ADVERTISEMENT
mleiharamadan1

ഷാർജ∙ റമസാൻ രാവുകളിൽ ആത്മീയതയും വിനോദവും ഒന്നിക്കുന്ന നോമ്പുതുറ അനുഭവങ്ങളൊരുക്കുകയാണ് ഷാർജയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ. രുചികരമായ വിഭവങ്ങളും വേറിട്ട കാഴ്ചകളും ആരോഗ്യക്ഷമതയുടെ സന്ദേശവുമെല്ലാം പകരുന്ന ഒട്ടേറെ പാക്കേജുകളും പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു.

mleiharamadan

മരുഭൂമി കാഴ്ചകൾക്ക് നടുവിൽ പ്രത്യേകം തയാറാക്കിയ ടെന്റിൽ നോമ്പ് തുറക്കാനുള്ള അവസരമാണ് മെലീഹ ആർക്കിയോളജി സെന്ററിലെ റമദാൻ സ്റ്റാർ ലോഞ്ച്. മണൽപ്പരപ്പിൽ ഒരുക്കിയ ക്യാംപ് ഫയറിനും മജ്‍ലിസിനുമൊപ്പം രുചിയേറും അറബിക് വിഭവങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്. ഇഫ്താർ നേരത്തോടെ ആരംഭിക്കുന്ന പാക്കേജിന്റെ ഭാഗമായി വാന നിരീക്ഷണവും നടത്താം. 

ഗൈഡിനോടൊപ്പം  മ്യൂസിയത്തിലെ ചരിത്രക്കാഴ്ചകളിലൂടെ സഞ്ചരിക്കാനുള്ള അവസരവുമുണ്ട്. നോമ്പ് തുറ നേരം തൊട്ടു തുടങ്ങുന്ന സ്റ്റാർ ലോഞ്ചിലെ അനുഭവങ്ങൾ രാത്രി വൈകുവോളം തുടരും. ഇഫ്താറും അത്താഴവും ചേരുന്ന മരുഭൂമിയിലെ രാത്രി അനുഭവം വേണ്ടവർക്ക് അതു തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. 175 ദിർഹമാണ് എല്ലാമടങ്ങുന്ന പാക്കേജിന്റെ നിരക്ക്. കുട്ടികൾക്ക് 100 ദിർഹം. കൂടുതൽ വിവരങ്ങൾക്ക് 050 210 3780 - 068 021 111 എന്ന നമ്പറിൽ ബന്ധപ്പെടുക.

al-noor-island-iftar-6

അൽനൂർ ദ്വീപിലെ ഇഫ്താർ അനുഭവം

al-noor-island-iftar-3
al-noor-island-iftar-2

നഗരത്തിരക്കിൽ നിന്ന് കൂടുതൽ ദൂരം സഞ്ചരിക്കാൻ ആവാത്തവർക്ക് ശാന്തവും മനോഹരവുമായ ഇഫ്താർ അനുഭവമാണ് അൽ നൂർ ഐലൻഡ് ഒരുക്കുന്നത്. ഷാർജ നഗരത്തോട് ചേർന്നുള്ള ഖാലിദ് ലഗൂണിന്റെ മനോഹരക്കാഴ്ചകൾ ആസ്വദിക്കാൻ തക്ക വിധത്തിൽ  ദ്വീപിന്റെ മണൽപ്പരപ്പിൽ പ്രത്യേകം തയാറാക്കിയ ഇഫ്താർ വിരുന്നാണ് ഇവിടത്തെ സവിശേഷത. പ്രത്യേക ഇഫ്താർ വിഭവങ്ങളും ഷാർജയുടെ ആകാശത്തിലെ നക്ഷത്രക്കാഴ്ചകളും അൽ നൂർ ദ്വീപിലെ ഹരിതാഭയും കൂടിച്ചേരുമ്പോൾ ഓർമകളിൽ എന്നും സൂക്ഷിക്കാൻ പാകത്തിലുള്ള ഒരു റമസാൻ രാത്രിയാകും. ദ്വീപിലേക്കുള്ള പ്രവേശനവും കാഴ്ചകളും കൂടി ഉൾപ്പെടുന്നതാണ് ഇഫ്താർ പാക്കേജ്. മുതിർന്നവർക്ക് 85 ദിർഹം, കുട്ടികൾക്ക് 35 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ. കൂടുതൽ വിവരങ്ങൾക്ക് 065 067000 എന്ന നമ്പറിൽ ബന്ധപ്പെടുക. 

ശാരീരിക ക്ഷമതയ്ക്ക് ഫ്ലാഗ് ഐലൻഡ്

പ്രവാസികൾ അടക്കമുള്ള ഷാർജ നിവാസികൾക്കും സന്ദർശകർക്കും ശാരീരിക ക്ഷമത പരിശോധിക്കാനും പരിശീലിക്കാനുമുള്ള അവസരമാണ് ഷാർജ ഫ്ലാഗ് ഐലൻഡ് ഒരുക്കുന്നത്. റമസാൻ സ്പോർട്സ് ഹവർ എന്ന ഫിറ്റ്നസ് പരിപാടിയുടെ ഭാഗമായി യോഗ, വിവിധ വർക് ഔട്ടുകൾ, ബോക്സിങ് എന്നിവ വിദഗ്ദ്ധരുടെ കീഴിൽ പരിശീലിക്കാനുള്ള അവസരമുണ്ട്. പ്രമേഹം, രക്തസമ്മർദം എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ട്. എല്ലാ തിങ്കളാഴ്ചയും വൈകിട്ട് 5 മുതൽ 6 വരെ  അരങ്ങേറുന്ന  സ്പോർട്സ് ഹവർ, ഷാർജ ഫ്ലാഗ് ഐലൻഡ്, ഫിറ്റ്നസ് ഫസ്റ്റ്, അൽ സാഹിറ ആശുപത്രി എന്നിവർ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. 

രാത്രി അണിഞ്ഞൊരുങ്ങി അൽ ഖസ് ബ

ഷാർജയിലെ കുടുംബങ്ങളുടെ പ്രിയവിനോദ കേന്ദ്രമായ അൽ ഖസ്ബയും റമസാനിലെ രാത്രികൾക്കായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. പ്രത്യേക അലങ്കാര വിളക്കുകളും ചെറു കച്ചവട ശാലകളും കുട്ടികളുടെ കളിയിടങ്ങളും  ചേർന്ന് നോമ്പുകാല രാത്രിയെ ആഘോഷമാക്കുന്നു. ഇവിടത്തെ ഭക്ഷണ ശാലകളിൽ 100 ദിർഹമോ അതിനു മുകളിലോ ചെലവഴിക്കുന്നവർക്കു ആഴ്ചയിൽ 10,000 ദിർഹം നേടാനുള്ള നറുക്കെടുപ്പിന്റെ ഭാഗമാവാനുള്ള  അവസരവുമുണ്ട്. അൽ ഖസ്ബയിലെ പള്ളിയിൽ റമസാന്റെ ഭാഗമായി 'ഈമാൻ ഒയാസിസ്‌' എന്ന  പ്രത്യേക പ്രഭാഷണ പരമ്പരയും അരങ്ങേറുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com