ADVERTISEMENT

ദോഹ ∙ മറവി രോഗത്തെക്കുറിച്ച്‌ അൽസ്‌ഹൈമേഴ്‌സ്‌ ഡിസീസ്‌ ഇന്റർനാഷനൽ(എഡിഐ) നടത്തുന്ന രാജ്യാന്തര സർവേയിൽ ഖത്തറും ഭാഗമാകും. ഈ മേഖലയിൽ ലോകത്ത്‌ നടക്കുന്ന ഏറ്റവും വിപുല സർവേ ആണിത്‌. രാജ്യാന്തര ആരോഗ്യ പ്രശ്‌നമായി മറവി രോഗം മാറുന്ന പശ്‌ചാത്തലത്തിലാണ്‌ എഡിഐ സർവേ. മറവി രോഗികൾക്കായി ദേശീയ ആരോഗ്യ പദ്ധതിക്ക്‌ ഖത്തർ രൂപംനൽകിയിരുന്നു. അതിനാൽ, സർവേയുമായുള്ള ഖത്തറിന്റെ സഹകരണം ഏറെ പ്രധാനവുമാണ്‌.

ഹമദ്‌ മെഡിക്കൽ കോർപറേഷനു കീഴിലെ ജീറിയാട്രിക്‌സ്‌ ആൻഡ്‌ ലോങ്‌ ടേം കെയർ ഡിപ്പാർട്‌മെന്റിനാണ്‌ മറവിരോഗികളുടെ ചികിൽസാ മേൽനോട്ടം. ഖത്തറിലെ വലിയൊരു ആരോഗ്യപ്രശ്‌നമാണ്‌ മറവിരോഗമെന്നു ജീറിയാട്രിക്‌സ്‌ ആൻഡ്‌ ലോങ്‌ ടേം കെയർ ഡിപ്പാർട്‌മെന്റ്‌ ചെയർപഴ്സൻ ഡോ. ഹനാദി അൽ ഹമദ്‌ ചൂണ്ടിക്കാട്ടി. പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയപ്പെടുന്നില്ല എന്നതുമുതൽ രോഗിക്കു സ്വമേധയാ ചികിൽസ തേടാനാവില്ലെന്നതു വരെയുള്ള സങ്കീർണതകൾ മറവി രോഗത്തിനുണ്ട്‌.

ഇവയ്‌ക്കെല്ലാം സർവേയിലെ കണ്ടെത്തലുകൾ പരിഹാരമാകുമെന്ന്‌ എഡിഐ സിഇഒ പൗള ബാർബാറിനോ പറഞ്ഞു. ആരോഗ്യകരമായ വാർധക്യമെന്നതിന്‌ രണ്ടാം ദേശീയാരോഗ്യ പദ്ധതിയിൽ ഖത്തർ വലിയ പ്രാധാന്യമാണ്‌ നൽകുന്നത്‌്‌. ദേശീയാരോഗ്യ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം മറവിരോഗ ദേശീയ പദ്ധതിയും ഖത്തർ പ്രഖ്യാപിച്ചിരുന്നു.

രോഗികൾക്ക്‌ ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതുൾപ്പെടെ അവർക്ക്‌ സ്വാശ്രയത്വത്തോടെ ഗുണപരമായ ജീവിതം ഉറപ്പാക്കൽ, രോഗീപരിചരണത്തിൽ കുടുംബാംഗങ്ങളുടെ പങ്ക്‌ ഉറപ്പാക്കുക, വീടുകളിലേക്ക്‌ വിദഗ്‌ധ ചികിൽസകരുടെ സേവനം എത്തിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഉൾപ്പെടുന്നതാണ്‌ മറവിരോഗ ദേശീയ പദ്ധതി.

ഒരു പുതിയ രോഗി ഓരോ മൂന്ന് സെക്കൻഡിലും

ദോഹ ∙ ലോകത്ത് ഇപ്പോഴുള്ളത്‌ 5 കോടി മറവി രോഗികൾ. 30 വർഷം കൊണ്ട്‌ രോഗികൾ മൂന്നിരട്ടി (15.2 കോടി) കൂടുമെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ കണക്ക്‌. ഓരോ 3 സെക്കൻഡിലും ഒരാൾ എന്ന തോതിൽ രോഗത്തിന് അടിമപ്പെടുന്നു. ആരംഭഘട്ടത്തിൽ രോഗം തിരിച്ചറിയപ്പെടുന്നില്ലെന്ന പ്രശ്‌നവുമുണ്ട്‌. ഒന്നര പതിറ്റാണ്ടിനിടയിൽ മരണനിരക്ക്‌ ഇരട്ടിയിലേറെയായി. ആഗോള മരണനിരക്കിൽ 2000ൽ 14ാം സ്‌ഥാനത്തായിരുന്ന മറവിരോഗം. 2016ൽ 5ാം സ്‌ഥാനത്തായി. ആരംഭഘട്ടങ്ങളിലൊന്നും രോഗം തിരിച്ചറിയപ്പെടുന്നില്ലെന്നതിനാൽ നിശബ്‌ദ കൊലയാളികളുടെ വിഭാഗത്തിലാണ്‌ ആധുനിക വൈദ്യലോകം മറവി രോഗത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്‌. പ്രായമേറുംതോറും രോഗസാധ്യതയും കൂടും.

സർവേ നാല് വിഭാഗങ്ങളിൽ

ദോഹ ∙ പൊതുജനങ്ങൾ, ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർ, രോഗികൾ, അവരെ പരിചരിക്കുന്നവർ എന്നിങ്ങനെ 4 വിഭാഗങ്ങളിൽ നിന്നാണ്‌ വിവരശേഖരണം. അറബിക്‌ ഉൾപ്പെടെ വിവിധ ഭാഷകളിൽ സർവേ ചോദ്യാവലിയുണ്ട്‌. എഡിഐ വെബ്‌സൈറ്റിലൂടെ (www.alz.co.uk/research/world-report-2019)- ഓൺലൈനായും സർവേയുടെ ഭാഗമാകാം. ലോക അൽസ്‌ഹൈമേഴ്‌സ്‌ മാസമായ സെപ്‌റ്റംബറിൽ സർവേയിലെ കണ്ടെത്തലുകൾ പ്രത്യേക റിപ്പോർട്ടായി പ്രസിദ്ധീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com