ADVERTISEMENT

ദുബായിൽ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരച്ചടങ്ങുകളിൽ വൻ ജനാവലി പങ്കെടുത്തു.  കോട്ടയം പാമ്പാടി സ്വദേശിയായ വിമൽ കാർത്തികേയന്റെ മൃതദേഹം പാമ്പാടി പൊത്തൻപുറത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ദുബായിൽ ചീഫ് അക്കൗണ്ടന്റായ വിമൽ മസ്‌കത്തിലുള്ള സഹോദരന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴാണു മരിച്ചത്. ‌‌തൃശൂർ കുണ്ടുകാട് വട്ടായി വള്ളിത്തോട്ടത്തിൽ കിരൺ ജോണി (25)യുടെ സംസ്കാരം വട്ടായി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ നടത്തി. ഒമാനിലുള്ള സഹപാഠിയെ കണ്ടശേഷം ജ്യേഷ്ഠൻ ജെറിനടുത്തേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.

അപകടത്തിൽ മരിച്ച തിരുവനന്തപുരം വേളി ബോട്ട് ക്ലബ്ബിനു സമീപം മാധവപുരം ജയാ ഭവനിൽ ടി സി 32/ 223 ൽ ദീപകുമാറി(40) ന്റെ മൃതദേഹം വീട്ടു വളപ്പിൽ  സംസ്‌കരിച്ചു. കണ്ണൂർ മൊറാഴ പാളിയത്തുവളപ്പ് പുതിയ പുരയിൽ രാജന്റെ (48) മൃതദേഹം പാളിയത്തുവളപ്പ് വായനശാലയ്ക്കു സമീപത്തെ വീട്ടിലെത്തിച്ചശേഷം മൊറാഴ കൂളിച്ചാൽ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. തലശ്ശേരി സെറീനാസിൽ ഉമ്മറിന്റെയും (63) മകൻ നബീൽ ഉമ്മറിന്റെയും (24) മൃതദേഹങ്ങൾ  ഹോളോവേ റോഡിലെ മുഖ്ദാർ പള്ളി ഖബർസ്ഥാനിൽ കബറടക്കി.

ദുബായിൽ നിന്നു കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി രാത്രി വൈകിയാണ് വീട്ടിൽ എത്തിച്ചത്. മസ്കത്തിലുള്ള മകളുടെ അടുത്ത് പെരുന്നാൾ ആഘോഷിച്ചു ദുബായിലേക്ക് തിരിച്ചു വരുമ്പോഴാണ് അപകടത്തിൽപെട്ടത്.

മസ്കത്ത്-ദുബായ് ബസ് സർവീസ് പുനരാരംഭിച്ചു

ദുബായ്∙ 17 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തെ തുടർന്നു നിർത്തിവച്ച മസ്കത്ത്-ദുബായ് ബസ് സർവീസ് മുവസലാത്ത് പുനരാരംഭിച്ചു. ഒമാൻ ഗതാഗത കമ്പനിയായ മുവസലാത്ത് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുമായുള്ള(ആർടിഎ) ധാരണപ്രകാരം സർവീസ് പുനരാരംഭിക്കുകയാണെന്ന് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്പനി പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഇവർ അധികൃതരുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും മുവസലാത്ത് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com