ADVERTISEMENT

അബുദാബി ∙ നിർമിത ബുദ്ധി ഉൾപ്പെടെ നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് പഠിതാക്കളുടെ ഡ്രൈവിങ് ശേഷി നിരീക്ഷിച്ച് ലൈസൻസ് നൽകുന്ന സ്മാർട് ഡ്രൈവിങ് ടെസ്റ്റ് അബുദാബിയിലും ആരംഭിക്കുന്നു. ക്യാമറകളും സെൻസറുകളും ഘടിപ്പിച്ച വാഹനം സ്മാർട് മുറികളിലിരുന്ന് ഇരുന്നാണു നിരീക്ഷിക്കുക. വാഹനം ഓടിക്കുന്നയാൾ വിവിധ സന്ദർങ്ങളിൽ സ്വീകരിക്കുന്ന യുക്തിവൈഭവം കൃത്യമായി വിലയിരുത്തും. പിഴവുകൾ സ്മാർട് സംവിധാനം സ്വമേധയാ രേഖപ്പെടുത്തും. പഠിതാവിന് ആവശ്യമെങ്കിൽ പിന്നീട് ഇത് പരിശോധിച്ച് തെറ്റ് മനസിലാക്കാനും അവസരമുണ്ട്.

അർഹർക്ക് ഉടൻ തന്നെ ലൈസൻസ് നൽകുകയും ചെയ്യും. സ്മാർട് ഡ്രൈവിങ് ടെസ്റ്റ് വാഹനം അബുദാബി പൊലീസ് മേധാവി മേജർ ജനറൽ ഫാരിസ് ഖലഫ് അൽ മസ്റൂഇ പരിശോധിച്ചു. പുതിയ സാങ്കേതിക വിദ്യ വാഹനാപകടം കുറയ്ക്കാൻ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു പരിശോധിക്കണമെന്ന് അൽ മസ്റൂഇ ആവശ്യപ്പെട്ടു. വീൽ, ബ്രേക്ക്, എൻജിൻ തുടങ്ങി വാഹനത്തിനകത്തും പുറത്തും സെൻസർ ഘടിപ്പിച്ചാണു സംവിധാനം പ്രവർത്തിക്കുന്നത്.

ടെസ്റ്റിനിടെ പരിശോധകരുടെ ഇടപെടൽ മൂലമോ മറ്റോ ഉണ്ടാകുന്ന തെറ്റ് മറികടക്കാനും ഇത്തരം പരിശോധനകളിലൂടെ സാധിക്കും. സംവിധാനം വ്യാപകമാകുന്നതോടെ പരിശീലകരുടെയും ഉദ്യോഗസ്ഥരുടെയും എണ്ണം കുറയ്ക്കാനാകും. കൂടുതൽ പേർക്ക് ടെസ്റ്റിന് അവസരം നൽകാനാവുമെന്നു മാത്രമല്ല പ്രവർത്തന ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കും. ആദ്യഘട്ടത്തിൽ അബുദാബി, അൽഐൻ, അൽദഫ്റ എന്നിവിടങ്ങളിലാണ് സ്മാർട് പരീക്ഷ നടത്തുക. 32 സ്മാർട് വാഹനങ്ങളാണ് ഇതിനായി ഇറക്കിയിരിക്കുന്നത്. ഇതിൽ 19 എണ്ണം സ്വതന്ത്രമായി ടെസ്റ്റ് നടത്താൻ ശേഷിയുള്ളവയാണ്. ബസ് ഡ്രൈവിങ് പരീക്ഷയ്ക്കായി 28 സ്മാർട് ബസുകളും വൈകാതെ കൊണ്ടുവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com