ADVERTISEMENT

ദോഹ∙ റമസാനുശേഷം ദോഹ മെട്രോയുടെ ഷെഡ്യൂളിൽ മാറ്റം ഉണ്ടായേക്കുമെന്നു റിപ്പോർട്ട്. നിലവിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 11 വരെയാണു മെട്രോ സർവീസ്. രാവിലത്തെ സർവീസ് നേരത്തെയാക്കാനാണു നീക്കം. 

 ഖത്തറിൽ ഒട്ടേറെ സ്ഥാപനങ്ങൾ രാവിലെ 7നു തുറക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സൗകര്യം കണക്കിലെടുത്താണു സർവീസ് നേരത്തെയാക്കുന്നത്.

പുതിയ പ്രവർത്തനസമയം ട്വിറ്റർ, ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ യഥാസമയം പൊതുജനങ്ങളെ അറിയിക്കും. ദോഹ മെട്രോ വൃത്തങ്ങളെ ഉദ്ധരിച്ചു ഗൾഫ്‌ ടൈംസ് ഇതു റിപ്പോർട്ട് ചെയ്തു. 

ദോഹ മെട്രോ റെഡ്‌ലൈൻ സൗത്ത് ട്രാക്കിൽ 13 സ്റ്റേഷനുകളെ ബന്ധിപ്പിച്ചു മേയ് 8 നാണ് സർവീസ് തുടങ്ങിയത്.

അൽ ഖസർ, ഡിഇസിസി, ക്യുഐസി വെസ്റ്റ് ബേ, കോർണിഷ്, അൽബിദ ഇന്റർചേഞ്ച്, മുഷൈരിബ് (ഇന്റർചേഞ്ച് സ്റ്റേഷൻ), അൽദോഹ അൽ ജദീദ, ഉം‌ഗുവൈലിന, മതാർ അൽ ഖദീം, ഉഖ്ബ ഇബ്ൻ നഫീ, ഫ്രീ സോൺ, റാസ് അബു ഫോണ്ടാസ്, അൽ വക്ര എന്നിവയാണു 13 സ്റ്റേഷനുകൾ. കത്താറ മുതൽ ലുസൈൽ വരെയുള്ള വടക്കൻ റീച്ചിലെ 5 സ്റ്റേഷനുകളിലേക്കും വൈകാതെ സർവീസ് നീട്ടും. 

ദോഹ മെട്രോയുടെ അവശേഷിക്കുന്ന രണ്ടു ലൈനുകളും സ്‌റ്റേഷനുകളും ഘട്ടംഘട്ടമായി തുറക്കും. പ്രാരംഭ സർവീസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ദിവസേന വർധനവുണ്ട്. മെട്രോ സ്‌റ്റേഷനുകളോടു ചേർന്നുള്ള വ്യാപാര കേന്ദ്രങ്ങളുടെ പ്രവർത്തനവും ശക്തിപ്പെടുത്തും.

സുരക്ഷിതയാത്രയ്ക്ക് മാർഗനിർദേശങ്ങൾ

ദോഹ∙ മെട്രോ യാത്ര സുരക്ഷിതവും സൗകര്യപ്രദവും ആക്കുന്നതിനു മാർഗനിർദേശങ്ങളുമായി ഖത്തർ റെയിൽ.

ട്രെയിൻ നിർത്തുമ്പോൾ വാതിൽക്കൽ കൂട്ടംകൂടി നിന്നു കയറാനും ഇറങ്ങാനും തടസ്സം സൃഷ്ടിക്കരുതെന്നും സഹയാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കോച്ചിൽ ഒഴിവാക്കണമെന്നും ഖത്തർ റെയിൽ ട്വിറ്ററിൽ അഭ്യർഥിച്ചു. 

കോച്ചുകൾ ശുചിയായും വൃത്തിയായും സൂക്ഷിക്കണം. ടിഷ്യുപേപ്പർ ഉൾപ്പെടെയുള്ളവ ട്രാഷ് ബിന്നിൽ മാത്രം നിക്ഷേപിക്കണമെന്നും ബാഗുകൾ സീറ്റിൽ വച്ചു മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കരുതെന്നും ഖത്തർ റെയിൽ ഓർമിപ്പിക്കുന്നു.

 കുട്ടികളെ സീറ്റിൽ നിർത്തി യാത്ര ചെയ്യിക്കരുതെന്നും സീറ്റിലിരുന്ന് ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്നും ഒരു യാത്രികനു ചെറിയ 2 ലഗേജ് ബാഗുകൾ മാത്രമേ അനുവദിക്കൂ എന്നും ഖത്തർ റെയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com