ADVERTISEMENT

അബുദാബി∙ താമസ സുരക്ഷ സംബന്ധിച്ച് തലസ്ഥാന എമിറേറ്റിൽ പരിശോധന ഊർജിതമാക്കി. നഗരസഭയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ‍ അറിയിച്ചു. 

പരിധിയിലേറെ ആളുകളെ താമസിപ്പിക്കുക, കെട്ടിടങ്ങൾക്ക് അനുമതി നേടാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കൊപ്പം ജല, വൈദ്യുതി ദുരുപയോഗവും നിരീക്ഷിക്കും. ഈ വർഷം 740 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും അറിയിച്ചു. കെട്ടിട ഉടമകൾക്കും പാറാവുകാർക്കും താമസ നിയമങ്ങൾ വ്യക്തമാക്കുന്ന കൈപ്പുസ്തകങ്ങൾ നൽകിയിട്ടുണ്ട്.

പിഴ പതിനായിരം മുതൽ ഒരു ലക്ഷം വരെ

നിയമ ലംഘനങ്ങൾക്ക് വിഷയത്തിന്റെ ഗൗരവമനുസരിച്ച് 10,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. നഗരസഭയിൽ തീർപ്പാക്കാത്ത കേസുകൾ കോടതികളിലേക്കു മാറ്റും. പാർപ്പിട കെട്ടിടങ്ങൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കേസുകൾ നേരിട്ട് പ്രോസിക്യൂഷന് കൈമാറും.

ബാച്ച്‌ലേഴ്സ് താമസത്തിന് മാനദണ്ഡങ്ങൾ

ഹാൾ ഇല്ലാത്ത ഒരു കിടപ്പുമുറിയിൽ 3 പേരെയേ പാർപ്പിക്കാവൂ. ഒറ്റ വില്ലയാണെങ്കിൽ ആറു പേർ വരെയാകാം. വിനോദ സഞ്ചാര മേഖലയിൽ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ താമസവും  നഗരസഭാ നിയമങ്ങൾ പാലിച്ചാകണം. 

ഫെഡറൽ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിലെ ഉയർന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥർ ഒറ്റയ്ക്കാണെങ്കിൽ ഉന്നത സമിതിയുടെ അനുമതി വാങ്ങി പാർപ്പിട മേഖലകളിൽ താമസിക്കാം.

‘പിഴയല്ല ലക്ഷ്യം’

താമസയിടങ്ങൾ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് ഉറപ്പാക്കുന്നതിനാണു നടപടികൾ. നിയമം ലംഘിക്കുന്നവർക്ക് ആദ്യം സമയപരിധി കാണിച്ച് നോട്ടിസ് നൽകും. ഈ കാലയളവിനുള്ളിൽ തിരുത്താത്തവർക്കാണു പിഴ ചുമത്തുകയെന്നും നഗരസഭ അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com