ADVERTISEMENT

അൽഐൻ∙ അറേബ്യൻ സംസ്കാരത്തിന്റെ നേർക്കാഴ്ചയായ നാഷനൽ മ്യൂസിയത്തിലേക്കു  പെരുന്നാൾ അവധി ദിവസങ്ങളിലുണ്ടായത് സന്ദർശക പ്രവാഹം. അൽഐനിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ഖാലിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ ഈ മ്യൂസിയം ബിസി 5 മുതൽ തന്നെ ഇവിടം ജനവാസ മേഖലയായിരുന്നു എന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. അടുത്തിടെ 3000 വർഷം പഴക്കമുള്ള വിരൽപാടുകൾ പതിഞ്ഞ പുരാവസ്തുക്കളും പ്രദേശത്ത് കണ്ടെത്തിയിരുന്നു. 1969ൽ സ്ഥാപിച്ച അൽഐൻ നാഷനൽ മ്യൂസിയം 1971ൽ ഖാലിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ കെട്ടിടത്തിലേക്കു മാറ്റിയ ശേഷമാണു പൊതുജനങ്ങൾക്കു തുറന്നു കൊടുത്തത്.

നരവംശ, പുരാവസ്തു വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന മ്യൂസിയത്തിൽ എണ്ണ കണ്ടുപിടിത്തത്തിനു മുൻപ് സ്വദേശികളുടെ ജീവിത രീതി വരച്ചു കാട്ടുന്നു. പരമ്പരാഗത വേഷമണിഞ്ഞ അമ്മയും കുഞ്ഞുമാണു സന്ദർശകരെ സ്വീകരിക്കുക. കുട്ടികൾക്കു പാലും മരുന്നും കൊടുക്കാനുപയോഗിച്ചിരുന്ന പാത്രങ്ങൾ, ചേലാകർമം ചെയ്തിരുന്ന രീതിയും അതിനുപയോഗിച്ചിരുന്ന ഉപകരണങ്ങളും തുടങ്ങി പുരാതന സ്വദേശി ജീവിതത്തിന്റെ ശേഷിപ്പുകൾ കാണാം. പോത്തിന്റെയും ഒട്ടകത്തിന്റെയും വീതി കൂടിയ എല്ലിൽ സമർ മരത്തിന്റെ കരി ഉപയോഗിച്ച് എഴുതി പഠിച്ചിരുന്ന വിദ്യാഭ്യാസ രീതി ഇസ്‌ലാം വിദ്യാഭ്യാസത്തിനു നൽകിയിരുന്ന പ്രാധാന്യം എടുത്തു കാട്ടുന്നു. 17–ാം നൂറ്റാണ്ടിലെ ഖുർആൻ കയ്യെഴുത്ത് പ്രതികളുടെ അപൂർവ ശേഖരവും ഇവിടെയുണ്ട്.

വിവിഐപി കല്ല്

ചന്ദ്രനിൽനിന്നു യുഎസ് ഗവേഷകർ ശേഖരിച്ച കല്ല് മ്യൂസിയത്തിലെ വിവിഐപിയാണ്. സമാധാനത്തിന്റെ സൂചകമായി യുഎസ് യുഎഇക്കു സമ്മാനിച്ച കല്ലിനൊപ്പം ചന്ദ്രനിലേക്കു കൊണ്ടുപോയ യുഎഇ പതാകയും പ്രദർശിപ്പിച്ചിരിക്കുന്നു.

മ്യൂസിയം കഴിഞ്ഞാൽ

ജബൽ ഹഫീത്, അൽഐൻ മൃഗശാല, ജാഹിഫി ഫോർട്ട്, അൽഐൻ ഒയാസിസ്, വാദി അഡ്വഞ്ചർ പാർക്ക്, പാലസ് മ്യൂസിയം, ഖസർ അൽ മുവൈജി, ഹിലി ആർക്കിയോളജിക്കൽ പാർക്ക്, പബ്ലിക് ഗാർഡൻ, ഹിലി ഫൺസിറ്റി, മുബസ്സറ പാർക്ക് എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്നു.

അമ്പും വില്ലും മുതൽ വെള്ളിത്തോക്ക് വരെ

ആചാരത്തിന്റെയും ആഢംബരത്തിന്റെയും സൂചകമായി പതിനെട്ടാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ മ്യൂസിയത്തിൽ കാണാം. വാള്, പരിച, കുന്തം, ഹെൽമെറ്റ്, മാൻകൊമ്പുകൊണ്ട് നിർമിച്ച അമ്പും വില്ലും, നാലു കുഴലുള്ള കൈത്തോക്ക്, വെള്ളികൊണ്ട് അലങ്കരിച്ച തോക്ക് ഇങ്ങനെ നീളുന്നു ആയുധ ശേഖരം. വെടിമരുന്ന് ഉണ്ടാക്കിയിരുന്ന രീതിയും വിവരിക്കുന്നുണ്ട്. മുത്തുവാരൽ–മീൻപിടിത്ത ഉപകരണങ്ങൾ, പരമ്പരാഗത നെയ്ത്തുശാല, വാദ്യോപകരണങ്ങൾ, നാണയ മാതൃകകൾ, സ്വർണത്തിൽ നിർമിച്ച പായ്ക്കപ്പൽ, സ്വർണ വാൾ തുടങ്ങി ഭരണാധികാരികൾക്കു വിവിധ രാജ്യങ്ങൾ സമ്മാനിച്ച വിലപിടിപ്പുള്ള സമ്മാനങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

ഇന്ത്യയും യുഎഇയും അന്ന്

പരമ്പരാഗത ഇന്ത്യൻ ഡിസൈനിലുള്ള മാല, വള, കമ്മൽ, അരപ്പട്ട തുടങ്ങി സ്വർണത്തിലും വെള്ളിയിലും നിർമിച്ച ആഭരണങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ അന്നേയുണ്ടായിരുന്ന വാണിജ്യ ബന്ധത്തിന്റെ തെളിവാണ്. മലബാറിൽ നിന്നുള്ള മരപ്പെട്ടി അറബികൾക്കു കേരളവുമായുണ്ടായിരുന്ന ബന്ധം എടുത്തുകാട്ടുന്നു. നിലമുഴുന്ന സ്വദേശി കർഷകന്റെ ചിത്രവും പ്രദർശിപ്പിച്ചിട്ടുണ്ട്. 15 മീറ്റർ താഴ്ചയുള്ള കിണർ മ്യൂസിയത്തിലെ കൃഷിയിടത്തിൽ അതേപടി സംരക്ഷിച്ചിട്ടുണ്ട്. ആയുർവേദ ഒറ്റമൂലികളിലൂടെ രോഗപ്രതിരോധം തീർത്ത ചരിത്രവും വിവരിക്കുന്നുണ്ടിവിടെ. ഉണങ്ങിയ പൂക്കളും സുഗന്ധ വ്യഞ്ജനങ്ങളിൽ പലതും വിവിധ രോഗ ശമനത്തിന് ഉപയോഗിച്ചിരുന്നതും വിശദീകരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com