ADVERTISEMENT

ദോഹ∙ ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യപാദത്തിൽ ഖത്തർ സന്ദർശിച്ചതു 5.88 ലക്ഷം പേർ. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 10% അധികമാണിത്. റമസാനോട് അനുബന്ധിച്ചു സംഘടിപ്പിച്ച വാർഷിക ടൂറിസം ഗബ്ഗയിൽ ഖത്തർ ദേശീയ ടൂറിസം കൗൺസിൽ(എൻടിസി) സെക്രട്ടറി ജനറലും ഖത്തർ എയർവേയ്‌സ് സിഇഒയുമായ അക്ബർ അൽ ബേക്കറാണു സന്ദർശക സ്ഥിതിവിവര കണക്കുകൾ അറിയിച്ചത്. വിദേശ സന്ദർശകരെ വൻതോതിൽ ആകർഷിക്കാൻ ഖത്തറിനാകുന്നുണ്ട്. ആദ്യപാദ ഫലങ്ങൾ പ്രോത്സാഹന ജനകമാണ്. ഹോട്ടൽ- അപാർട്മെന്റ് ബുക്കിങ്ങിലും വർധനവുണ്ട്.

ടൂറിസം മേഖലയിലെ പ്രമുഖരെല്ലാം ഗബ്ഗയിൽ പങ്കെടുത്തു. സമുദ്ര വിനോദസഞ്ചാര സീസണും വൻ വിജയമായെന്ന് അൽ ബേക്കർ പറഞ്ഞു. ഈ മാസം 10നു സീബോൺ എൻകോർ എന്ന ആഡംബര കപ്പലിന്റെ വിടപറയലോടെയാണു ക്രൂസ് സീസൺ സമാപിച്ചത്. 1.40 ലക്ഷം കപ്പൽ സഞ്ചാരികളാണ് ഇത്തവണ ദോഹയിൽ ഇറങ്ങിയത്. മുൻ വർഷത്തെക്കാൾ ഇരട്ടിയാണിത്. ശൈത്യകാല വിനോദ സഞ്ചാരത്തിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നായി ദോഹ മാറുകയാണ്. കപ്പൽ സഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിദഗ്ധ പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഖത്തറിൽ ഇപ്പോഴുള്ളതു ലൈസൻസ് ലഭിച്ച 132 ടൂർ ഗൈഡുകളാണ്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സമ്മർ ഇൻ ഖത്തറിൽ ആകർഷകമായ പരിപാടികൾ അരങ്ങേറും.

രാജ്യാന്തര സന്ദർശകർക്ക് ആസ്വാദ്യകരമായ പരിപാടികൾ ഉണ്ടാകും. വിനോദ, ഒഴിവുകാല, വ്യാപാര മേഖലയിലെ ആകർഷക കേന്ദ്രമായി വളരാൻ സമ്മർ ഇൻ ഖത്തർ സഹായകമാകും. പൊതു– സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെയാണു സമ്മർ ഇൻ ഖത്തർ ആഘോഷങ്ങൾ. ദോഹയിൽ വിമാനം മാറിക്കയറുന്ന രാജ്യാന്തര യാത്രക്കാർക്കു തൽസമയ സന്ദർശക വീസ അനുവദിക്കുന്ന സ്റ്റോപ് ഓവർ പദ്ധതിയിൽ ഖത്തർ സന്ദർശിച്ചത് ഒരു ലക്ഷം പേരാണ്. സ്റ്റോപ് ഓവർ സേവനം ഖത്തർ എയർവേയ്‌സ് തുടർന്നും ലഭ്യമാക്കുമെന്ന് അൽ ബേക്കർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com