ADVERTISEMENT

കുവൈത്ത് സിറ്റി∙ പുതുതായി അനുവദിക്കുന്ന സിവിൽ ഐഡി കാർഡിലെ വിവരങ്ങളിൽ പിഴവുണ്ടെങ്കിൽ ഉടൻ തിരുത്തിച്ച്, യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അധികൃതർ. പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കിയതോടെ വിമാനത്താവളങ്ങളിലും അതിർത്തികളിലും പാസ്പോർട്ടിലെ വിവരങ്ങൾക്കായി ഹാജരാക്കേണ്ടത് സിവിൽ ഐഡി കാർഡ് ആണ്. പാസ്പോർട്ട് നമ്പർ ഉൾപ്പെടെ രേഖപ്പെടുത്തിയുള്ളതാണു പുതിയ സിവിൽ ഐഡി കാർഡ്.

പാസ്പോർട്ടിലും സിവിൽ ഐഡി കാർഡിലും രേഖപ്പെടുത്തിയിരിക്കുന്ന പേര് ഒരേപോലെയാണോ എന്ന് ഉറപ്പുവരുത്തണം. പാസ്പോർട്ടിൽ അച്ഛന്റെയും പിതാമഹന്റെയും കുടുംബ പേരും ഉൾപ്പെടെ അഞ്ചു പേരുകൾ വരെ ഉള്ളവരുണ്ട്. അതേസമയം, സിവിൽ ഐഡിയിൽ നാലു പേരാകും ഉണ്ടാവുക. ഇത്തരം സാഹചര്യത്തിൽ രണ്ടിലെയും ആദ്യ പേരും അവസാന പേരും ഒന്നായിരിക്കണം. അറബിയിൽ രേഖപ്പെടുത്തുന്നതിൽ മാത്രമാണു പിഴവെങ്കിൽ ഗൗരവമായി കണക്കാക്കില്ല. ഇംഗ്ലിഷിൽ വ്യത്യസ്തമാണെങ്കിൽ തിരുത്തണം.

കുവൈത്തിൽ ജനിച്ചവർക്ക് പിഴവ് തിരുത്താൻ ആവശ്യമായ രേഖകൾ കോടതി മുഖേന സംഘടിപ്പിക്കാം. നടപടി പൂർത്തിയാക്കാൻ 3 മുതൽ 5 മാസം വരെ സമയമെടുക്കും. പാസ്പോർട്ട് നമ്പർ സിവിൽ ഐഡിയിൽ രേഖപ്പെടുത്തുമ്പോൾ അക്കത്തിനൊപ്പം അക്ഷരം കൂടി ചേർന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് കോപ്പി കൂടി അറ്റാച്ച് ചെയ്താൽ, തെറ്റ് ശ്രദ്ധയിൽപെട്ടാൽ സിവിൽ ഇൻഫർമേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ തിരുത്തും. നടപടി പൂർ‍ത്തിയായാൽ എസ്എംഎസ് വഴി അറിയിപ്പ് ലഭിക്കും. സിവിൽ ഐഡിക്കുള്ള 5 ദിനാർ അടയ്ക്കുന്നതിനു മുൻപ് തെറ്റുതിരുത്തൽ അപേക്ഷ സമർപ്പിക്കണം.

അതേസമയം, പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നതു നിർത്തലാക്കിയതിനു ശേഷമുള്ള ഇടപാടുകൾ രാജ്യത്തെ ചില വിദേശ എംബസികൾ ഗൗരവമായി എടുത്തല്ലെന്ന് ആക്ഷേപമുണ്ട്. യാത്രാരേഖയായി സിവിൽ ഐഡി കാർഡ് പരിഗണിക്കണമെന്ന് വിവിദ രാജ്യങ്ങൾക്ക് എംബസികൾ വഴി നിർദേശം നൽകിയതാണ്. എന്നാൽ, കുവൈത്തിൽ കഴിയുന്ന വിദേശികൾക്കു മറ്റൊരു രാജ്യത്ത് വീസ നൽകുന്നതിന് സിവിൽ ഐഡി കാർഡ് പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. 

കുവൈത്തിൽ ചുരുങ്ങിയത് 6 മാസം താമസാനുമതിയുള്ളവർക്കാണു മറ്റൊരു രാജ്യം വീസ നൽകുക. ഇത്രയും കാലം പാസ്പോർട്ടിലെ ഇഖാമ പേജ് ആണ് അതിനായി പരിശോധിച്ചിരുന്നത്. ഇപ്പോൾ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നില്ല. പകരം സിവിൽ ഐഡി കാർഡിലെ പാസ്പോർട്ട് നമ്പർ ചേർക്കുകയും ചെയ്യുന്നു. ചില വിദേശ എംബസികൾ വീസക്ക് വേണ്ടി വിദേശികൾ നൽകിയ അപേക്ഷ നിരസിച്ചെന്നാണ് വിവരം. 

അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പിഴ: സെൻട്രൽ ബാങ്ക്

സിവിൽ ഐഡി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് ഉപഭോക്താക്കൾ ഒരുദിനാർ പിഴ നൽകേണ്ടിവരും. അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ബന്ധപ്പെട്ട ബ്രാഞ്ചിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ബാങ്കുകൾ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. സിവിൽ ഐഡി കാലാവധി പൂർത്തിയാകുന്നതിന് ഒരു മാസം മുൻപ് ബാങ്ക് ഉപഭോക്താവിന് മുന്നറിയിപ്പ് സന്ദേശം നൽകും. പാലിച്ചില്ലെങ്കിൽ ആവശ്യമായ വിവരങ്ങൾ ബാങ്ക് നേരിട്ട് സിവിൽ ഇൻഫർമേൻ അതോറിറ്റിയിൽനിന്നു ശേഖരിക്കും. അതിനുള്ള ഫീസായാണ് 1 ദിനാർ ഈടാക്കുക. ചില ബാങ്കുകളിൽ എടിഎം വഴി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com