ADVERTISEMENT

ദോഹ∙ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നു. ജൂൺ അവസാനവാരത്തിൽ ഖത്തറിൽ മധ്യവേനൽ അവധിക്കു സ്കൂൾ അടയ്ക്കുമ്പോഴാണ് മുൻവർഷങ്ങളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതെങ്കിൽ ഇത്തവണ രൂക്ഷമായ സീറ്റ് ദൗർലഭ്യം മൂലമാണ് ഒരുമാസം മുൻപെ നിരക്ക് ഉയർന്നത്. ജെറ്റ് എയർവേയ്സ് സർവീസ് പൂർണമായി നിലയ്ക്കുകയും ഇൻഡിഗോയുടെ തിരുവനന്തപുരം, അഹമ്മദാബാദ് സർവീസുകൾ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തതാണു സീറ്റ് ദൗർലഭ്യത്തിനു കാരണം.

ഫെബ്രുവരി പകുതി മുതൽ ഓഗസ്റ്റ് പകുതി വരെ കേരളത്തിൽ നിന്ന് ഖത്തറിലേക്കുള്ള ടിക്കറ്റുകൾ മുൻ വർഷങ്ങളിൽ ഏറ്റവും താഴ്ന്ന നിരക്കിൽ ലഭ്യമായിരുന്നു. 350 റിയാൽ നിരക്കിൽ കഴിഞ്ഞവർഷം വരെ ലഭ്യമായ കൊച്ചി- ദോഹ ടിക്കറ്റിന് ഇപ്പോൾ 800 റിയാൽ നൽകേണ്ട സ്ഥിതിയാണ്. 2018 സെപ്റ്റംബർ പകുതി മുതൽ നവംബർ അവസാനം വരെ 800 റിയാലിനു കൊച്ചിയിൽ നിന്നു ദോഹയിലെത്തി മടങ്ങാൻ കഴിയുമായിരുന്നു.അടിയന്തരമായി സിവിൽ ഏവിയേഷൻ അധികൃതരുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ദോഹയിൽ നിന്നും കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള അവധിക്കാല ടിക്കറ്റ് നിരക്ക് ഇപ്പോഴുള്ളതിന്റെ 4 ഇരട്ടിയിലേറെ ആകുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ചെറിയ പെരുന്നാൾ അവധിയും സ്കൂൾ അടയ്ക്കുന്നതും വരുന്ന ജൂൺ മുതൽ സെപ്റ്റംബർ വരെയാണു കേരള-ദോഹ സർവീസുകളിൽ ടിക്കറ്റ് നിരക്ക് ഏറ്റവും ഉയരുന്നത്. മുൻ വർഷങ്ങളിൽ ഇക്കാലയളവിൽ ദോഹയിൽ നിന്നു കേരളത്തിലെത്തി അവധി കഴിഞ്ഞു മടങ്ങുന്നതിനു ശരാശരി ടിക്കറ്റ് നിരക്ക് 2,500 റിയാൽ ആയിരുന്നത് ഇത്തവണ 3,200 റിയാലിനു മുകളിൽ എത്തുമെന്ന സൂചനയാണു വിവിധ ട്രാവൽ ഏജൻസികളിൽ നിന്നു ലഭിക്കുന്നത്. ദോഹയിൽ നിന്ന് കേരളത്തിലേക്കും ഡൽഹിയിലേക്കും മുംബൈയിലേക്കും ജെറ്റ് എയർവേയ്സ് നിത്യേന സർവീസ് നടത്തിയിരുന്നു. ഡൽഹി-മുംബൈ-ദോഹ സെക്ടറിൽ മാത്രം 28 പ്രതിവാര സർവീസുകളാണ് ജെറ്റിനു ഉണ്ടായിരുന്നത്. ഇന്ത്യയിലേക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് ഖത്തർ എയർവേയ്സും ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രവാസികൾക്ക് മിതമായ യാത്രാനിരക്ക് ഉറപ്പാക്കാനാണ് ഈ ആവശ്യവുമായി ഇന്ത്യൻ അധികൃതരെ സമീപിച്ചതെന്നും ഖത്തർ എയർവേയ്സ് സിഇഒ അക്ബർ അൽ ബേക്കർ നേരത്തെ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഖത്തർ-ഇന്ത്യ സെക്ടറിൽ 2009 നു ശേഷം സീറ്റുകളുടെ എണ്ണം കൂട്ടിയിട്ടില്ലെന്ന് ഇന്ത്യൻ വാർത്താ ഏജൻസിയായ പിടിഐ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പത്തു വർഷത്തിനിടെ ഖത്തറിലെ ഇന്ത്യൻ ജനസംഖ്യയിൽ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. ഇതിനാൽ ഖത്തർ-ഇന്ത്യ സെക്ടറിൽ കൂടുതൽ സീറ്റുകൾ ലഭ്യമാക്കേണ്ടതുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഒരു തലത്തിലും ചർച്ചകൾ നടക്കുന്നില്ലെന്നതാണു വസ്തുത.ആകെ നടന്നതാകട്ടെ ജെറ്റ് എയർവേയ്സിന്റെ സീറ്റുകൾ വീതം വയ്ക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ മാത്രം. വിവിധ വിമാനകമ്പനി പ്രതിനിധികളുമായി സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ്‌ സിംഗ് ഖരോളെ ആണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ചർച്ച നടത്തിയത്.

കുറയ്ക്കാൻ പരിശ്രമവുമായി പ്രവാസികളും

ജെറ്റ് എയർവേയ്സ് സർവീസുകൾ പൂർണമായി നിലയ്ക്കുകയും ഇൻഡിഗോയുടെ അഹമ്മദാബാദ് സർവീസ് താൽക്കാലികമായി നിർത്തുകയും ചെയ്തതോടെ ഉണ്ടായിരിക്കുന്ന തിരക്ക് പരിഹരിക്കാൻ നടപടി വേണമെന്നു വിവിധ പ്രവാസി സംഘടനകൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിച്ചിരുന്നു.തിരഞ്ഞെടുപ്പിനു ശേഷം അധികാരമേൽക്കുന്ന പുതിയ സർക്കാർ ഇക്കാര്യത്തിൽ നടപടി എടുക്കുമെന്ന മറുപടിയാണ് നിവേദനം നൽകിയ പ്രവാസി സംഘടനാ പ്രതിനിധികൾക്ക് ലഭിച്ചത്. പുതിയ സർക്കാർ അധികാരമേറ്റ് നടപടിയെടുത്തു വരുമ്പോഴേക്കും ടിക്കറ്റ് നിരക്ക് ആകാശം തൊടുമെന്ന കാര്യം ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com