ADVERTISEMENT
qatar-law
അഡ്വ. നിസാർ കോച്ചേരി

ഖത്തർ സിവിൽ നിയമപ്രകാരം, ഒരാൾ കടം വാങ്ങിയ വ്യക്‌തിക്കുവേണ്ടി ജാമ്യം നിൽക്കുകയും പിന്നീട്‌ കടം നൽകിയ വ്യക്‌തി ജാമ്യ കരാർ നിൽക്കുമ്പോൾ തന്നെ മറ്റൊരാളുടെ പക്കൽ നിന്നോ മറ്റു വഴികളിലൂടെയോ ആ തുക കൈപ്പറ്റിയാൽ, ജാമ്യ കരാർ അസാധുവാക്കും. ജാമ്യ കരാർ പ്രകാരം തുക കൈപ്പറ്റുവാൻ അവകാശമുള്ള വ്യക്‌തി അതിനുവേണ്ട നടപടികൾ സ്വീകരിക്കാതിരിക്കുകയോ, നടപടി സ്വീകരിക്കുന്നതിന്‌ കാലതാമസം വരുത്തുകയോ ചെയ്‌താൽ അതുമൂലം ജാമ്യ കരാർ അനുസരിച്ച്‌ ജാമ്യം നിന്ന വ്യക്‌തിക്ക്‌ ബാധ്യതകൾ തീർക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. ജാമ്യം നിന്ന വ്യക്‌തിയിൽ നിന്ന്‌ അറിയിപ്പു ലഭിച്ച്‌ 6 മാസത്തിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ജാമ്യ കരാർ റദ്ദാക്കും.


കാലാവധി പൂർത്തിയാക്കണം

2016 മാർച്ച് 16ന് 2 വർഷ കരാറിൽ ജോലിയിൽ പ്രവേശിച്ചു. ഒന്നിലേറെ കമ്പനികൾ ഉള്ള വ്യക്തിയാണ് സ്പോൺസർ. 2017 ഓഗസ്റ്റിൽ സ്പോൺസർ എന്നെ അദ്ദേഹത്തിനു കീഴിലുള്ള മറ്റൊരു കമ്പനിയിലേക്ക് മാറ്റി. എന്നാൽ ഈ സമയത്ത് പുതിയ കരാർ ഒപ്പുവച്ചിട്ടില്ല. ആർപി എല്ലാ വർഷവും പുതുക്കുന്നു. ഇപ്പോഴത്തെ ആർപിക്ക് 2020 മാർച്ച് 15 വരെ കാലാവധിയുണ്ട്. എൻഒസി ഇല്ലാതെ എനിക്ക് മറ്റൊരു കമ്പനിയിലേക്ക് ഉടൻ മാറാനാകുമോ? അതു സാധ്യമല്ലെങ്കിൽ വീസ റദ്ദാക്കി നാട്ടിൽ എത്തിയാലുടൻ പുതിയ കമ്പനിയുടെ വീസയിൽ ഖത്തറിൽ എത്താൻ കഴിയുമോ?

ഒരു കമ്പനിയിൽ നിന്നു മറ്റൊരു കമ്പനിയിലേക്ക്‌ വീസ/ആർപി മാറ്റുമ്പോൾ പുതിയ തൊഴിൽ കരാർ ഒപ്പുവച്ചിട്ടില്ലെങ്കിൽ കൂടിയും ജോലി പുതിയ കമ്പനിയിലേക്ക്‌ മാറും. തൊഴിൽ കരാർ ഒപ്പുവയ്‌ക്കാത്ത സാഹചര്യത്തിൽ അൺലിമിറ്റഡ്‌ (ഇൻഡെഫനിറ്റ്‌) കാലാവധിയിലേക്കുള്ള ജോലിയായാണ്‌ കണക്കാക്കുക. അതിനാൽ ഇപ്പോൾ കമ്പനിയുടെ അനുവാദം (എൻഒസി) ഇല്ലാതെ ജോലി ഖത്തറിൽ നിന്നു മാറാൻ (ലോക്കൽ ട്രാൻസ്‌ഫർ) 5 വർഷമെങ്കിലും പൂർത്തിയാകണം. അല്ലെങ്കിൽ ജോലി രാജിവച്ച്‌, വീസ റദ്ദാക്കി നാട്ടിലേക്കു മടങ്ങി പുതിയ വീസയിൽ തിരികെ വരാം.

2 മാസ നോട്ടിസ് നൽകണം

എന്റെ സുഹൃത്തിനു വേണ്ടിയാണ് ഈ ചോദ്യം. ദോഹയിലെ ഒരു കമ്പനിയിൽ അഞ്ചു വർഷം പൂർത്തിയാക്കിയ സുഹൃത്ത് ഇപ്പോൾ കമ്പനി മാറാനുള്ള ശ്രമത്തിലാണ്. എന്നാൽ കമ്പനി ഉടമ എൻഒസി നൽകാൻ തയാറല്ല. നല്ല ഓഫർ സുഹൃത്തിനു ലഭിച്ചിട്ടുണ്ട്. എൻഒസി ഇല്ലാതെ പുതിയ കമ്പനിയിലേക്കു മാറാൻ എന്താണു ചെയ്യേണ്ടത്?

തൊഴിൽ താമസാനുമതി നിയമത്തിലെ (2015ലെ 21ാം നമ്പർ നിയമം)21ാം അനുഛേദപ്രകാരം അൺലിമിറ്റഡ്‌ കരാറിൽ ജോലിചെയ്യുന്ന ജീവനക്കാരന്‌ 5 വർഷം പൂർത്തിയായാൽ തൊഴിലുടമയുടെ അനുമതി (എൻഒസി) ഇല്ലാതെതന്നെ ഖത്തറിൽ മറ്റൊരു കമ്പനിയിലേക്ക്‌ ജോലി മാറാവുന്നതാണ്‌. ഇതിന്‌ നിലവിലെ തൊഴിലുടമയ്‌ക്ക്‌ 2 മാസം മുൻപേ നോട്ടിസ്‌ നൽകണം. തൊഴിൽകരാർ,നോട്ടിസ്‌, പുതിയ സ്‌ഥാപനത്തിൽ നിന്നുള്ള ജോലി വാഗ്‌ദാന പത്രിക (ഓഫർ ലെറ്റർ), എൻഒസി എന്നിവ ഉൾപ്പെടെ ഓൺലൈനായി ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയ വെബ്‌സൈറ്റിൽ സമർപ്പിക്കാം.

തൊഴിൽ നിയമം സംബന്ധിച്ച സംശയങ്ങൾക്കു നിയമകാര്യ വിദഗ്ധനായ അഡ്വ. നിസാർ കോച്ചേരി മലയാള മനോരമയിലെ ‘നിയമവും നിങ്ങളും’ എന്ന കോളത്തിലൂടെ മറുപടി നൽകും. ചോദ്യങ്ങൾ manoramadoha@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾക്കാണു മറുപടി നൽകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com