ADVERTISEMENT

ദോഹ ∙ പ്രവാസി തൊഴിലാളികളുടെ നിയമാനുസൃത റിക്രൂട്മെന്റിനു ശക്തമായ നടപടികളുമായി പൊതുമേഖലാ സ്ഥാപനങ്ങൾ. റിക്രൂട്മെന്റ് കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനു ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം നടത്തുന്ന ശ്രമങ്ങൾക്കു പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണ പിന്തുണയാണ് നൽകുന്നത്. 

തൊഴിൽ ലഭിക്കാൻ തൊഴിലാളികൾ പണം നൽകേണ്ട എന്നത് ഖത്തരി തൊഴിൽ നിയമത്തിലെ സുപ്രധാന വ്യവസ്ഥയാണ്. ഈ തത്വത്തെ പൊതുമേഖല പൂർണമായി പിന്തുണയ്ക്കുകയാണ്. റിക്രൂട്മെന്റ് ഫീസും അനുബന്ധചെലവുകളും വഹിക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങൾ തന്നെയാണ്. നിയമാനുസൃത റിക്രൂട്മെന്റിന് സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഖത്തർ റെയിൽ, മനാടെക്, ഖത്തർ മ്യൂസിയംസ്, യുഎസ് ആർമി കോർപ്‌സ് ഓഫ് എൻജിനിയേഴ്‌സ് മിഡിൽഈസ്റ്റ് ഡിസ്ട്രിക്ട് തുടങ്ങിയവ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

മാസാവസാനത്തോടെ മറ്റു സ്ഥാപനങ്ങളും സമാന പ്രഖ്യാപനം നടത്തുമെന്നു ഖത്തറിലെ രാജ്യാന്തര തൊഴിലാളി സംഘടന (ഐഎൽഒ) ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി.

തൊഴിലാളികളിൽ നിന്ന് ഏജൻസികൾ റിക്രൂട്മെന്റ് ഫീസും അനുബന്ധ ചെലവുകളും ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സംഘടിപ്പിച്ച സമ്മേളനത്തിലാണു പൊതുമേഖലാ സ്ഥാപനങ്ങൾ നിയമാനുസൃത പിന്തുണ പ്രഖ്യാപിച്ചത്. 

ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം ഖത്തർ ചേംബർ, ഖത്തർ ഫൗണ്ടേഷൻ, ഐഎൽഒ പ്രൊജക്ട് ഓഫിസ്, ഖത്തറിലെ യുഎസ് എംബസി എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്. 

ഖത്തറിലെ തൊഴിൽ പരിഷ്‌കരണ നടപടികളുടെ ഹൃദയമാണ് സുതാര്യ, നിയമാനുസൃത റിക്രൂട്മെന്റെന്ന് ഭരണ വികസന തൊഴിൽ സാമൂഹികകാര്യ മന്ത്രി യൂസഫ് മുഹമ്മദ് അൽ ഒത്മാൻ അൽ ഫഖ്‌റൂ പറഞ്ഞു. 

നിയമാനുസൃത റിക്രൂട്മെന്റ് വാഗ്ദാനത്തിൽ ഒപ്പുവച്ച പൊതുമേഖലാ സ്ഥാപനങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

കടബാധ്യതയില്ലാതെയാണു എല്ലാ തൊഴിലാളികളും ഖത്തറിൽ എത്തുന്നതെന്ന് ഇതിലൂടെ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com