ADVERTISEMENT
അബുദാബി ∙ യുഎഇ കടുത്ത ചൂടിലേക്ക് നീങ്ങിയതോടെ, വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കു മുന്നറിയിപ്പുകളുമായി ഗതാഗതവിഭാഗം. 43 മുതൽ 48 ഡിഗ്രി വരെയാണ് യുഎഇയിലെ ശരാശരി താപനില.

ടയർ സൂക്ഷിക്കുക

ടയർ പൊട്ടിയുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. തേയ്മാനം സംഭവിച്ചതും കാലപ്പഴക്കം ചെന്നതുമായ ടയർ ഉപയോഗിക്കരുത്. യുഎഇയിലുണ്ടായ അപകങ്ങളിൽ 5 ശതമാനം ടയർപൊട്ടിയാണ്. രണ്ടാഴ്ചയിൽ ഒരിക്കലെങ്കിലും ടയറിലെ വായു പരിശോധിക്കണം. ടയറിന്റെ പരമാവധി ഉപയോഗം 50,000 കിലോമീറ്ററാണെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. മോശം ടയർ ഉപയോഗിക്കുന്നത് ബ്രേക്ക്, സുരക്ഷ, ഇന്ധന ഉപയോഗം തുടങ്ങി വാഹനത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. 5000 കിലോമീറ്റർ കഴിയുമ്പോൾ മുൻവശത്തെ ടയറുകൾ പിന്നിലേക്കു മാറ്റിയിടുന്നത് നല്ലതാണ്. ചില ടയർ ഷോപ്പുകൾ ഈ സേവനം സൗജന്യമായി നൽകുന്നുണ്ട്.

കുട്ടികളെ തനിച്ചാക്കരുത്

കടുത്ത ചൂടിൽ വാഹനം സ്റ്റാർട്ട് ചെയ്ത് കൂടുതൽ സമയം നിർത്തിയിടരുത്. നിർത്തിയിട്ട വാഹനത്തിൽ കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ തനിച്ചാക്കി പോകുന്നത് ജീവാപായമുണ്ടാക്കും. വാഹനത്തിൽ കുട്ടികൾ ശ്വാസം മുട്ടി മരിച്ച സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. സ്പ്രേ, രാസവസ്തുക്കൾ എന്നിവ വാഹനത്തിൽ വയ്ക്കുന്നത് അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്. സ്കൂൾ ബസുകളിൽനിന്നു കുട്ടികൾ എല്ലാവരും ഇറങ്ങിയെന്ന് ജീവനക്കാർ ഉറപ്പുവരുത്തണം.

ഫുൾ ടാങ്ക് ഇന്ധനം വേണ്ട

ചൂടു കാലത്ത് ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കരുതെന്നു വിദഗ്ധർ നിർദേശിക്കുന്നു. ഇന്ധനം കൂടുതൽ ആവിയായി പോകുന്നതു കുറയ്ക്കാൻ ചൂട് കുറഞ്ഞ സമയത്ത് ഇന്ധനം നിറയ്ക്കുന്നതാണു നല്ലത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com