ADVERTISEMENT

റിയാദ് ∙ 33 മണിക്കൂർ വൈകിപ്പറന്ന് എയർ ഇന്ത്യ വീണ്ടും പ്രവാസികളെ വെട്ടിലാക്കി. റിയാദിൽ നിന്ന് ഞായറാഴ്ച വൈകിട്ട് 3.45ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 924 എയർഇന്ത്യ വിമാനമാണ് എൻജിൻ തകരാറിന്റെ പേരിൽ ചൊവ്വാഴ്ച രാത്രി 12.15ന് പുറപ്പെട്ടത്. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 168 യാത്രക്കാർ ദുരിതത്തിലായി. റൺവേയിൽ അൽപം ദൂരം മുന്നോട്ടുനീങ്ങിയതിനു ശേഷമാണ് എൻജിൻ തകരാറുണ്ടെന്ന് അറിയിച്ചത്.

15 മിനിറ്റിനുള്ളിൽ പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിപ്പെന്ന് യാത്രക്കാരനായ സാം പറഞ്ഞു. ഒരു മണിക്കൂറോളം വിമാനത്തിലിരുത്തി. സാങ്കേതിക പ്രശ്നം പരിഹരിച്ച് രാവിലെ 7ന് പുറപ്പെടുമെന്നായിരുന്നു പിന്നീടുള്ള അറിയിപ്പ്. തുടർന്ന് യാത്രക്കാരെ ടെർമിനലിലേക്ക് തിരിച്ചയച്ചു. പിന്നീടു യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ലഗേജ് വിമാനത്തിലായതിനാൽ ഉടുതുണി മാറ്റാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു യാത്രക്കാർക്ക്. ഇതേ വിമാനം തന്നെ തിരിച്ചെത്തി തിങ്കളാഴ്ച രാവിലെ മുംബൈയിലേക്ക് സർവീസ് നടത്തേണ്ടതായിരുന്നു.

വിമാനം വൈകിയതോടെ റിയാദ്-മുംബൈ സെക്ടറിലെ യാത്രക്കാരും കുടുങ്ങി. വിവരമറിഞ്ഞ് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി ജോസഫ് എം.പുതുശേരി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും നോർക്ക, എയർ ഇന്ത്യ അധികൃതരുമായും ബന്ധപ്പെട്ടിരുന്നു. സാങ്കേതിക പ്രശ്നം പരിഹരിച്ച് വിമാനം രാത്രി 12ന് പുറപ്പെട്ടതായി എയർഇന്ത്യ റീജനൽ മാനേജർ മാരിയപ്പൻ പറഞ്ഞു. മുംബൈയിലേക്കുള്ള യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അയച്ചു. യാത്രക്കാർക്കുണ്ടായ അസൌകര്യത്തിൽ ഖേദം പ്രകടിപ്പിച്ചു.

സംസ്കാരം 2 തവണ മാറ്റി

യാത്രക്കാരിൽ അമ്മയുടെ മരണവിവരം അറിഞ്ഞു നാട്ടിലേക്കു പുറപ്പെട്ട കുടുംബവുമുണ്ടായിരുന്നു. തിരുവല്ല കവിയൂർ സ്വദേശിയും റിയാദ് കെയർ ആശുപത്രിയിലെ നഴ്സുമായ കല്ലുപറമ്പിൽ സാം ഫിലിപ്പും കുടുംബവുമാണ് അമ്മയുടെ മരണവിവരമറിഞ്ഞ മടങ്ങവേ ദുരിതത്തിലായത്. സംസ്കാരം 2 തവണ മാറ്റിവയ്ക്കേണ്ടി വന്നതായും സാം ഫിലിപ്പ് മനോരമയോടു പറഞ്ഞു. ബികോം രണ്ടാം വർഷ പരീക്ഷ എഴുതാൻ പുറപ്പെട്ട കൊല്ലം പള്ളിമുക്ക് സ്വദേശി ഷിബ്ന ബഷീറും ഇക്കൂട്ടത്തിൽ ഉൾപ്പെടും. രാവിലെ എട്ടരയ്ക്കാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. എമിഗ്രേഷൻ കഴിഞ്ഞ് പുറത്തിറങ്ങി കൊല്ലത്ത് എത്തുമ്പോഴേക്കും പരീക്ഷാ സമയം കഴിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com