sections
MORE

സാമ്പത്തിക വികസനത്തിന് ഖത്തർ ലോകകപ്പ് പദ്ധതികൾ

al-bayat
ഈ വർഷം നിർമാണം പൂർത്തിയാകുന്ന അൽഖോറിലെ അൽ ബയ്ത് സ്‌റ്റേഡിയം.
SHARE

ദോഹ ∙ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് 2022 ഖത്തർ ലോകകപ്പ് പദ്ധതികൾ കരുത്തേകുന്നു. രാജ്യത്തിന്റെ വികസന മുഖത്തിന് വലിയ മാറ്റങ്ങൾ നൽകിയാണു ലോകകപ്പ് പദ്ധതികൾ പുരോഗമിക്കുന്നത്. പാർപ്പിടം, ടൂറിസം, ഹോട്ടൽ, അടിസ്ഥാന സൗകര്യ വികസന മേഖല, റിയൽ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകൾക്കാണ് ലോകകപ്പ് വികസന പദ്ധതികൾ ഏറെ ഗുണം ചെയ്യുന്നത്. ടൂർണമെന്റിനായുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളും സ്‌റ്റേഡിയം നിർമാണങ്ങളും തകൃതിയായി നടക്കുകയാണ്.

എട്ട് സ്റ്റേഡിയങ്ങളിൽ ഖലീഫ രാജ്യാന്തര സറ്റേഡിയവും അൽ വക്ര സ്റ്റേഡിയവും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തിന് സമർപ്പിച്ചിരുന്നു. റാസ് അബു അബൗദ്, അൽഖോറിലെ അൽ ബയ്ത്, അൽ റയ്യാൻ, അൽ തുമാമ, ഖത്തർ ഫൗണ്ടേഷൻ, ലുസൈൽ എന്നിവയാണ് നിർമാണത്തിലിരിക്കുന്ന മറ്റ് സ്റ്റേഡിയങ്ങൾ. സ്റ്റേഡിയങ്ങൾക്കും അനുബന്ധ സൗകര്യങ്ങൾക്കുമായി 6 ബില്യൻ ഡോളറാണ് അനുവദിച്ചിരിക്കുന്നതെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസ്സൻ അൽ തവാദി വ്യക്തമാക്കി.

സാമ്പത്തിക മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങളും പദ്ധതികൾ പ്രദാനം ചെയ്യുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ നവോത്ഥാനത്തിന് തുടക്കമിട്ടുള്ള നിയമ പരിഷ്‌കരണങ്ങളും സർക്കാർ നടപ്പാക്കിയിരുന്നു.

പാർപ്പിട, ഹോട്ടൽ മേഖലയ്ക്ക് ഗുണം

2022 ലോകകപ്പ് ടൂർണമെന്റിനിടയിൽ കൂടുതൽ ലാഭം കൊയ്യുന്നത് പാർപ്പിട, ഹോട്ടൽ മേഖലയായിരിക്കും. പത്ത് ലക്ഷത്തിലധികം കാണികളെയാണ് ടൂർണമെന്റിലേക്ക് പ്രതീക്ഷിക്കുന്നത്. 60,000 ഹോട്ടൽ മുറികളാണ് 2022 ലേക്ക് ആവശ്യമായി വരുന്നത്. എന്നാൽ കാണികൾക്കായി ഹോട്ടൽ മുറികൾ, അപ്പാർട്‌മെന്റുകൾ, ആഡംബര കപ്പലുകളിൽ മുറികൾ എന്നിവിടങ്ങളിലെല്ലാം കൂടി 90,000 ത്തോളം മുറികളാണ് ക്രമീകരിക്കുന്നത്. അറബ് കൂടാരങ്ങളുടെയും പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും മാതൃകയിലുള്ള ഗ്രാമങ്ങളും കാണികൾക്കായി നിർമിക്കുന്നുണ്ട്. മികച്ച താമസ സൗകര്യങ്ങൾ ഉറപ്പാക്കുമ്പോൾ ഹോട്ടൽ മേഖലയുടെ സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടും. റിയൽ എസ്റ്റേറ്റ് കമ്പനികളുടെ അപ്പാർട്‌മെന്റുകളും വില്ലകളുമെല്ലാം 2022 ലക്ഷ്യമിട്ട് നിർമാണത്തിലാണ്.

റോഡ് മുതൽ ആശുപത്രി വരെ

റോഡുകൾ, വിമാനത്താവള നവീകരണം, ആശുപത്രികൾ എന്നിവയെല്ലാമാണ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലുള്ളത്. ഗതാഗത കുരുക്ക് ഒഴിവാക്കാനുള്ള റോഡ് നിർമാണങ്ങളും നവീകരണങ്ങളും ദ്രുതഗതിയിലാണ്. ഒട്ടേറെ ഹൈവേകളും സർവീസ് റോഡുകളും മേൽപ്പാലങ്ങളും കാൽനടക്കാർക്കായി നടപ്പാലങ്ങളും ഇതിനകം പൊതുമരാമത്ത് വകുപ്പ് പ്രവർത്തനസജ്ജമാക്കി. അവശേഷിക്കുന്ന പദ്ധതികൾ 2022 ന് മുമ്പായി പൂർത്തിയാകും. ഗതാഗത മേഖലയിൽ പുതിയ വിപ്ലവമായി ദോഹ മെട്രോയുടെ പ്രവർത്തനം ലോകകപ്പ് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ്. മെട്രോയുടെ പ്രവർത്തനം സാമ്പത്തിക ഗുണത്തിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കാരണമായി. 2022 ൽ കൂടുതൽ ബസുകളും ജലടാക്‌സികളും ഏർപ്പെടുത്തുന്നത് ടാക്‌സി മേഖലയ്ക്കും ഗുണം ചെയ്യും.

വ്യവസായങ്ങൾക്ക് അഭിവൃദ്ധി

പ്രാദേശികതക്ക് പ്രാമുഖ്യം നൽകികൊണ്ടാണ് സ്റ്റേഡിയങ്ങളുടെ നിർമാണം എന്നത് ലോകകപ്പ് പദ്ധതികളിൽ പ്രാദേശിക വ്യവസായങ്ങൾക്കാണ് സുപ്രീം കമ്മിറ്റി പ്രഥമ പരിഗണന നൽകുന്നത്. മേഖലയിലെ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് വരെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ലക്ഷകണക്കിന് റിയാൽ മൂല്യമുള്ള പദ്ധതികളാണ് ഇവർക്കായി നൽകിയിരിക്കുന്നത്. ലോകകപ്പ് ടീമുകൾക്കുള്ള പരിശീലന സ്ഥലങ്ങൾ, സീറ്റ് നിർമാണം, പുൽത്തകിടി തുടങ്ങി വിഭിന്ന കരാറുകളിലായി എട്ട് സ്റ്റേഡിയങ്ങളിലും പ്രാദേശിക കമ്പനികളുടെ സാന്നിധ്യം വലുതാണ്. വേദികൾ, ലെഗസി പദ്ധതികൾ എന്നിവയിലെല്ലാം പ്രാദേശിക കമ്പനികൾക്കാണ് മുഖ്യസ്ഥാനം. പ്രാദേശിക വ്യവസായങ്ങളുടെ വളർച്ച ദേശീയ സമ്പദ് വ്യവസ്ഥക്ക് കൂടുതൽ കരുത്തേകും.

നിക്ഷേപ അവസരം

പ്രാദേശിക കമ്പനികൾക്ക് മാത്രമല്ല ഖത്തറിന്റെ പങ്കാളികളായ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾക്കും 2022 ലോകകപ്പ് പദ്ധതികൾ ഗുണം ചെയ്യുന്നുണ്ട്. രാജ്യാന്തര വ്യവസായികളുമായി സഹകരിച്ചാണ് പ്രവർത്തനമെന്ന് നേരത്തെ സുപ്രീം കമ്മിറ്റി അധികൃതർ വ്യക്തമാക്കിയിരുന്നു. ലോകകപ്പ് പദ്ധതികളിലെ കൂടുതൽ വാണിജ്യ പങ്കാളികളും യുഎസിൽ നിന്നുള്ളവരാണ്. പ്രാദേശിക-രാജ്യാന്തര കമ്പനികളുടെ പങ്കാളിത്തത്തിലാണ് സ്റ്റേഡിയങ്ങളുടെ നിർമാണവും. അമ്പത് കോടി ഡോളറിൽ അധികം വാണിജ്യ കരാറുകളാണ് വിദേശരാജ്യങ്ങളുമായുള്ളത്.

പരിസ്ഥിതിക്ക് മുൻഗണന

അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സാമ്പത്തിക മേഖലയെ ത്വരിതപ്പെടുത്തുക മാത്രമല്ല പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്. പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കിയാണ് സ്റ്റേഡിയങ്ങളുടെ നിർമാണം. സുസ്ഥിരതാ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള നിർമാണം പൂർത്തീകരണത്തിന് മുമ്പേ സ്റ്റേഡിയങ്ങളെ തേടി രാജ്യാന്തര പുരസ്‌കാരങ്ങൾ ലഭിക്കാനും ഇടയാക്കി. വേദികൾക്ക് ചുറ്റുമായി സന്ദർശകർക്ക് തണലേകാനുള്ള മരങ്ങളും അൽ ഷമാലിലെ നഴ്‌സറിയിൽ വളരുന്നുണ്ട്. 16,000 ത്തോളം മരങ്ങളാണ് വേദികൾക്ക് ചുറ്റും ഹരിതാഭ പകരുന്നത്. കാണികൾക്ക് തണലേകാനാണെങ്കിലും മരങ്ങൾ നട്ടുവളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണവും ലക്ഷ്യമിടുന്നു. പൊതുസ്ഥലങ്ങളിലെ നിർമാണങ്ങൾക്കായി ധാരാളം മരങ്ങൾ പിഴുതി മാറ്റിയിരുന്നു. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെ വേദികൾക്ക് ചുറ്റുമായി ഇവയ്ക്ക് പുതുജീവൻ നൽകാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
FROM ONMANORAMA