ജെം. നീ ഞങ്ങളെ ഒരിക്കലും വിട്ടുപോകില്ല ഓമനക്കുരുന്നേ. എന്നും ഞങ്ങൾക്കൊപ്പം നീ ജീവിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA