ADVERTISEMENT

മക്ക∙ പ്രാർഥനാ നിരതരായി മക്കയിലെത്തിയ ജന ലക്ഷങ്ങൾ റമസാനിലെ മൂന്നാം വെള്ളി ഭക്തി സാന്ദ്രമാക്കി. ഉംറ തീർഥാടകർക്കൊപ്പം സൗദിയിലെ സ്വദേശികളും വിദേശികളുമായ ലക്ഷങ്ങളും ജുമുഅ പ്രാർഥനയ്ക്കെത്തിയതോടെ മക്ക അക്ഷരാർഥത്തിൽ ജനസാഗരമായി. ഹറം പള്ളിയും പരിസരവും നിറഞ്ഞു കവിഞ്ഞതോടെ സമീപത്തെ റോഡുകളിലും കെട്ടിടങ്ങൾക്കു സമീപവും നിന്നാണു വിശ്വാസികൾ ജുമുഅ നമസ്കാരം പൂർത്തിയാക്കിയത്.

മദീനയിൽ പ്രവാചക പള്ളിയായ മസ്ജിദുന്നബവയിലും വൻ തിരക്കായിരുന്നു ഇന്നലെ. റമസാൻ രണ്ടാമത്തെ പത്ത് ഇന്ന് അവസാനിക്കുകയും നാളെ അവസാനത്തെ പത്തിലേക്കു കടക്കുകയും ചെയ്യുന്നതോടെ പുണ്യ നഗരി കൂടുതൽ തിരക്കിലേക്കു നീങ്ങും. രാജ്യത്തെ മറ്റു പള്ളികളിലും പ്രാർഥനയ്ക്കു വൻ തിരക്കനനുഭവപ്പെട്ടു. റമസാനിലെ ഉംറ നിർവഹിക്കുന്നതിന്റെ പ്രാധാന്യമാണ് തീർഥാടകത്തിരക്കിനു കാരണം. അവസാന പത്തിൽ മക്കയിൽ ഇഅ്തിക്കാഫ്(ഭജന) ഇരിക്കാൻ എത്തുന്നവർ കൂടിയാകുന്നതോടെ തിരക്ക് പാരമ്യത്തിലെത്തും. സൗദി ഭരണാധികാരി സൽമാൻ രാജാവും റമസാനിലെ അവസാന പത്തിൽ മക്കയിൽ ചെലവഴിക്കുക പതിവാണ്.

മക്കയിലും മദീനയിലുമായി കാൽ ലക്ഷം പേർ ഭജനയിരിക്കുമെന്നാണു കണക്ക്. ഇതിനായി പ്രത്യേക അനുമതി പത്രവും വിതരണം ചെയ്തിരുന്നു. ഇരു ഹറമിലും മുകൾ തട്ടിലാണ് ഇഅ്തികാഫ് ഇരിക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. വിശുദ്ധ ഖുർആൻ അവതരിച്ചതും ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്റും അവസാന പത്തിലാണ്. തിരക്ക് കണക്കിലെടുത്ത് 28 മുതൽ ജൂൺ 1 വരെ മക്കയിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഉംറ സുരക്ഷാ സേനയ്ക്കു കീഴിലുള്ള ഗതാഗത വകുപ്പ് അറിയിച്ചു.

പൊതു ഗതാഗത സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അഭ്യർഥിച്ചു. പ്രധാന കവാടങ്ങളിലൊന്നായ കിങ് അബ്ദുൽ അസീസ് ഗെയ്റ്റും വിശ്വാസികൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. സുരക്ഷ വർധിപ്പിച്ചു. ഈ വർഷം 67 ലക്ഷത്തിലേറെ ഉംറ തീർഥാടകർ സൗദിയിലെത്തിയതായി ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതുവരെ 73 ലക്ഷത്തോളം ഉംറ വീസകളാണ് സൗദി നൽകിയത്. 2030ഓടെ വർഷത്തിൽ 3 കോടി തീർഥാടകരെയാണു പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com