ADVERTISEMENT

ദോഹ∙ അമീർ കപ്പ് ഫൈനലിൽ സുഗമഗതാഗതത്തിന് പൊതുഗതാഗത കമ്പനിയായ മോവസലാത്ത് ഉപയോഗിച്ചത് പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ. ഇതാദ്യമായാണ് ഖത്തറിൽ ഇ-ബസുകളിൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തിയത്. മാസങ്ങളായി യാത്രക്കാരില്ലാതെ ഇ-ബസുകൾ പരീക്ഷണ ഓട്ടം നടത്തിവരികയായിരുന്നു. 

 10,000ൽ അധികം കാണികളെയും 6,000ൽ അധികം വിദ്യാർഥികളെയും അൽ വക്രയിലെ അൽ ജനൂബ് സ്‌റ്റേഡിയത്തിലെത്തിച്ചത്  ഇ-ബസുകളിൽ ആയിരുന്നു. 2030ലേക്കുള്ള  ദേശീയ ദർശനരേഖയിലെ  ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കൽ, സുസ്ഥിര പരിസ്ഥിതി സംരക്ഷണം  എന്നീ ലക്ഷ്യങ്ങളോടെയാണ് ഇ-ബസുകൾ  ഉപയോഗിച്ചതെന്ന് മോവസലാത്ത് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

മുതിർന്ന ഫുട്‌ബോൾ ആസ്വാദകരെ കൊണ്ടുപോകാൻ 115 ബസുകളും വിദ്യാർഥികൾക്കായി 75 ബസുകളുമാണ് ഉപയോഗിച്ചത്. സ്‌റ്റേഡിയം ഉദ്ഘാടനവും അമീർകപ്പ് ഫൈനലും കാണാൻ എത്തിയത് 38,678 പേരാണ്. അംഗപരിമിതർക്ക് ഇ-ബസുകളിൽ സുഗമ പ്രവേശനം ഉറപ്പാക്കാൻ വീൽചെയർ സൗകര്യവും ഉണ്ടായിരുന്നു. 

ദോഹ മെട്രോയിലെത്തിയ യാത്രക്കാരെ സ്റ്റേഡിയത്തിലേക്ക് എത്തിക്കാൻ ഖത്തർ റെയിലിന്റെ സഹകരണത്തോടെ മെട്രോലിങ്ക് ഫീഡർ ബസുകളും മോവസലാത്ത്  സർവീസിന് ഇറക്കിയിരുന്നു. 

 അമീർ കപ്പ് ഫൈനലിനായി കാര്യക്ഷമമായ ഇടപെടലാണ് മോവസലാത്ത് നടത്തിയത്. ഇതാദ്യമായാണ് മോവസലാത്ത് ബസുകളിൽ ഒരു ദിവസം ഇത്രയേറെ യാത്രക്കാർ സഞ്ചരിക്കുന്നത്. 

  അൽജനൂബ് സ്റ്റേഡിയത്തിൽ  യാത്രക്കാരെ ഇറക്കി തിരികെ മെട്രോ സ്റ്റേഷനിലെത്താൻ ബസുകൾ  2 മിനിറ്റ് മാത്രമാണ് എടുത്തത്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിൽ ഗതാഗത വാർത്താവിനിമയ മന്ത്രാലയം മോവസലാത്തിന് വലിയ സഹായം നൽകുന്നുണ്ടെന്ന്  ചീഫ് എക്‌സിക്യുട്ടിവ് ഓഫിസർ ഫഹദ് സാദ് അൽ ഖഹ്താനി പറഞ്ഞു. 

അമീർ കപ്പ് ഫൈനലിനായി ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ, സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ റെയിൽ എന്നിവയുമായി സഹകരിച്ചായിരുന്നു പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com