ADVERTISEMENT

ദുബായ് ∙ സിദ്ധിഖ് എന്ന മലയാളിയുടെ ജീവിതം ഒരു ബോട്ടിലാണ്, ദുബായ് അബ്രയിൽ ആളുകളെ അക്കരെയും ഇക്കരെയും എത്തിച്ച് ജീവിക്കുന്ന മലപ്പുറംകാരൻ. ആദ്യം വരുമ്പോൾ പതിനെട്ടോളം മലയാളികൾ ബോട്ട് ഡ്രൈവർമാരായി ഉണ്ടായിരുന്നു. എന്നാൽ പണി കുറഞ്ഞതോടെ പലരും പുതിയ ജോലി തേടി. പക്ഷേ, സിദ്ധിഖ് ഇവിടെ തന്നെ തുടർന്നു. സാധാരണക്കാരായ പ്രവാസികളെ പോലെ കുടുംബത്തിനു വേണ്ടി ജീവിക്കുന്ന സിദ്ധിഖിന് മൂന്നു പെൺകുട്ടികളാണ്. രണ്ടുപേരെ വിവാഹം കഴിപ്പിച്ചയച്ചു. ഒരാളുടെ വിവാഹം ശരിയായി. വിവാഹ ആവശ്യത്തിനും വീടുവയ്ക്കുന്നതിനുമെല്ലാം കുടുംബത്തിലെ മറ്റുള്ളവരുടെ സഹായം വളരെ വലുതാണെന്ന് സിദ്ധിഖ് നന്ദിയോടെ സ്മരിക്കുന്നു.

എല്ലുമുറിയെ പണിയെടുത്താണ് ഒാരോ ദിവസം ജീവിക്കുന്നത്. ‘രാവിലെ ആറു മണിക്ക് വന്നാൽ രാത്രി 12 മണിവരെ ബോട്ടിലാണ്. 18 മണിക്കൂർ ജോലി. ചില ദിവസങ്ങളിൽ പ്രത്യേക സാഹചര്യങ്ങളിൽ നേരത്തെ പോകാൻ പറ്റുമെന്ന് സിദ്ധിഖ് പറയുന്നു. പക്ഷേ ഒരു പ്രശ്നമുണ്ട്, ഈ ജോലിയിൽ ശമ്പളം ഇല്ല. പണിയെടുത്താൽ പണം കിട്ടും. അർബാബിന് ദിവസവും ഒരു നിശ്ചിത തുക കൊടുക്കണം. അത് അഞ്ഞൂറ് ദിർഹം ഉണ്ടാക്കിയാലും നൂറു ദിർഹം ഉണ്ടാക്കിയാലും അർബാബിനുള്ള പണം കൃത്യമായിരിക്കണം’–തന്റെ ഒരു ദിവസത്തെ ജീവിതം വ്യക്തമാക്കി സിദ്ധിഖ് പറഞ്ഞു.

മെട്രോ വന്നത് ബോട്ട് യാത്രയിൽ നിന്നും ആളുകളെ പിന്നോട്ട് വലിച്ചുവെന്നാണ് സിദ്ധിഖിന്റെ നിരീക്ഷണം. പണ്ട്, മെട്രോ വരുന്നതിന് മുൻപ് യാത്രക്കാർ ധാരാളം ഉണ്ടായിരുന്നു. ഇന്ന് മുക്കാൽ ഭാഗം ആളുകളും മെട്രോയിൽ പോകുന്നു. ഇതെല്ലാം ഈ ജോലിയിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കാൻ കാരണമായി. സാധാരണക്കാരായ എല്ലാ പ്രവാസിയുടെയും പോലെ സിദ്ധിഖിനും നാട്ടിലേക്ക് മടങ്ങാൻ തന്നെയാണ് താൽപര്യം. പക്ഷേ, പ്രാരാബ്ദവും കടവും ആ ചിന്ത മാറ്റുന്നു. എങ്കിലും കൈവീശിക്കാണിച്ച് ആളുകളെ ബോട്ടിലേക്ക് കയറ്റുമ്പോൾ സിദ്ധിഖ് ചിരിച്ചുകൊണ്ട് പറഞ്ഞു: ‘കടങ്ങൾ വീട്ടിയിട്ടുവേണം നാടുപിടിക്കാൻ’. എല്ലാ പ്രവാസികളെയും പോലെ, പ്രതീക്ഷയുടെ വെളിച്ചം നോക്കി ആ ബോട്ടിൽ യാത്ര തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com