ADVERTISEMENT

ദോഹ ∙ കോപ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റിന് വൻ തയാറെടുപ്പുമായി ഖത്തർ. ജൂൺ 14 മുതൽ ജൂലൈ 7 വരെ ബ്രസീലിലാണ് മത്സരം. 2022 ഫിഫ ലോകകപ്പ് ആതിഥേയർ എന്ന നിലയിൽ രാജ്യത്തിന്റെ ഫുട്‌ബോൾ മികവ് ലോകത്തിനു മുന്നിൽ അടയാളപ്പെടുത്താനാണ് ഖത്തറിന്റെ ശ്രമം. ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളുമായുള്ള മത്സരം ഖത്തർ ടീമിന്റെ ആക്രമണശേഷിയും പ്രതിരോധ വൈദഗ്ധ്യവും ഉയർത്താൻ സഹായകമാകും. കോപ അമേരിക്കയ്ക്കു മുന്നോടിയായി ഖത്തർ ദേശീയ ടീം യുഎസിലെ ടെക്‌സസിൽ പരിശീലനം തുടങ്ങി. ഏഷ്യൻ കപ്പ് നേടിയ ഖത്തർ ടീമിൽ ഉണ്ടായിരുന്ന മിക്കവരും പരിശീലന ടീമിൽ ഇടംനേടി.

ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന ഏഷ്യൻകപ്പ് ഫൈനലിൽ ജപ്പാനെ തകർത്താണ് ഖത്തർ ചരിത്രത്തിലാദ്യമായി കിരീടം നേടിയത്. ഏഷ്യൻ കപ്പിലെ ടോപ് സ്‌കോറർ ആയിരുന്ന അൽമോയെസ് അലി ആണ് ടെക്സസ് ക്യാംപിൽ ഖത്തർ ടീമിനെ നയിക്കുന്നത്. അൽ സദ്ദ്, അൽ ദുഹൈൽ, അൽ റയ്യാൻ ക്ലബ് താരങ്ങളാണ് ടീമിലെ പ്രധാനികൾ. പരിശീലനം നാളെ സമാപിക്കും. ഫെലിക്‌സ് സാഞ്ചസാണ് പരിശീലകൻ. ടെക്‌സസിൽ നിന്നാണ് ടീം ബ്രസീലിലേക്ക് തിരിക്കുന്നത്.

കോപ അമേരിക്കയ്ക്കു മുന്നോടിയായി ബ്രസീലിൽ മറ്റൊരു പരിശീലന ക്യാംപുണ്ട്. ജൂൺ 5ന് ബ്രസീലിനും 9ന് ഒരു ബ്രസീലിയൻ ക്ലബ്ബിന് എതിരെയും ഖത്തറിന്റെ സൗഹൃദ മത്സരം നടക്കും. അർജന്റീന ഉൾപ്പെട്ട ഗ്രൂപ്പ് ബിയിലാണ് ഖത്തർ. 12 ടീമുകളാണ് മത്സരരംഗത്തുള്ളത്. 12 വർഷത്തിനിടെ ആദ്യ കോപ കിരീടം ലക്ഷ്യമിടുന്ന ആതിഥേയരായ ബ്രസീൽ താരതമ്യേന ദുർബല ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിലാണ്. ഖത്തറിനു പുറമേ അർജന്റീന, കൊളംബിയ, പാരഗ്വായ് ടീമുകൾ ഉൾപ്പെടുന്ന കടുകട്ടി ഗ്രൂപ്പാണ് ബി. ഖത്തറിന് നേരിടേണ്ടത്.

സീനിയർ തലത്തിൽ ഖത്തർ ഇതുവരെ ഈ ടീമുകളുമായൊന്നും ഏറ്റുമുട്ടിയില്ല. ബ്രസീലിനു പുറമേ ബൊളീവിയ, വെനസ്വേല, പെറു എന്നിവയാണ് ഗ്രൂപ്പ് എയിൽ..സൗത്ത് അമേരിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷൻ അംഗങ്ങളായ 10 രാജ്യങ്ങളും 2 അതിഥി രാജ്യങ്ങളുമാണ് കോപയിൽ മത്സരിക്കുന്നത്. ഇത്തവണ ഖത്തറിനും ജപ്പാനുമാണ് അതിഥി രാജ്യങ്ങൾ.അഞ്ചുതവണ ലോകകപ്പ് ചാംപ്യൻമാരായ ബ്രസീൽ, രണ്ടുതവണ ചാംപ്യൻമാരായ യുറഗ്വായ്, അർജന്റീന, എന്നിവരെല്ലാം ഉൾപ്പെട്ട ലാറ്റിനമേരിക്കൻ ശക്തികളുമായി ഏറ്റുമുട്ടുന്നത് ഖത്തറിന് ഗുണകരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com