ADVERTISEMENT

ദുബായ്∙ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇൗ വർഷം അവസാനം വരെ മൂന്നിരട്ടിയിലേറെ വർധിക്കും. താതതമ്യേന നിരക്ക് കുറവ് പ്രകടമാകാറുള്ള ബജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ്പ്രസിൽ പോലും ഇപ്രാവശ്യം വൻ നിരക്ക് വർധനയുണ്ട്.

പതിവുപോലെ റമസാന്റെ അവസനദിനങ്ങളും പെരുന്നാളും നാട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആളുകൾ പോകുന്നതും സ്കൂൾ അവധിക്കാലത്ത് യുഎഇയിലെത്തിയിരുന്ന കുടുംബങ്ങൾ തിരിച്ചുപോകുന്നതും മറ്റുമാണ് ടിക്കറ്റ് നിരക്ക് കുത്തനെ വർധിക്കാൻ ഇടയാക്കാറ്. എന്നാല്‍ ഇത്തവണ, ഇന്ത്യയിലേക്കുള്ള ജെറ്റ് എയർവേയ്സ് സർവീസ് നിർത്തിവച്ചതും എയർ ഇന്ത്യയുടെ 250ലേറെ യാത്രക്കാരെ ഉൾക്കൊള്ളുന്ന ഡ്രീംലൈനർ പാതിവഴിയിലായതും തിരിച്ചടിയായി.

കൊച്ചിയിലേക്കുള്ള വൺവേ ടിക്കറ്റിന് നിലവിൽ 1600 മതൽ 1700 ദിർഹം വരെയാണ് നിരക്ക്. വരും ദിനങ്ങളിൽ ഇത് കൂടാനാണ് സാധ്യത. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസിന് വൺവേയ്ക്ക് 950 ദിർഹമായിരുന്നു ടിക്കറ്റ് നിരക്ക്. സാധാരണ നാളുകളിൽ 250 ദിർഹം മുതൽ ടിക്കറ്റുകൾ ലഭ്യമാകാറുണ്ട്. ജൂൺ പകുതിയോടെ വേനലവധിക്ക് യുഎഇയിൽ സ്കൂൾ അടക്കുന്നതോടെ കുടുംബങ്ങൾ നാട്ടിലേക്ക് പോകും. അപ്പോഴും ടിക്കറ്റ് നിരക്ക് വർധിക്കാനാണ് സാധ്യത. ഇതുവഴി പതിവിന് വിപരീതമായി ഇൗ വർഷം അവസാനം വരെ ടിക്കറ്റ് നിരക്കുകൾ കുറയാൻ സാധ്യത കാണുന്നില്ലെന്ന് ദുബായിലെ ദെയ്റ ട്രാവൽസ് ജനറൽ മാനേജർ സുധീഷ് കണ്ണൂർ മനോരമ ഓൺലൈനോട് പറഞ്ഞു.

ഡ്രീം ലൈനറിന് 300 ലേറെ സീറ്റുകളാണുണ്ടായിരുന്നത്. അടുത്തകാലത്തായി വിനോദസഞ്ചാരികൾക്ക് പുറമേ, ബിസിനസ് ആവശ്യാർഥവും മറ്റും വൻതോതിൽ ആളുകൾ യുഎഇയിലേക്ക് വരുന്നുണ്ട്. ഇതും വിമാനങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമായി. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് വിമാന കമ്പനികൾക്ക് യാത്രക്കാരുടെ തിരക്ക് മുൻകൂട്ടി അറിയാൻ സാധിക്കും. ഇതുവഴി പല കമ്പനികളും നേരത്തെ തന്നെ വർധിച്ച ടിക്കറ്റ് ഏർപ്പെടുത്തിവയ്ക്കാറുണ്ടെന്നും സുധീഷ് പറഞ്ഞു.

ജെറ്റ്, ഇൻഡിഗോ വിമാനങ്ങൾ സർവീസ് നിർത്തിയതിനാൽ കേരളത്തോടൊപ്പം ഇതര കേന്ദ്രങ്ങളിലേക്കും ടിക്കറ്റ് നിരക്ക് വർധിച്ചിട്ടുണ്ട്. കൊച്ചിയിലേക്ക് ഒരു വർഷം മുൻപാണ് ജെറ്റ് എയർവേയ്സ് സർവീസ് നിർത്തിവച്ചത്. റമസാൻ, പെരുന്നാൾ, ക്രിസ്മസ്, ഒാണം തുടങ്ങിയ വിശേഷ നാളുകളിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിക്കാറുണ്ട്. സ്കൂൾ അടച്ച് യുഎഇയിലെത്തുന്ന കുടുംബങ്ങൾ നേരത്തെ തന്നെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്താണ് വരാറ്. ജൂൺ ആദ്യം നാട്ടിൽ വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ തിരിച്ചുപോകുന്നവർ ഏറെയായതിനാൽ മിക്ക വിമാനങ്ങളിലും ഇപ്പോൾ തന്നെ നിറയെ യാത്രക്കാരാണെന്ന് ദുബായിലെ അൽ അഹ് ലി ട്രാവൽസ് പ്രതിനിധി ജോയ് തോമസ് പറഞ്ഞു.

ഡ്രീംലൈനർ വെറും സ്വപ്നമായി

എയർ ഇന്ത്യയുടെ വലിയ വിമാനമായ ഡ്രീം ലൈനർ സർവീസ് റദ്ദാക്കിയതാണ് എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് കൂട്ടാൻ പ്രധാനമായും കാരണമെന്ന് പറയുന്നു. ഇന്ത്യ–പാക് പ്രശ്നം രൂക്ഷമായതോടെ പാക്കിസ്ഥാൻ എയർസ്പേസ് അടച്ചതാണ് ഡ്രീം ലൈനർ സർവീസ് നിർത്തിവയ്ക്കാനിടയാക്കിയത്. ഡ്രീംലൈനർ പാക്കിസ്ഥാന് മുകളിലൂടെ പറന്നായിരുന്നു സർവീസ് നടത്തിയിരുന്നത്. എന്നാൽ എയർ സ്പേസ് അടച്ചതോടെ സാധാരണയിലും ഏഴോളം മണിക്കൂറുകൾ അധികമായി പറക്കേണ്ടി വരുമെന്നതിനാൽ സർവീസ് നിർത്തിവയ്ക്കാതെ വഴിയില്ലായിരുന്നു. ഡ്രീംലൈനറിന്റെ ജീവനക്കാർ മറ്റു വിമാനങ്ങളിൽ ജോലി ചെയ്യാത്തതിനാൽ ചെറു വിമാനങ്ങൾ അധിക സർവീസ് നടത്താനും സാധിക്കാതെയായി. എന്നാൽ, ഇൗ മാസം 30ന് എയർസ്പേസ് വീണ്ടും തുറക്കുമെന്നാണ് പാക്കിസ്ഥാൻ അറിയിച്ചിരിക്കുന്നത്. എങ്കിൽ വൈകാതെ സർവീസ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

വർഷങ്ങളുടെ പഴക്കമുള്ള ആവശ്യം; പക്ഷേ, ആരു കേൾക്കാൻ!

അവധി ദിനങ്ങളിലും വിശേഷ ദിനങ്ങളിലും വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ വർധിക്കുന്നതിന് വിരാമമിടാൻ കൂടുതൽ സർവീസ് കേരളത്തിലേയ്ക്ക് ഏർപ്പെടുത്തണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. പ്രവാസി സംഘടനകൾ പലതും ഇൗ ആവശ്യമുന്നയിച്ച് ഡൽഹിയിൽ ചെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തെ പോലും സന്ദർശിച്ചിട്ടുണ്ട്. പക്ഷേ, ഉള്ള വിമാനങ്ങൾ റദ്ദാക്കുന്നതല്ലാതെ കൂടുതൽ സർവീസുകൾ ഏർപ്പെടുത്താൻ അധികൃതർ തയാറാകുന്നില്ല. ഇത് അനാവശ്യമായി തിരക്ക് സൃഷ്ടിച്ച് ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയാക്കി യാത്രക്കാരെ കൊള്ളയടിക്കാനുള്ള തന്ത്രമാണെന്നാണ് ആരോപണം.

റമസാനും പെരുന്നാളിനും അവധി ദിനങ്ങളിലും മറ്റും വിമാന ടിക്കറ്റ് പൊള്ളും എന്ന അവസ്ഥ മുന്നിൽ കണ്ട് പലരും മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്യാറുണ്ട്. ഇവർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിൽ പോയി വരാൻ സാധിക്കുന്നു. എന്നാൽ, അവസാന നിമിഷങ്ങളിൽ മാത്രം അവധി ലഭിക്കുന്ന സാധാരണക്കാർക്ക് വിശേഷ ദിനങ്ങൾ നാട്ടിലെ കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള ആഗ്രഹം സഫലമാകാതെ കിടക്കും. വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന വരുന്നതിനാൽ യുഎഇയിൽ പ്രവാസിയായി 14 വർഷമായിട്ടും തനിക്ക് ഒരു പെരുന്നാളിനും നാട്ടിലേയ്ക്ക് പോകാൻ സാധിച്ചിട്ടില്ലെന്ന് ഷാർജയിലെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ മലപ്പുറം എടപ്പാൾ സ്വദേശി അബ്ദുൽ ജലാൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com