ADVERTISEMENT

ഷാർജ∙ ഷാർജയിൽ ആദ്യമായി സ്വദേശി പുസ്തകമേള ഞായർ (26) ഷാർജ പബ്ലിഷിങ് സിറ്റിയിൽ ആരംഭിക്കും. എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തോടെ ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയിൽ 25 സ്വദേശി പ്രസാധകർ പങ്കെടക്കും. യുഎഇ സ്വദേശികളായ എഴുത്തുകാരുടെ ആയിരക്കണക്കിന് പുസ്തകങ്ങളാണ് പ്രദർശിപ്പിക്കുക. ഷാർജ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്തതിന്റെ ഭാഗമായി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് എമിറാത്തി റൈറ്റേഴ്സ് ഡേയിൽ പുസ്തകമേള ആരംഭിക്കുന്നതെന്ന് സംഘാടർ പറഞ്ഞു.

സെമിനാറുകൾ, ശിൽപശാലകൾ എന്നിവയ്ക്ക് പുറമേ, അറബ് റൈറ്റേഴ്സ് യൂണിയൻ സെക്രട്ടറി ജനറൽ ഡോ.ഹബീബ് അൽ സായെഗ്, എഴുത്തുകാരനും ഗവേഷകനുമായ സുൽത്താൻ അൽ അമിമി, എഴുത്തുകാരായ മുഹമ്മദ് അൽ മുർ, ഇമാൻ അൽ യൂസഫ്, കവിയും നോവലിസ്റ്റുമായ സൽഹ ഉബൈദ് ഗാബെഷ്, നോവലിസ്റ്റ് നാദിയ അൽ നജ്ജാർ, ഇസ്മായിൽ അബ്ദുല്ലൽ അമിൻ, ഹബീബ് ഗുലൂം തുടങ്ങിയവർ പങ്കെടുക്കുന്ന ചർച്ചകളും അരങ്ങേറും.  

എമിറാത്തി റൈറ്റേഴ്സ് മ്യൂസിയം

മേളയുടെ പ്രധാന ആകർഷണം ജുമാ അൽ മാജിദ് സെന്റർ ഫോർ കൾചർ ആൻഡ് ഹെറിറ്റേജുമായി സഹകരിച്ചുള്ള എമിറാത്തി റൈറ്റേഴ്സ് മ്യൂസിയമായിരിക്കും. അൽ മാജിദി ബിൻ ദാഹർ, ഹാമിദ് അൽ ഷംസി, സാലെം അൽ ഉവൈസ് തുടങ്ങിയവരുടേതടക്കം പ്രശസ്ത സ്വദേശി എഴുത്തുകാരുടെ പുസ്തകങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. കൈയെഴുത്തു പ്രതികൾ, പേനകൾ, തൂലികകൾ, ഒാഡിയോ റിക്കോർഡിങ്ങുകൾ തുടങ്ങിയവും പോയ സാഹിത്യ കാലത്തിന്റെ സ്മാരകങ്ങളായി പ്രദർശനത്തിലുണ്ടായിരിക്കും.

ഷെയ്ഖ് ഡോ.സുൽത്താന്റെ രചനയും

ഷെയ്ഖ് ഡോ.സുൽത്താന്റെ 80 പേജുകൾ വരുന്ന പ്രചോദന രചന മറ്റൊരു വിഭാഗത്തിലും പ്രദർശിപ്പിക്കും. ഇതോടൊപ്പം യുഎഇ കവികളുടെ രചനകളുമുണ്ടായിരിക്കും. ആദ്യകാല യുഎഇ എഴുത്തുകാരുടെ കൈയക്ഷരങ്ങൾ കാണാനും എഴുത്തുരീതികൾ മനസിലാക്കാനും ഇവ ഉപകരിക്കും.

പ്രവേശന സമയം

ഇൗ മാസം 28ന് സമാപിക്കുന്ന മേളയിൽ എല്ലാ ദിവസവും രാത്രി 9.30 മുതൽ പുലർച്ചെ 12.30 വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com