ADVERTISEMENT
incas
ഇൻകാസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന തിരഞ്ഞെടുപ്പ് വിജയാഹ്ലാദം.

ദുബായ്/അബുദാബി∙ എൻഡിഎയുടെ ആധികാരിക വിജയത്തിന്റെ ആഘോഷാരവം കടലിനിക്കരെയും അലയടിക്കുന്നു. ആർപ്പു വിളിച്ചും മധുരം വിളമ്പിയും നൃത്തം ചെയ്തുമാണു പ്രവാസി അനുഭാവികൾ പാർട്ടി വിജയം ആഘോഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 5 വർഷത്തെ ഭരണ നേട്ടങ്ങൾക്കു ജനം നൽകിയ അംഗീകാരമാണു തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നതെന്നു യുഎഇ ഇന്ത്യൻ പീപ്പിൾസ് ഫോറം(ഐപിഎഫ്) പ്രവർത്തകർ അവകാശപ്പെട്ടു.

abudabi-malayali-samajam
അബുദാബി മലയാളി സമാജത്തിൽ എത്തിയവർ.

അതേ സമയം, കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയാത്തതിലുള്ള വിഷമവും പാർട്ടി അനുഭാവികൾ പങ്കുവച്ചു. കേരളത്തിലെ യുഡിഎഫ് തേരോട്ടം അബുദാബി കെഎംസിസി പ്രവർത്തകർ നോമ്പുതുറയ്ക്കു ശേഷം ലഡു വിതരണം ചെയ്ത് ആഘോഷിച്ചു.  അതേസമയം, കേരളത്തിൽ നേടിയ മിന്നും വിജയത്തിന്റെ തിളക്കം കേന്ദ്രത്തിലേറ്റ പരാജയത്തിൽ കെട്ടു പോയത് കോൺഗ്രസ് അനുഭാവികളെ തളർത്തി. ഇടതു ക്യാംപിൽ തളം കെട്ടിയത് നിരാശ മാത്രം.

abudabi
തിരഞ്ഞെടുപ്പ് ഫലം തൽസമയം അറിയാൻ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ എത്തിയവർ.

ഇത്ര ദയനീയ തിരച്ചടി പ്രതീക്ഷിച്ചില്ലെന്നെന്ന് അവർ പറയുന്നു. ആവേശ ദിനത്തിൽ രാവിലെ മുതൽ ടിവിക്കു മുന്നിലിരുന്ന മിക്കവരുടെയും ആവേശം ആദ്യ ലാപ് എണ്ണിക്കഴിഞ്ഞപ്പോഴേ അണഞ്ഞു. ലീവെടുക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചവരും ഏറെ. ജോലിക്കു പോയവർ തൽസമയ വിവരങ്ങൾക്കായി ഓൺലൈൻ വാർത്തകളെ ആശ്രയിച്ചു. വാട്സാപ്പ് ഗ്രൂപ്പുകളി‍ൽ സന്ദേശങ്ങൾ പ്രവഹിച്ചു. മെട്രോ യാത്രക്കാരേറെയും മൊബൈൽ ഫോണുകളിൽ കണ്ണുനട്ടു.

sharjah
ഷാർജയിലെ മലയാളി ബാർബർ ഷോപ്പിൽ തിരഞ്ഞെടുപ്പ് ഫലം കാണുന്നവർ. ചിത്രം: സിറാജ് വി.പി. കീഴ്മാടം

ചിലർ പരിസരം മറന്ന് ഇടയ്ക്കിടെ മുഷ്ടിചുരുട്ടി ആവേശംകൊള്വുന്നതം കാണാമായിരുന്നു. ദുബായ് കെഎംസിസിയിലും ഷാർജ ഇന്ത്യൻ അസോസിയേഷനിലും വലിയ സ്ക്രീൻ ഒരുക്കിയിരുന്നു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിലും മലയാളി സമാജത്തിലും തിരഞ്ഞെടുപ്പ് ഫലം തൽസമയം അറിയാൻ സൗകര്യമേർപ്പെടുത്തിയിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഇവിടെ എത്തിയാണ് ഇന്ത്യൻ ജനതയുടെ വിധിയെഴുത്ത് നേരിട്ടറിഞ്ഞത്.

family
തിരഞ്ഞെടുപ്പിൽ നാടിന്‍റെ സ്പന്ദനം ചൂടോടെ അറിയാൻ ടെലിവിഷനു മുന്നിലിരിക്കുന്ന ഗുരുവായൂർ സ്വദേശി പ്രവീണിന്‍റെ ഭാര്യയും അധ്യാപികയുമായ ദിവ്യ, സന്ദർശകവീസയിലെത്തിയ അച്ഛൻ ഭാർഗവൻ, അമ്മ വാസന്തി എന്നിവർ. ജോലിക്കുപോയ പ്രവീണിന് അപ്പപ്പോൾ തിരഞ്ഞെടുപ്പു ഫലം കൈമാറുകയായിരുന്നു ഇവർ. മലയാളി കുടുംബങ്ങലെല്ലാം രാവിലെ ടിവിക്കുമുന്നിലായിരുന്നു.

വടക്കേ ഇന്ത്യക്കാർ ഏറെയുള്ള സ്ഥലങ്ങളിലാണു മോദി തരംഗത്തിന്റെ അലകൾ ശക്തമായത്. മോദിയുടെ കട്ടൗട്ടുകൾ ഉയർത്തിയും ബലൂണുകൾ പറത്തിയും മധുരം വിളമ്പിയും അവർ വിജയം ആഘോഷമാക്കി. വൈകിട്ടോടെ ഇന്ത്യൻ അസോസിയേഷൻ അടക്കമുള്ള സംഘടനാ ഓഫിസുകളും ലേബർ ക്യാംപുകളും തിരഞ്ഞെടുപ്പ് വിശകലന കേന്ദ്രങ്ങളായി. നോമ്പുതുറ പാർട്ടികളിലും തിരഞ്ഞെടുപ്പ് സജീവ ചർച്ചാ വിഷയമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com