ദുബായ്∙ ‘വീട്ടിലേക്ക് മടങ്ങാൻ നേരമായി’– ഒമാനിൽ പെരുന്നാൾ അവധിയാഘോഷിച്ച് ദുബായിലേക്കു മടങ്ങുമ്പോൾ സ്വന്തം ചിത്രത്തിനൊപ്പം രാജസ്ഥാനിലെ അജ്മേർ സ്വദേശിനിയും മോഡലുമായ റോഷ്നി ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം വീടുപോലെ കരുതിയ ദുബായിലേക്കു മടങ്ങാനാഗ്രഹിച്ചെങ്കിലും പാതിവഴിയിൽ സംഭവിച്ച അപകടത്തിൽ റോഷ്നി ഓർമയായി.

പാം ജുമൈറയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മാർക്കറ്റിങ് വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന റോഷ്നി സൗന്ദര്യ മൽസരങ്ങളുടെ റാംപിലും ഇനി ഉണ്ടാകില്ല. 7 മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ച ദുബായ് ബസ് അപകടത്തിൽ മരിച്ചവരിൽ റോഷ്നി മുൽഛന്ദാനി(22) യും ഉണ്ടായിരുന്നു. ഫെയ്സ്ബുക്കിലെ റോഷ്നിയുടെ അവസാന ചിത്രത്തിലേക്കും അടിക്കുറിപ്പിലേക്കും നോക്കി കണ്ണീർ വാർക്കുകയാണ് ദുബായിലെ സുഹൃത്തുക്കൾ. ഒമാനിലെ സലാലയിൽ നിന്നാണ് ഫെയ്സ്ബുക്കിൽ റോഷ്നി പോസ്റ്റിട്ടത്.
യാത്ര പൂർത്തിയാകും മുൻപെ അപകടം എത്തി. സമൂഹമാധ്യമങ്ങളിൽ അരലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള റോഷ്നിയെക്കുറിച്ച് സുഹൃത്തുക്കൾക്കു പറയാനുള്ളത് നല്ല വാക്കുകൾ മാത്രം. ബന്ധുവായ വിക്രം ജവാഹർ താക്കുറിനും കൂട്ടുകാർക്കുമൊപ്പമാണ് റോഷ്നി ഒമാനിൽ അവധി ആഘോഷിക്കാൻ പോയത്. അപകടത്തിൽ വിക്രമും മരിച്ചു. വിക്രത്തിന്റെ ഭാര്യയും ഇവർക്കൊപ്പം യാത്ര ചെയ്യാനിരുന്നതാണ്. യാത്ര അവസാന നിമിഷം മാറ്റിവച്ചു. റോഷ്നിയുടെ മൃതദേഹം ദുബായിലെ ജബൽ അലിയിലെ ശ്മശാനത്തിൽ സംസ്കരിച്ചു.