ADVERTISEMENT

ദുബായ്∙ ഷാർജയിലേക്കുള്ള ഗതാഗത തടസ്സത്തിന് പ്രധാന പരിഹാരമായി ട്രിപ്പോളി റോഡ് അടുത്ത മാസം അവസാനം തുറക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും എമിറേറ്റ്സ് റോഡിനെയും ബന്ധിപ്പിച്ച് 12 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന ട്രിപ്പോളി റോഡ് തുറക്കുന്നതോടെ ഇവിടുത്തെ 30% ഗതാഗത തടസ്സവും പരിഹരിക്കപ്പെടുമെന്ന് ആർടിഎ(ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്) അധികൃതർ വ്യക്തമാക്കി.

tripoli2

ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനു പുറമെ അൽ വർഖ, മിർദിഫ് എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ എത്താൻ സാധിക്കും. റബാദ്, നാദ് അൽ ഹമർ റോഡ് എന്നിവിടങ്ങളിലേക്കു കടക്കുന്നതും സുരക്ഷിതമാക്കും. 500 ദശലക്ഷം ദിർഹമാണ് പദ്ധതി ചെലവ്. നാല് ഇന്റർ ചെയ്ഞ്ചുകളും ഒരു ടണലും മൂന്നു പാലങ്ങളും ഉൾപ്പെട്ടതാണ് നിർമാണം.മണിക്കൂറിൽ 12000 വാഹനങ്ങൾക്ക് ഇരുദിശകളിലേക്കും പോകാവുന്ന രീതിയിലാണ് റോഡ് നിർമാണമെന്ന് ആർടിഎ ചെയർമാനും ഡയറക്ടർ ജനറലുമായ മാത്തർ അൽ തായർ അറിയിച്ചു.

അടുത്ത സമയത്തു തുറന്ന എയർപോർട് റോഡ്, അൽ അമർദി- അൽ ഖവനീജ് ഇടനാഴികൾക്കും അൽ അവീർ-റാസ് അൽ ഖോർ ഇടനാഴിക്കും സമാന്തരമായാവും പുതിയ റോഡ് വരുന്നത്. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ് മുതൽ എമിറേറ്റ്സ് റോഡുവരെയുള്ള ഭാഗം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ഷാർജ ഭാഗത്തേക്കുള്ള ട്രിപ്പോളി റോഡിനെയും എമിറേറ്റ്സ റോഡിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെയും നിർമാണം പൂർത്തിയായിട്ടുണ്ട്. ട്രിപ്പോളി റോഡിനെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡിനെയും ബന്ധിപ്പിക്കുന്ന ഫ്ലൈ ഓവറിന്റെ നിർമാണവും 92% പൂർത്തിയായതായി അധികൃതർ അറിയിച്ചു.

മിർദിഫ് സിറ്റി സെന്ററിനു സമീപം നിന്ന് ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ് വരെയുള്ള എംബിസെഡ് റോഡ് ഇന്റർസെക്ഷൻ ആറര കിലോമീറ്റർ ദൂരത്തിൽ വികസിപ്പിച്ചു. ഇതിനു പുറമെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡ് ജംക്ഷൻ മുതൽ എമിറേറ്റ് റോഡ് വരെ 5.3 കിലോമീറ്റർ നീളത്തിലാണ് ആറ് വരി പാത നിർമിച്ചിരിക്കുന്നത്. ഈ രണ്ടു ഭാഗവും ചേരുന്നതാണ് ട്രിപ്പോളി റോഡ്. ട്രിപ്പോളി അൾജീരിയ റോഡുകൾ ചേരുന്ന ഭാഗത്താണ് മൂന്നുവരിപ്പാതയോടു കൂടിയ തുരങ്കം നിർമിച്ചിരിക്കുന്നത്. റബാത് റോഡിൽ നിന്ന് ട്രിപ്പോളി റോഡിലേക്കു പ്രവേശിക്കാനും ഇത് സഹായകമാകും. 

ഇതോടെ ഇവിടുള്ള ഇന്റർസെക്ഷനിൽ മൂന്നു മിനിറ്റ് നേരത്തെ കാത്തിരിപ്പ് ഒരു മിനിറ്റിൽ താഴെയാകും. ഇതിനു പുറമെ ട്രിപ്പോളി റോഡും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ റോഡും ചേരുന്ന ഇന്റർസെക്ഷൻ ഒരു ഫ്ലൈഓവറായി ഉയർത്തിയിട്ടുണ്ട്. ഇതുമൂലം ഇവിടെയും ഗതാഗതം സുഗമമാവും.വാഹനങ്ങൾക്ക് വന്ന് സുഗമമായി തിരിഞ്ഞു പോകാനുള്ള കളക്ടർ റോഡുകളും ഒട്ടകങ്ങൾക്ക് കടന്നുപോകാൻ രണ്ട് അടിപ്പാതകളും നിർമിച്ചിട്ടുണ്ട്. എമിറേറ്റ്സ് റോഡിലെ ഒട്ടകപ്പാത-മൂന്ന് വികസിപ്പിച്ചിട്ടുമുണ്ട്. ബെൽ റമെയ്ത്ത ക്ലബിനു സമീപമുള്ള ഭാഗങ്ങളും വികസിപ്പിച്ചിട്ടുണ്ട്. മൊഹ്സീനയിലെ റൗണ്ട് എബqട്ടുകൾ വികസിപ്പിച്ച് രണ്ട് സിഗ്നലിങ് ജംക് ഷനുകളും ആക്കിയിട്ടുണ്ട്. ഇതോടെ ഇവിടെയും ഗതാഗതം സുഗമമാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com