ADVERTISEMENT

ദുബായ്∙ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നീലക്കടലും അതിനെ ചക്രവാള അതിരിൽ പുണരുന്ന നീലാകാശവും.... വാനവും വാരിധിയും ഒന്നാകുന്ന ഈ കാഴ്ച കാണാൻ ഇപ്പോൾ മലയാളികളും ഏറെ. പുലർവേളകളിലും മൂവന്തിനേരത്തും ചെഞ്ചായം കോരിയൊഴിച്ചതു പോലെ ഇവ ചുവന്നുതുടക്കും. കടലിൽ നിന്നുയർന്നും കടലിലേക്കു തന്നെ മുങ്ങാംകുഴിയിട്ടും പോകുന്ന ചെമ്പഴുക്ക നിറമുള്ള സൂര്യബിംബം കൂടിയാകുമ്പോൾ മനസ്സിന്റെ ഫ്രെയിമിൽ അതു മായാ കാഴ്ചയാകും.

malayalies-enjoy-fishing-and-boat-travelling-in-dubai2

ഇതിനൊപ്പം കടലോളങ്ങളിൽ തെന്നിയും തെറിച്ചും കുതിച്ചുമുള്ള ബോട്ടുയാത്രയും ചൂണ്ടിയിട്ട് മീൻപിടുത്തവും കൂടിയാകുമ്പോൾ ഹരം ഒന്നുവേറെ. മലയാളികൾ സംഘമായി ഈ യാത്രയുടെയും ചൂണ്ടയിടലിന്റെയും ആനന്ദം നുകരുകയാണിപ്പോൾ. സംഘങ്ങളുടെ എണ്ണം ഏറി വരുന്നതായി ബോട്ടുടമകളും പറയുന്നു. പത്തുപേരടങ്ങുന്ന സംഘങ്ങളായി ആഴക്കടിലിലേക്കുള്ള ഒരോ യാത്രയുടെ അവസാനവും നല്ല പെടപെടയ്ക്കുന്ന മീനുമായി തിരികെ വരാമെന്നതാണ് യുവാക്കൾ ഉൾപ്പടെയുള്ളവരെ ആവേശം കൊള്ളിക്കുന്നത്. സാഹസികതയ്ക്കൊപ്പം നല്ല പച്ചമീൻ സ്വാദോടെ കഴിക്കാം എന്ന സന്തോഷം ചെറുതല്ല. ഓളപ്പരപ്പിൽ അഭ്യാസിയെപ്പോലെ ചാടി മറിയുന്ന ഡോൾഫിനുകളും സഹയാത്രികരാകുമ്പോൾ യാത്ര പരമാനന്ദകരം. “പതിമൂന്നു വർഷമായി ദുബായിൽ എത്തിയിട്ട്.ഇതുപോലൊരു യാത്ര ഇതാദ്യം. ഇനിയും പോകണം" ദുബായിൽ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിൽ ചീഫ് അക്കൌണ്ടന്റായ ഷോജി ചാക്കോ പറഞ്ഞു.

"മരുഭൂമിയിൽ ഡൂൺ ബാഷിങ് ഉൾപ്പടെയുള്ളവ നടത്തിയിട്ടുണ്ടെങ്കിലും ഈ യാത്രയുടെ രസം ഒന്നു വേറെയാണ്. ചൂണ്ടയിൽ മീൻ കൊരുക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല,പോയിത്തന്നെ അറിയണം"”-റാന്നി സ്വദേശി ജെറിനും അടൂർ സ്വദേശി ജീബുവിനും പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ല. ഒരോ തിരയ്ക്കും ഓളങ്ങൾക്കുമനുസരിച്ച് ബോട്ട് വെട്ടിച്ച് പോകുന്നത് കാണേണ്ടതു തന്നെയാണ്. ആദ്യം പേടി തോന്നിയെങ്കിലും പിന്നീട് ഹരമായി-നിലമ്പൂർ സ്വദേശി ജിനേഷ് പറഞ്ഞു.

ദുബായ് ടൂറിസം

malayalies-enjoy-fishing-and-boat-travelling-in-dubai22

രാവിലെയും ഉച്ചയ്ക്കും ബോട്ടുകളിൽ സംഘങ്ങൾ പോകുന്നുണ്ട്.ശരാശരി ഏഴു മണിക്കൂറാണ് പാക്കേജ് . ജുമൈറ, മറീന, ബർദുബായ്, ഷാർജ, അജ്മാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ഇങ്ങനെ പോകുന്നുണ്ട്. ദുബായിൽ നിന്നു പോകുന്ന ബോട്ടുകൾ ദുബായ് ടൂറിസത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. ജുമൈറ, ബർദുബായ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു പോകുമ്പോൾ ഐഡി കാർഡും മറ്റും പരിശോധിച്ചാണ് വിടാറ്. കടലിൽ വച്ചും ചിലപ്പോൾ കോസ്റ്റ് ഗാർഡ് ഐഡി കാർഡുകൾ പരിശോധിക്കും. രാവിലെ നാലിനു പുറപ്പെടുന്ന സംഘം ഉച്ചയോടെ മടങ്ങിയെത്തും. ഉച്ചയ്ക്കു പോകുന്നവർ സന്ധ്യമയങ്ങുന്നതോടെ മടങ്ങും. രാത്രിയിൽ പോകുന്നവരും ഉണ്ട്.

കപ്പലുകൾ, ഡോൾഫിനുകൾ

വലിയ കണ്ടെയ്നർ കപ്പലുകളും ഇടയ്ക്കിടെ വെള്ളത്തിൽ ചാടി മറിയുന്ന ഡോൾഫിനുകളും യാത്രയെ ഹരം കൊള്ളിക്കും. “ഞങ്ങളുടെ ബോട്ടിനു സമീപം രണ്ടു ഡോൾഫിനുകൾ ചാടി മറിഞ്ഞു കൊണ്ടിരുന്നു.നല്ല രസമാണതു കാണാൻ. ഇനിയും അടുത്ത യാത്രയ്ക്കു പ്ലാൻ ചെയ്തിരിക്കുകയാണ്. ഇരുപതു വർഷമായി ദുബായിൽ എത്തിയിട്ട്.ഇതാദ്യമായാണ് ഇത്തരമൊരു യാത്ര"-ചെങ്ങന്നൂർ സ്വദേശിയായ പ്രദീപ് പറഞ്ഞു. മറക്കാനാത്ത അനുഭവമായിരുന്നു തുറന്ന ബോട്ടിലുള്ള കടൽ യാത്രയെന്നും അടുത്തതിന് ഇപ്പോഴെ തയ്യാറെടുത്തു കഴിഞ്ഞതായും സംഘത്തിലുണ്ടായിരുന്ന പ്രിൻസും ജിനേഷും പറഞ്ഞു. ഇവരെക്കൂടാതെ ജോൺസൺ, സിബി, റെജി, ജിനു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ബാറാക്കുട, ഷേരി

touirst

ബാറാക്കുടയും ഷേറിയും ഹമുറും ഉൾപ്പടെ മുപ്പതു കിലോയോളം മൽസ്യം ചൂണ്ടിയിൽ കിട്ടിയതായി സംഘം പറഞ്ഞു. കപ്പൽ മുങ്ങിക്കിടക്കുന്ന ചില ഭാഗങ്ങളിലാണ് മൽസ്യം കൂടുതൽ കിട്ടുന്നത്.അവിടേക്ക് ബോട്ടിൽ കൊണ്ടുപോകും. മിക്കവാറും ഒരു മണിക്കൂർ നീളുന്ന ബോട്ടുയാത്രയ്ക്കു ശേഷമാവും മീൻ പിടിത്തം. ചെമ്മീൻ, കൂന്തൽ, മത്തി എന്നിയാണ് ചൂണ്ടയിൽ കൊരുത്തിടുന്നത്. മീൻ കൊത്തുന്നത് അറിയാവുന്നവർക്ക് ജോലി എളുപ്പമാണ്. ഫിലിപ്പീനോകളോ മറ്റോ ഉണ്ടെങ്കിൽ അവർ ഇതിൽ അഗ്രഗണ്യരാണെന്നും നാലു തവണ പോയപ്പോഴും നല്ല മൽസ്യം കിട്ടിയെന്നും ജെറിൻ പറഞ്ഞു. അഞ്ചു കിലോയ്ക്കു മുകളിലുള്ള ബാറാക്കുട പോലും ചൂണ്ടയിൽ കുരുങ്ങും.

ചെറു ബോട്ടുകൾ

32 അടി നീളവും എട്ടടി വീതിയുമുള്ള ബോട്ടാണ് തന്റെ പക്കലുള്ളതെന്നും അടുത്തകാലത്തായി മലയാളികൾ കൂടുതലായി എത്തുന്നുണ്ടെന്നും ബോട്ടുടമ കാസർകോട് സ്വദേശി അബ്ദുല്ല പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും മറ്റുമുള്ള അടച്ച ബോട്ടുകളുമുണ്ട്.തുറന്ന ബോട്ടിൽ അവരെ കൊണ്ടുപോകാറില്ല. നൂറ് എച്ച് പി ശക്തിയുള്ള ഫോർ സ്ട്രോക്ക് എൻജിനാണ്. 12 മുതൽ 15 നോട്ടിക്കൽ മൈൽ ദുരമാണ് മിക്കപ്പോഴും പോകാറ്. ഡിബി വൺ, സെയ്നബ് പ്രദേശങ്ങളിലാണ് പോകുന്നത്. ഇവിടാണ് കപ്പൽ മുങ്ങിക്കിടക്കുന്നതായി പറയുന്നത്. പുലർച്ചെ സൂര്യോദയ വേളയിലും വൈകിട്ട് അന്തിച്ചോപ്പ് തെളിയുന്ന അവസരത്തിലുമാണ് കൂടുതലും മീൻ ചൂണ്ടയിൽ "കടിക്കുന്നത്" എന്നാണ് അബ്ദുല്ലയുടെ അഭിപ്രായം. നല്ല പൂർണചന്ദ്രനുള്ള ദിവസവും മൽസ്യം കൂടുതൽ കിട്ടും. സ്വദേശികൾ ഈ സമയത്താവും കൂടുതൽ എത്തുക. 1300 ദിർഹം മുതൽ 1400 ദിർഹം വരെയാണ് ഈടാക്കുകയെന്നും അബ്ദുല്ല പറഞ്ഞു. അദ്ദേഹത്തിന്റെ സഹോദരങ്ങളും വിവിധ കമ്പനികളുടെ ബോട്ട് ഓടിക്കുന്നവരാണ്. ഒരോ സംഘം എത്തുമ്പോഴും അവർക്ക് മൽസ്യം കിട്ടണേ എന്നാണ് ആഗ്രഹമെന്നും കൈനിറയെ മീനുമായി അവർ മടങ്ങുമ്പോഴാണ് സന്തോഷമെന്നും അബ്ദുല്ല പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com