ADVERTISEMENT

ഉമറുബ്നുൽ ഖത്താബിനെ മദീനയിലെ ജഡ്ജിയായി ഖലീഫ അബൂബക്കർ നിയമിച്ചു. ഒരു വർഷം വരെ ന്യായാധിപനായിരുന്നിട്ട് ഒരു കേസ് പോലും പരിഹാരത്തിനായി ഉമറിനു മുന്നിലെത്തിയില്ല. 

നിരാശനായ അദ്ദേഹം പദവിയൊഴിയാൻ ആഗ്രഹിച്ചു. അബൂബക്കറിനെ കാര്യം ധരിപ്പിച്ചു.

‘പദവിയിൽ തുടരാൻ താങ്കൾക്കെന്തെങ്കിലും പ്രയാസമുണ്ടോ?’ അബൂബക്കർ ചോദിച്ചു.

ഉമറിന്റെ മറുപടി ചിന്തനീയമായിരുന്നു.

‘പ്രിയ ഖലീഫ, എനിക്ക് ഈ ജോലിയിൽ ഒരു പ്രതിസന്ധിയുമില്ല, പക്ഷേ, വിശ്വാസികളായ സമൂഹത്തിനു ഒരു ന്യായാധിപന്റെ ആവശ്യമില്ല.

അവകാശങ്ങളെ കുറിച്ച് അവബോധമുള്ള വിശ്വാസികളുടെ സമൂഹത്തിനു എന്തിനാണ് ന്യായാധിപൻ?. അർഹമായതിന് ഉപരിയായി അവർക്കൊന്നും വേണ്ട. കർത്തവ്യ ബോധം അവർക്കുണ്ട്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നില്ല. അന്യരെയും അവർ ഇഷ്ടപ്പെടുന്നു. ആരെയും വേറിട്ടുനിർത്തുന്നില്ല. ആരെയെങ്കിലും കാണാതായാൽ അവർ അന്വേഷിച്ചു കൊണ്ടിരിക്കും. രോഗിയായൽ അവനെ സന്ദർശിച്ച് സാന്ത്വനിപ്പിക്കും. ദരിദ്രരെയും ആവശ്യക്കാരെയും കണ്ടറിഞ്ഞു സഹായിക്കും. അവർക്ക് മതം നന്മയാണ്. അവരുടെ സ്വഭാവം നന്മയിലേക്ക് ആകർഷിക്കലും തിന്മയുടെ ഭവിഷ്യത്ത് ബോധ്യപ്പെടുത്തലുമാണ്. ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ ആര് ആരോട് തർക്കിക്കാനാണ്? കേസിനുള്ള സാധ്യത എവിടെ?’

ഉമറിന്റെ വിശദീകരണം മദീനയുടെ മനസ്സ് പകർത്തുന്നതായിരുന്നു. 

ബദർ യുദ്ധ സ്മരണയിൽ...

അബുദാബി ∙ നാളെ റമസാൻ 17, ബദർയുദ്ധ ദിനം. ഇസ്‌ലാമും ശത്രുക്കളും തമ്മിൽ ആദ്യമായുണ്ടായ യുദ്ധമാണ്‌ ബദർ. ഹിജ്റ രണ്ടാം വർഷത്തിലെ റമസാൻ പതിനേഴിനായിരുന്നു യുദ്ധം. സ്വന്തം നാട്ടിൽനിന്ന് അഭയാർഥികളായി തുരത്തപ്പെട്ട ഒരു സമൂഹത്തിന്റെ അതിജീവനം, ആദർശ സംസ്ഥാപനം, ആരാധനാ സ്വാതന്ത്ര്യം എന്നിവയായിരുന്നു യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ.

റമസാൻ സുകൃതങ്ങൾക്ക് മാറ്റു കൂട്ടുന്നതാണ് രക്തസാക്ഷികളായ ബദർ പോരാളികളുടെ ഓർമകളെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മലപ്പുറം മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു.

വിശ്വാസത്തിന്റെയും ആത്മവീര്യത്തിന്റെയും മാറ്റു തെളിയിച്ചു ബദർ യുദ്ധം. വളരെ ചെറിയ ഒരു സംഘം മൂന്നിരട്ടി വരുന്ന സൈന്യത്തോടാണ് ബദറിൽ പൊരുതി ജയിച്ചത്. ആൾബലമല്ല ആത്മശക്തിയാണ് ജയപരാജയങ്ങൾ നിർണയിക്കുന്നതെന്ന് തെളിയിക്കാൻ പ്രവാചകനും സംഘത്തിനും കഴിഞ്ഞു.

ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവായ ഈ യുദ്ധം നടന്ന ബദറിലേക്ക് ദിവസേന നൂറുകണക്കിന് പേർ എത്തുന്നു. ചുറ്റുമതിൽകെട്ടി വേർതിരിച്ച സ്ഥലവും യുദ്ധത്തിൽ വീരമൃത്യുവരിച്ചവരുടെ പേരുകളും മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ബദർ ദിനത്തോടനുബന്ധിച്ച് വിവിധ അനുസ്മരണ പരിപാടികൾ നടക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com